എറിഞ്ഞ് ഒതുക്കി ബൗളര്‍മാര്‍; ബാംഗ്ലൂരിന് 82 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

195 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് എടുക്കാനേ സാധിച്ചുള്ളൂ

എറിഞ്ഞ് ഒതുക്കി ബൗളര്‍മാര്‍; ബാംഗ്ലൂരിന് 82 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

ഷാര്‍ജ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 82 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. 195 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. 34 റൺസെടുത്ത ശുഭ്മൻ ഗിൽ ആണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. ബാംഗ്ലൂരിനായി പന്തെറിഞ്ഞ എല്ലാവരും വിക്കറ്റുകള്‍ നേടി.

ബാംഗ്ലൂരിനായി നാല് ഓവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ യൂസ്‌വേന്ദ്ര ചാഹലും നാല് ഓവറില്‍ 20 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടണ്‍ സുന്ദറും മികച്ച പ്രകടനം പുറത്തെടുത്തു. ക്രിസ് മോറിസ് നാല് ഓവറില്‍ വെറും 17 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തി. ബാംഗ്ലൂരിനായി പന്തെടുത്തവരെല്ലാം വിക്കറ്റെടുത്തു.

195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിരയില്‍ ശുഭ്മാന്‍ ഗില്‍ ഒഴികെ ആര്‍ക്കും തന്നെ കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല. 25 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും മൂന്നു ഫോറുമടക്കം 34 റണ്‍സെടുത്ത ഗില്ലാണ് കൊല്‍ക്കത്ത നിരയിലെ ടോപ് സ്‌കോറര്‍.

സീസണിലെ ആദ്യ മത്സരം കളിക്കുന്ന ടോം ബാന്റണ്‍ (8), നിതീഷ് റാണ (9), ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്ക് (1), ഓയിന്‍ മോര്‍ഗന്‍ (8) എന്നിവരെ രണ്ടക്കം കാണാന്‍ പോലും ബാംഗ്ലൂര്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല.

അവസാന പ്രതീക്ഷയായിരുന്ന ആന്ദ്രേ റസ്സല്‍ ഇസുരു ഉദാനയുടെ 14-ാം ഓവറില്‍ തകര്‍ത്തടിച്ചെങ്കിലും ഓവറിലെ അഞ്ചാം പന്തില്‍ പുറത്തായതോടെ കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. 10 പന്തില്‍ ഒരു സിക്‌സും രണ്ടു ഫോറുമടക്കം 16 റണ്‍സ് മാത്രമായിരുന്നു റസ്സലിന്റെ സമ്പാദ്യം.

രാഹുല്‍ ത്രിപാഠി (16), പാറ്റ് കമ്മിന്‍സ് (1), കമലേഷ് നാഗര്‍കോട്ടി (4) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് 194 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ എ ബി ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സാണ് ബാംഗ്ലൂരിനെ 194-ല്‍ എത്തിച്ചത്. തകര്‍ത്തടിച്ച ഡിവില്ലിയേഴ്‌സ് 33 പന്തുകള്‍ നേരിട്ട് 5 സിക്‌സും 6 ഫോറുമടക്കം 73 റണ്‍സോടെ പുറത്താകാതെ നിന്നു.

മൂന്നാം വിക്കറ്റില്‍ ഡിവില്ലിയേഴ്‌സ് - വിരാട് കോലി കൂട്ടുകെട്ട് 100 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. അവസാന അഞ്ച് ഓവറില്‍ 83 റണ്‍സാണ് ബാംഗ്ലൂര്‍ അടിച്ചുകൂട്ടിയത്.

Related Stories

Anweshanam
www.anweshanam.com