നേട്ടങ്ങളുടെ നെറുകയില്‍ ഫുട്ബോള്‍ ഇതിഹാസം 
Sports

നേട്ടങ്ങളുടെ നെറുകയില്‍ ഫുട്ബോള്‍ ഇതിഹാസം 

അര്‍ജന്‍റീനന്‍ ഫുട്ബോള്‍ താരം ലയണല്‍ മെസ്സിക്ക് 33ാം പിറന്നാള്‍

Harishma Vatakkinakath

Harishma Vatakkinakath

കാല്‍പന്തു കളിയില്‍ സമാനതകളില്ലാത്ത നേട്ടങ്ങളുമായി ആരാധകവൃത്തങ്ങളെ ത്രസിപ്പിച്ച അര്‍ജന്‍റീനന്‍ ഫുട്ബോള്‍ ഇതിഹാസം ലയണൽ ആൻഡ്രസ് മെസ്സി കുചീറ്റിനി എന്ന മെസ്സിക്ക് ഇന്ന് 33ാം പിറന്നാള്‍. ചെറു പ്രായത്തില്‍ തന്നെ ലോകത്തിലങ്ങോളമിങ്ങോളം ആരാധകരുള്ള മെസ്സി ഫുട്‌ബോള്‍ കരിയറില്‍ മറ്റാര്‍ക്കും എത്തിപ്പിടിക്കാനാകാത്ത നേട്ടങ്ങളാണ് ഇതുവരെ സ്വന്തമാക്കിയത്. പച്ച പുതച്ച പുല്‍ മൈതാനത്ത്, മെസ്സിയുടെ കാലുകള്‍ അത്ഭുതം തീര്‍ക്കുമ്പോള്‍ ഇത് ചരിത്രമാകുമെന്ന് കാറ്റലന്‍സ് ഒരു ദശാബ്ദത്തിനു മുന്‍പ് തന്നെ ഉറപ്പിച്ചതാണ്.

ഇൻമെസ്സിനന്‍റ് (Inmessionante)- ഏറ്റവും പൂർണമായ രീതിയിൽ ഫുട്ബോൾ കളിക്കുക എന്നാണ് ഈ വാക്കിന്‍റെ അര്‍ത്ഥം. മെസ്സിയുടെ കളിയെ വിശേഷിപ്പിക്കാൻ സൂചിപ്പിക്കുന്ന ഈ വാക്ക് താരത്തോടുള്ള ആദരസൂചകമായാണ് സ്പാനിഷ് നിഘണ്ടുവില്‍ ഇടം നേടുന്നത്. ഇത്തരത്തില്‍ ഫുട്ബോള്‍ ലോകത്തിന് പ്രചോദനമായ മെസ്സിയുടെ കരിയറിലെ പ്രധാന റെക്കോഡുകളിലേക്ക് ഒരു എത്തി നോട്ടം...

ലാലിഗ ചരിത്രത്തിലെ ഗോളുകളും ഹാട്രിക്കുകളും

ലാലിഗ മത്സരങ്ങളില്‍, 33 കാരനായ മെസ്സി വെറും 477 കളികളിൽ നിന്നായി 440 ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് മെസ്സിക്ക് തൊട്ടു പിന്നില്‍ ഇടം പിടിച്ചിട്ടുള്ളത്. 292 കളികളില്‍ നിന്ന് 311 ഗോളാണ് ക്രിസ്റ്റ്യാനോയുടെ നേട്ടം. 2004 മുതല്‍ ലാലിഗയില്‍ കളിച്ചു തുടങ്ങിയ മെസ്സി 36 ഹാട്രിക്കുകളും സ്വന്തമാക്കി. 34 ഹാട്രിക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെയാണ് മെസ്സിയെ ഈ നേട്ടത്തിലും പിന്തുടരുന്നത്.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍

2012 ല്‍ ബാഴ്സലോണയ്ക്കു വേണ്ടി 79 തവണയും, അര്‍ജന്‍റീനയ്ക്ക് വേണ്ടി 12 തവണയുമാണ് മെസ്സി ഗോള്‍ വല കുലക്കിയത്. അതായത് ഒരു വര്‍ഷം മൊത്തം 91 ഗോളുകള്‍. 1972 ൽ ഗെർഡ് മുള്ളര്‍ നേടിയ റെക്കോഡിനെ പിന്തള്ളിയായിരുന്നു മെസ്സിയുടെ കുതിപ്പ്. 85 ഗോളുകളാണ് മുള്ളര്‍ നേടിയത്. ലാലിഗയിൽ 59, ചാമ്പ്യൻസ് ലീഗിൽ 13, കോപ ഡെൽ റേയിൽ 5, സ്പാനിഷ് സൂപ്പർ കപ്പിൽ 2 എന്നിങ്ങനെയാണ് ബാഴ്സയ്ക്ക് വേണ്ടി നേടിയ 79 ഗോളുകളുടെ കണക്ക്. 91 ഗോളുകൾക്ക് പുറമെ, 24 അസിസ്റ്റുകളും ചേര്‍ത്താല്‍ ആ കലണ്ടര്‍ വര്‍ഷം 115 ഗോളുകളില്‍ മെസ്സി തന്‍രെ പേര് അടയാളപ്പെടുത്തി.

ബാലന്‍ ഡി ഓര്‍ പുരസ്കാരങ്ങളും ഗോള്‍ഡണ്‍ ബൂട്ടും

ബാലന്‍ ഡി ഓര്‍ പരസ്കാരങ്ങള്‍ക്ക് വേണ്ടി ലയണൽ മെസ്സി-ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരമാണ് ഏതൊരു സീസണിനെയും ആവേശമാക്കുന്നത്. 2013, 2014, 2016, 2017 വര്‍ഷങ്ങളില്‍ ക്രിസ്റ്റ്യാനോയ്ക്ക് പുരസ്കാരങ്ങള്‍ നഷ്ടമായപ്പോള്‍ മെസ്സി അംഗീകാരങ്ങളോടെ വീണ്ടും അരങ്ങുവാണു.

2009 നും 2012 നും ഇടയിൽ തുടർച്ചയായി നാല് വർഷക്കാലമാണ് മെസ്സി, പ്രശസ്തമായ ഗോൾഡൻ ബോൾ നേടുന്നത്. 2015ലും, 2019ലും ഗോള്‍ഡണ്‍ ബോള്‍ നേടിയതോടെ മെസ്സിയുടെ പേരില്‍ ചരിത്രം അടയാളപ്പെടുത്തിയത് മൊത്തം 6 സുവര്‍ണ്ണ പന്തുകളായിരുന്നു. ക്രിസ്റ്റ്യാനോയ്ക്ക് അഞ്ചും. അതുപോലെ, ഏറ്റവും കൂടുതൽ ഗോൾഡൻ ബൂട്ടുകൾ നേടിയ റെക്കോർഡും മെസ്സി സ്വന്തമാക്കി. മുൻനിര യൂറോപ്യൻ സ്കോറര്‍ക്കു നല്‍കുന്ന ബഹുമതി ആറ് തവണയാണ് അദ്ദേഹം നേടിയത്. എന്നാല്‍ 2019-20 വര്‍ഷത്തെ ഗോൾഡൻ ബൂട്ടിനായുള്ള മൽസരത്തിൽ ആറാം സ്ഥാനത്തായിരുന്നു അദ്ദേഹം.

ലാലിഗ സീസണിലെ ഏറ്റവും കൂടുതൽ ഗോളുകൾ

2011-12 വര്‍ഷത്തെ ലാലിഗ സീസണിൽ ജോസ് മൗറീഞ്ഞോയുടെ റയൽ മാഡ്രിഡിനോട് കീഴടങ്ങി ബാഴ്‌സലോണയ്ക്ക് ലാലിഗ കിരീടം നഷ്ടമായെങ്കിലും, മെസ്സിയെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ ഒരു സീസണായിരുന്നു അത്. ആ വർഷം ലീഗിൽ ഈ അര്‍ജന്‍റീനന്‍ ഇതിഹാസം 50 ഗോളുകൾ നേടി. അതിശയകരമായ ഈ നേട്ടത്തിന് മെസ്സിക്ക് പിച്ചിച്ചി ട്രോഫിയും ലഭിച്ചിരുന്നു, ഇതുവരെ തകർക്കപ്പെടാത്ത ഒരു റെക്കോർഡാണിത്.

ഇതേ സീസണില്‍ മെസ്സിക്ക് ഭീഷണിയായത് സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെയാണ്, എന്നാല്‍ 46 സ്‌ട്രൈക്കുകളുമായി അദ്ദേഹത്തിന് പിന്‍വാങ്ങേണ്ടി വന്നു.

യുവേഫ ചാമ്പ്യൻസ് ലീഗ് ഗോളുകളും ഹാട്രിക്കുകളും

നാല് വ്യത്യസ്ത അവസരങ്ങളിൽ അര്‍ജന്‍റീനന്‍ ക്യാപ്റ്റന്‍ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുണ്ട്, കൂടാതെ മത്സരങ്ങളില്‍ നിരവധി റെക്കോർഡുകളും കരസ്ഥമാക്കി. യു‌സി‌എൽ ചരിത്രത്തിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ തവണ ഗോള്‍ വല കുലുക്കിയ മെസ്സിയുടെ റെക്കോഡ് 68 ഗോളുകളാണ്. 16 മത്സരങ്ങളിൽ സമാനമായ റെക്കോർഡ് സ്വന്തമാക്കിയ മെസ്സി, 29 മത്സരങ്ങളിൽ നിന്ന് 26 സ്ട്രൈക്കുകൾ നേടി.

ബാഴ്സലോണയുടെ കിരീടാധിപന്‍

ബാഴ്‌സലോണയുമായുള്ള ദീർഘവും വിശിഷ്ടവുമായ ബന്ധത്തിനിടയിൽ, മെസ്സി നിരവധി പട്ടങ്ങള്‍ സ്വീകരിച്ചു. ചുരക്കി പറഞ്ഞാല്‍ ക്ലബ്ബ് മത്സരങ്ങളില്‍ ലഭ്യമായ എല്ലാ ട്രോഫികളും മെസ്സി സ്വന്തമാക്കിയിട്ടുണ്ടെന്ന് സാരം.

പത്ത് ലാ ലിഗാ കിരീടങ്ങൾ, നാല് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, ആറ് കോപാസ് ഡെൽ റേ എന്നിവയുൾപ്പെടെ 34 ട്രോഫികൾ മെസ്സി നേടിയിട്ടുണ്ട്. ആറ് സൂപ്പർകോപാസ് ഡി എസ്പാന, മൂന്ന് ഫിഫ ക്ലബ് ലോകകപ്പുകൾ, മൂന്ന് യുവേഫ സൂപ്പർ കപ്പുകൾ തുടങ്ങി ഫുട്ബോളിലെ എക്കാലത്തെയും മികച്ച നേട്ടങ്ങൾ മെസ്സിക്ക് സ്വന്തം.

കൂടുതല്‍ ലാലിഗാ കിരീടങ്ങള്‍ നേടുന്ന വിദേശ കളിക്കാരൻ

10 ലാലിഗ കിരീടങ്ങൾ സ്വന്തമാക്കിയ മെസ്സി, സ്പാനിഷ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലാലിഗ കിരീടങ്ങൾ നേടുന്ന വിദേശി കളിക്കാരനാണ്. മുൻ റയൽ മാഡ്രിഡ് ഇതിഹാസം പാക്കോ ജെന്റോ തന്‍റെ 18 വര്‍ഷക്കാലത്തെ മികച്ച പ്രകടനത്തില്‍ 12 ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കിയിരുന്നു. എക്കാലത്തെയും റെക്കോഡോയി നിലനില്‍ക്കുന്ന ഈ സംഖ്യയാണ് മെസ്സിയുടെ അടുത്ത ലക്ഷ്യം.

പ്രായം ഒരുതരത്തിലും മങ്ങലേല്‍പ്പിക്കാത്ത അസാമാന്യ പ്രതിഭയായാണ് മെസ്സി വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ 40 വയസുവരെയെങ്കിലും നിലവിലെ ഫോമില്‍ മെസ്സിക്ക് കളിക്കളത്തില്‍ തുടരാന്‍ കഴിയുമെന്നും ഫുട്‌ബോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ പല ദീര്‍ഘകാല റെക്കോഡുകളും തിരുത്തി എഴുതേണ്ടി വരും.

Anweshanam
www.anweshanam.com