ഐസിസി ടെസ്റ്റ് റാങ്കിങ്; ജേസണ്‍ ഹോള്‍ഡര്‍ക്ക് ചരിത്രനേട്ടം

വെസ്റ്റിന്‍ഡീസ് ക്യാപ്റ്റനും പേസ് ബൗളറുമായ ജേസണ്‍ ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ 862 റേറ്റിങ് പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.
ഐസിസി ടെസ്റ്റ് റാങ്കിങ്; ജേസണ്‍ ഹോള്‍ഡര്‍ക്ക് ചരിത്രനേട്ടം

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ചരിത്രനേട്ടവുമായി വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍. വെസ്റ്റിന്‍ഡീസ് ക്യാപ്റ്റനും പേസ് ബൗളറുമായ ജേസണ്‍ ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ 862 റേറ്റിങ് പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒരു വെസ്റ്റിന്‍ഡീസ് ബൗളര്‍ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച റേറ്റിങ് പോയിന്റാണിത്. 2000-ത്തില്‍ കോട്‌നി വാല്‍ഷ് 866 റേറ്റിങ് പോയിന്റ് നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരെ ഒന്നാം ടെസ്റ്റില്‍ പുറത്തെടുത്ത ഗംഭീര ബൗളിങ് പ്രകടനമാണ് റാങ്കിങ്ങില്‍ അദ്ദേഹത്തിന് കരുത്തായത്. ആദ്യ ഇന്നിങ്‌സില്‍ ആറു വിക്കറ്റെടുത്ത ഹോള്‍ഡര്‍ മത്സരത്തിലാകെ ഏഴു വിക്കറ്റ് വീഴ്ത്തിയിരുന്നു. 485 റേറ്റിങ് പോയിന്റുമായി ഹോള്‍ഡര്‍ ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുണ്ട്. ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്ക്‌സാണ് രണ്ടാം സ്ഥാനത്ത്. ബാറ്റിങ് റാങ്കിങ്ങില്‍ ജോ റൂട്ടിനൊപ്പം ഒമ്പതാം റാങ്കിലുള്ള സ്റ്റോക്‌സാണ് ബൗളിങ് റാങ്കിങ്ങില്‍ 23-ാം സ്ഥാനത്തുള്ളത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മത്സരങ്ങളൊന്നും കളിക്കാതിരുന്ന ഇന്ത്യന്‍ താരങ്ങള്‍ ബാറ്റിങിലും ബൗളിങിലും തങ്ങളുടെ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ടെസ്റ്റ് ബാറ്റ്സ്മാന്‍മാരില്‍ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് ഒന്നാംസ്ഥാനത്തു തന്നെ തുടരുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി രണ്ടാമതുണ്ട്. ചേതേശ്വര്‍ പുജാര ഏഴാംസ്ഥാനത്തും അജിങ്ക്യ രഹാനെ ഒമ്പതാം സ്ഥാനത്തും തുടരുകയാണ്. അതേസമയം, ടെസ്റ്റ് ബൗളര്‍മാരില്‍ ടോപ്പ് 10 ലുള്ള ഏക ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com