ഇഞ്ചോടിഞ്ച് പോരാട്ടം; ഒടുവില്‍ ബാംഗ്ലൂരിനെ തകര്‍ത്ത് സണ്‍റൈസേഴ്‌സ് ക്വാളിഫയറില്‍

132 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് 19.4 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു
ഇഞ്ചോടിഞ്ച് പോരാട്ടം; ഒടുവില്‍ ബാംഗ്ലൂരിനെ തകര്‍ത്ത് സണ്‍റൈസേഴ്‌സ് ക്വാളിഫയറില്‍

ഐപിഎൽ എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ജയം. 132 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് 19.4 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. ജയത്തോടെ ഹൈദരാബാദ് ഡൽഹി ക്യാപിറ്റൽസിനെതിരായ രണ്ടാം ക്വാളിഫയറിൽ കളിക്കാൻ യോഗ്യത നേടി. ബാംഗ്ലൂർ പുറത്തായി.

50 റൺസെടുത്ത കെയിൻ വില്ല്യംസണാണ് ബാംഗ്ലൂരിനെ ജയത്തിലേക്ക് നയിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂര്‍ അര്‍ധസെഞ്ചുറി നേടിയ ഡിവില്ലിയേഴ്‌സിന്റെ കരുത്തിലാണ് 131 റണ്‍സെടുത്തത്. 43 പന്തുകളില്‍ നിന്നും 56 റണ്‍സാണ് താരം നേടിയത്.

അവസാന ഓവറില്‍ മികച്ച പ്രകടനം പുറത്തെടുത്ത സൈനിയും സിറാജുമാണ് സ്‌കോര്‍ 130 കടക്കാന്‍ സഹായിച്ചത്.

സണ്‍റൈസേഴ്‌സിനായി ജേസണ്‍ ഹോള്‍ഡര്‍ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ നടരാജന്‍ രണ്ടുവിക്കറ്റ് വീഴ്ത്തി. നദീം ഒരു വിക്കറ്റ് സ്വന്തമാക്കി.

ബാംഗ്ലൂരിനെപ്പോലെ ഹൈദരാബാദിനും മോശം തുടക്കമാണ് ലഭിച്ചത്. ശ്രീവത്സ ഗോസ്വാമി (0) ആദ്യ ഓവറിൽ തന്നെ പുറത്തായി. മൂന്നാം നമ്പറിലെത്തിയ മനീഷ് പാണ്ഡെ ആക്രമണ മോഡിലായിരുന്നു. വാർണറും കൃത്യമായ ഇടവേളകളിൽ ബൗണ്ടറികൾ കണ്ടെത്തിയതോടെ സ്കോർ കുതിച്ചു. പവർ പ്ലേയിലെ അവസാന ഓവറിൽ വീണ്ടും സിറാജ് ബാംഗ്ലൂരിനു ബ്രേക്ക്‌ത്രൂ നൽകി. ഡേവിഡ് വാർണർ (17) എബി ഡിവില്ല്യേഴ്സിൻ്റെ കൈകളിൽ അവസാനിച്ചതോടെ ആർസിബി മത്സരത്തിലേക്ക് തിരികെ എത്തി. പാണ്ഡെയുമായി 41 റൺസിൻ്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ പങ്കാളിയായതിനു ശേഷമാണ് വാർണർ മടങ്ങിയത്.

നാലാം നമ്പറിൽ വില്ല്യംസൺ എത്തി. 9ആം ഓവറിൽ പാണ്ഡെ പുറത്തായി. 24 റൺസെടുത്ത പാണ്ഡെയെ സാമ്പയുടെ പന്തിൽ ഡിവില്ല്യേഴ്സ് പിടികൂടുകയായിരുന്നു. പ്രിയം ഗാർഗ് (7) വേഗം പുറത്തായി. ഗാർഗിനെ ചഹാൽ സാമ്പയുടെ കൈകളിൽ എത്തിക്കുകയായിരുന്നു.

അഞ്ചാം വിക്കറ്റിൽ ക്രീസിൽ ഒത്തുചേർന്ന വില്ല്യംസൺ-ഹോൾഡർ സഖ്യം മികച്ച കൂട്ടുകെട്ടുയർത്തി. 44 പന്തുകളിൽ വില്ല്യംസൺ ഫിഫ്റ്റി തികച്ചു. ഇരുവരും ചേർന്ന് നേടിയ 65 റൺസിൻ്റെ അപരാജിതമായ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ഹൈദരാബാദിനെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു. വില്ല്യംസൺ (50), ഹോൾഡർ (24) എന്നിവർ പുറത്താവാതെ നിന്നു.

ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്ത്തി.

Related Stories

Anweshanam
www.anweshanam.com