ഇഗ സ്വിയാറ്റെക്കിന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം

ഈ വിജയത്തോടെ ആദ്യമായി ഗ്രാന്‍ഡ്സ്ലാം നേടുന്ന പോളിഷ് വനിതാതാരം എന്ന റെക്കോഡ് ഇഗ സ്വന്തമാക്കി.
ഇഗ സ്വിയാറ്റെക്കിന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം

പാരീസ്: പോളണ്ടിന്റെ കൗമാരതാരം ഇഗ സ്വിയാറ്റെക്കിന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം. പത്തൊന്‍പതുകാരിയായ ഇഗ സ്വിയാറ്റെക്ക് ഫൈനലില്‍ അമേരിക്കയുടെ സോഫിയ കെനിനെ തോല്‍പ്പിച്ചാണ് കന്നിക്കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ ആരുജയിച്ചാലും അത് പുതിയൊരു ചരിത്രമാകുമെന്നുറപ്പിച്ചാണ് ഇരുവരും കലാശപ്പോരാട്ടത്തിന് ഇറങ്ങിയത്. സോഫിയയെ 6-4, 6-1 എന്ന സ്‌കോറിനാണ് ഇഗ തോല്‍പ്പിച്ചത്.

സീഡില്ലാതാരമായ ഇഗ കളിയുടെ സര്‍വ മേഖലയിലും സോഫിയയേക്കാള്‍ മുന്‍പന്തിയിലായിരുന്നു. ഈ വിജയത്തോടെ ആദ്യമായി ഗ്രാന്‍ഡ്സ്ലാം നേടുന്ന പോളിഷ് വനിതാതാരം എന്ന റെക്കോഡ് ഇഗ സ്വന്തമാക്കി. ടൂര്‍ണമെന്റിലുടനീളം ഒരു സെറ്റ് പോലും വിട്ടുനല്‍കാതെയാണ് ഇഗ കിരീടം നേടിയത്. 2007-ല്‍ ജസ്റ്റിന്‍ ഹെനിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് ഇഗ.

സിമോണ ഹാലെപ്, മാര്‍ക്കേറ്റ വോന്‍ഡ്രൗസോവ തുടങ്ങിയ മുന്‍നിര താരങ്ങളെ വീഴ്ത്തിയാണ് ഇഗ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. തന്റെ കരിയറിലെ രണ്ടാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യം വെച്ചാണ് സോഫിയ ഇന്ന് കളിക്കാനിറങ്ങിയത്. ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മുത്തമിട്ടത് സോഫിയയാണ്. ഇടത്തേ കാലിനേറ്റ പരിക്ക് അവഗണിച്ചാണ് സോഫിയ ഇന്ന് കളിക്കാനിറങ്ങിയത്. അത് മത്സരത്തില്‍ പ്രകടമായിരുന്നു.

Related Stories

Anweshanam
www.anweshanam.com