2011 ഏകദിന ലോകകപ്പ് ഫൈനല്‍ ഒത്തുകളിയോ ??
Sports

2011 ഏകദിന ലോകകപ്പ് ഫൈനല്‍ ഒത്തുകളിയോ ??

2011ലെ ഇന്ത്യ-ശ്രീലങ്ക ലോകകപ്പ്​ ക്രിക്കറ്റ് ഫൈനൽ​ മൽസരം ഒത്തുകളിയാണെന്ന ആരോപണവുമായി മുൻ ശ്രീലങ്കൻ കായികമന്ത്രി മഹീന്ദനന്ദ അലുത്​ഗാംഗെ

Sreehari

കൊളംബോ: ​2011ലെ ഇന്ത്യ-ശ്രീലങ്ക ലോകകപ്പ്​ ക്രിക്കറ്റ് ഫൈനൽ​ മൽസരം ഒത്തുകളിയാണെന്ന ആരോപണവുമായി മുൻ ശ്രീലങ്കൻ കായികമന്ത്രി മഹീന്ദനന്ദ അലുത്​ഗാംഗെ. ഫൈനലില്‍ ശ്രീലങ്ക ഇന്ത്യക്ക് മുന്നില്‍ മനപൂര്‍വം തോറ്റുകൊടുക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു ശ്രീലങ്കന്‍ ചാനലിനോട് സംസാരിക്കവേയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്.

''ശ്രീലങ്ക ലോകകപ്പ് ഇന്ത്യക്ക് വില്‍ക്കുകയായിരുന്നു. ലങ്കയാണ് ജയിക്കേണ്ടിയിരുന്നത്. എന്നാല്‍ ഞങ്ങള്‍ ലോകകപ്പ് ഇന്ത്യക്ക് വിറ്റു. ഇതിപ്പോള്‍ എനിക്ക് പറയമമെന്ന് തോന്നി. ഒരു താരത്തെയും ഈ ഫിക്‌സിംഗുമായി ഞാന്‍ ബന്ധപ്പെടുത്തുന്നില്ല. എന്നാല്‍ ടീം തിരഞ്ഞെടുപ്പിന് ഇതില്‍ പങ്കുണ്ട്. ഈ കോഴയില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എനിക്ക് ഇപ്പോള്‍ പറയാനാവില്ല.'' അദ്ദേഹം പറഞ്ഞു.

2010 മുതൽ 2015 വരെ അലുത്​ഗാംഗെയായിരുന്നു ശ്രീലങ്കയുടെ കായക മന്ത്രി.

നേരത്തെ മുൻ ശ്രീലങ്കൻ ക്യാപ്​റ്റൻ അർജുന രണതുംഗയും സമാന ആരോപണം ഉന്നയിച്ചിരുന്നു. ഏപ്രിൽ രണ്ടിന്​ നടന്ന ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ ആറ്​ വിക്കറ്റിന്​ തകർത്തിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സാണ് നേടിയത്. എന്നാല്‍ 49-ാം ഓവറില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു.

അതേസമയം, ഒത്തുകളി നടന്നിട്ടുണ്ടെങ്കിൽ അതിൻെറ തെളിവുകൾ മന്ത്രി പുറത്ത്​ വിടണമെന്ന്​ ശ്രീലങ്കൻ മുൻ ക്രിക്കറ്റ്​ താരം കുമാർ സംഗക്കാരെ പറഞ്ഞു.

അഴിമതി വിവാദങ്ങളിൽ പതിവായി ഉൾപ്പെടാറുള്ള ടീമാണ് ശ്രീലങ്ക. 2018 ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ മാച്ച് ഫിക്സിംഗ് വിവാദത്തില്‍ ശ്രീലങ്ക ഉള്‍പ്പെട്ടിട്ടുണ്ട്. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട്, പേര് വെളിപ്പെടുത്താത്ത മൂന്ന് മുൻ കളിക്കാര്‍ക്കെതിരെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അന്വേഷണം നടത്തുന്നുണ്ട്. മാച്ച് ഫിക്സിംഗിനായി ശ്രീലങ്ക കടുത്ത ശിക്ഷാനടപടികൾ അവതരിപ്പിക്കുകയും സ്പോർട്സ് വാതുവയ്പ്പ് നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്തിട്ടുണ്ട്.

ലിമിറ്റഡ് ഓവർ ലീഗുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ മുൻ ശ്രീലങ്കൻ ഫാസ്റ്റ് ബോളർ ദിൽഹാര ലോകുഹെറ്റിഗെയെ 2018 ൽ സസ്പെൻഡ് ചെയ്തിരുന്നു. ശ്രീലങ്കൻ മുൻ നായകൻ സനത് ജയസൂര്യ, മുൻ പേസർ നുവാൻ ജൊയ്സ എന്നിവര്‍ക്ക് എതിരെ നേരത്തെ ഐസിസി അഴിമതി വിരുദ്ധ കോഡ് പ്രകാരം കേസെടുത്തിരുന്നു

മാച്ച് ഫിക്സിംഗ് അന്വേഷണവുമായി സഹകരിക്കാത്തതിനെ തുടര്‍ന്ന്‍ ജയസൂര്യ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും രണ്ട് വർഷത്തേക്ക് വിലക്കുകയും ചെയ്തു. മാച്ച് ഫിക്സിംഗുമയി ബന്ധപ്പെട്ട് സോയ്‌സയെ സസ്‌പെൻഡും ചെയ്തിരുന്നു.

Anweshanam
www.anweshanam.com