വനിതാ ടി-20 ചലഞ്ച് കിരീടം ട്രെയിൽബ്ലേസേഴ്സിന്

119 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൂപ്പർനോവാസിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 102 റൺസെടുക്കാനേ സാധിച്ചുള്ളൂ
വനിതാ ടി-20 ചലഞ്ച് കിരീടം ട്രെയിൽബ്ലേസേഴ്സിന്

ഷാര്‍ജ: വനിതാ ടി-20 ചലഞ്ച് മൂന്നാം സീസൺ കിരീടം ട്രെയിൽബ്ലേസേഴ്സിന്. ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ടെത്തിയ സൂപ്പര്‍നോവാസിനെ 16 റണ്‍സിന് തകര്‍ത്താണ് ട്രെയില്‍ബ്ലെയ്‌സേഴ്‌സ് കന്നിക്കിരീടം സ്വന്തമാക്കിയത്.

119 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൂപ്പർനോവാസിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 102 റൺസെടുക്കാനേ സാധിച്ചുള്ളൂ. 30 റൺസെടുത്ത ഹർമൻപ്രീത് കൗർ ആണ് സൂപ്പർനോവാസിൻ്റെ ടോപ്പ് സ്കോറർ. ട്രെയിൽബ്ലേസേഴ്സിനായി സൽമ ഖാത്തൂൻ മൂന്നും ദീപ്തി ശർമ്മ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ട്രെയില്‍ബ്ലെയ്‌സേഴ്‌സ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 118 റണ്‍സെടുത്തത്. ഓപ്പണിങ് വിക്കറ്റില്‍ 67 പന്തില്‍ 71 റണ്‍സടിച്ച ശേഷം ട്രെയില്‍ബ്ലെയ്‌സേഴ്‌സ് തകരുകയായിരുന്നു. 49 പന്തില്‍ നിന്ന് മൂന്നു സിക്‌സും അഞ്ചു ഫോറുമടക്കം 68 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മൃതി മന്ദാനയാണ് ട്രെയില്‍ബ്ലെയ്‌സേഴ്‌സിന്റെ ടോപ് സ്‌കോറര്‍. ദിയാന്ദ്ര ഡോട്ടിന്‍ 20 രണ്‍സെടുത്തു.

പിന്നീട് വന്നവര്‍ക്ക് ആര്‍ക്കും തന്നെ ട്രെയില്‍ബ്ലെയ്‌സേഴ്‌സ് സ്‌കോറിലേക്ക് കാര്യമായി സംഭാവനചെയ്യാനായില്ല.

നാല് ഓവറില്‍ വെറും 16 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത രാധ യാദവാണ് ട്രെയില്‍ബ്ലെയ്‌സേഴ്‌സിനെ തകര്‍ത്തത്.

തകർച്ചയോടെയാാണ് സൂപ്പർനോവാസ് ഇന്നിംഗ്സ് ആരംഭിച്ചത്. രണ്ടാം ഓവറിൽ ചമരി അത്തപ്പട്ടു (6) പുറത്തായി. സോഫി എക്സ്ലസ്റ്റൺ അത്തപ്പട്ടുവിനെ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. ജമീമ റോഡ്രിഗസ് (13), തനിയ ഭാട്ടിയ (14), ശശികല സിരിവർധനെ (19) എന്നിവരൊക്കെ തുടക്കം കിട്ടിയിട്ടും മികച്ച സ്കോർ നേടാനാവാതെ പുറത്തായി. തനിയ ഭാട്ടിയയെയും ജമീമ റോഡ്രിഗസിനെയും ദീപ്തി ശർമ്മ പുറത്താക്കിയപ്പോൾ ശശികലയെ സൽമ ഖാത്തൂൻ പുറത്താക്കി.

ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൽ മാത്രമായിരുന്നു പിന്നീട് സൂപ്പർനോവാസിൻ്റെ പ്രതീക്ഷ. പക്ഷേ, കാലിനു പരുക്കേറ്റ ഹർമൻ ബുദ്ധിമുട്ടിയതോടെ സൂപ്പർ നോവാസും കഷ്ടത്തിലായി. ഇതിനിടെ 19ആം ഓവറിൽ അനുജ പാട്ടീൽ (8) റണ്ണൗട്ടായി. ആ ഓവറിൽ തന്നെ ഹർമൻപ്രീതും പുറത്തായതോടെ ട്രെയിൽബ്ലേസേഴ്സ് ജയം ഉറപ്പിച്ചു. 30 റൺസെടുത്ത ഹർമനെ സൽമ ഖാത്തൂൻ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ഓവറിലെ അഞ്ചാം പന്തിൽ പൂജ വസ്ട്രാക്കറും (0) പുറത്തായി.

Related Stories

Anweshanam
www.anweshanam.com