രാജകീയ തുടക്കം; സണ്‍റൈസേഴ്സിനെ 10 റണ്‍സിന് തകര്‍ത്ത് ആര്‍.സി.ബി

ബാംഗ്ലൂര്‍ ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് 19.4 ഓവറില്‍ 153 റണ്‍സിന് ഓള്‍ഔട്ടായി
രാജകീയ തുടക്കം; സണ്‍റൈസേഴ്സിനെ 10 റണ്‍സിന് തകര്‍ത്ത് ആര്‍.സി.ബി

ദുബായ്: ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 10 റണ്‍സിന്റെ ജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് 19.4 ഓവറില്‍ 153 റണ്‍സിന് ഓള്‍ഔട്ടായി.

അര്‍ധ സെഞ്ചുറി നേടിയ ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്‌റ്റോയുടെ മികവില്‍ ഒരു ഘട്ടത്തില്‍ മികച്ച നിലയിലായിരുന്ന ഹൈദരാബാദ് പിന്നീട് കളി കൈവിടുകയായിരുന്നു. യൂസ്‌വേന്ദ്ര ചാഹലിന്റെ സ്‌പെല്ലാണ് കളി ബാംഗ്ലൂരിന് അനുകൂലമാക്കി തിരിച്ചത്.

ഹൈദരാബാദിനായി ജോണി ബെയർസ്റ്റോ അർധസെഞ്ചുറി നേടിയെങ്കിലും മധ്യനിരയും വാലറ്റവും അപ്പാടെ തകർന്നതാണ് തിരിച്ചടിയായത്. ബാംഗ്ലൂരിനായി യുസ്‍വേന്ദ്ര ചാഹൽ മൂന്നു വിക്കറ്റുകൾ വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയൽ ചാലഞ്ചേഴ്സ് നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. ദേവ്ദത്ത് പടിക്കലിന്റെയും എ ബി ഡി വില്ലിയേഴ്സിന്റെയും അർധ സെഞ്ചുറികളാണ് ബാംഗ്ലൂരിനെ മെച്ചപ്പെട്ട സ്കോറിലേക്കു നയിച്ചത്.

ആരോണ്‍ ഫിഞ്ചിനൊപ്പം ബാംഗ്ലൂരിന് മികച്ച തുടക്കം സമ്മാനിച്ച ദേവദത്ത് 42 പന്തില്‍ നിന്ന് എട്ടു ഫോറുകള്‍ സഹിതം 56 റണ്‍സെടുത്താണ് മടങ്ങിയത്. ഓപ്പണിങ് വിക്കറ്റില്‍ ആരോണ്‍ ഫിഞ്ച് - ദേവദത്ത് സഖ്യം 66 പന്തില്‍ നിന്ന് 90 റണ്‍സ് ബാംഗ്ലൂര്‍ സ്‌കോറിലേക്ക് ചേര്‍ത്തു.

അടുത്തടുത്ത പന്തുകളില്‍ ദേവദത്തും ഫിഞ്ചും മടങ്ങിയത് ബാംഗ്ലൂരിന്റെ സ്‌കോറിങ്ങിനെ ബാധിച്ചു. 27 പന്തില്‍ രണ്ടു സിക്‌സും ഒരു ഫോറുമടക്കം 29 റണ്‍സെടുത്താണ് ഫിഞ്ച് മടങ്ങിയത്.

പിന്നീട് 30 പന്തില്‍ 51 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സാണ് സ്‌കോര്‍ 150 കടത്തിയത്. ക്യാപ്റ്റന്‍ കോലി 14 റണ്‍സെടുത്തു.

Related Stories

Anweshanam
www.anweshanam.com