ലോകത്തിലെ മികച്ച ഫീല്‍ഡര്‍ ആ ഇന്ത്യന്‍ താരമെന്ന് സ്റ്റീവ് സ്മിത്ത്
Sports

ലോകത്തിലെ മികച്ച ഫീല്‍ഡര്‍ ആ ഇന്ത്യന്‍ താരമെന്ന് സ്റ്റീവ് സ്മിത്ത്

ലോകക്രിക്കറ്റിലെ നിലവിലെ ഫീല്‍ഡര്‍ ആരെന്ന പ്രഖ്യാപനം നടത്തി ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്

Sreehari

മെല്‍ബണ്‍: ലോകക്രിക്കറ്റിലെ നിലവിലെ ഫീല്‍ഡര്‍ ആരെന്ന പ്രഖ്യാപനം നടത്തി ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. സ്മിത്ത് തന്റെ മാര്‍ക്ക് നല്‍കിയിരിക്കുന്നത് ഇന്ത്യന്‍ താരമായ രവീന്ദ്ര ജഡേജക്കാണ്. ഏത് കാലാവസ്ഥയിലും ഏതു രാജ്യത്തും ഫീല്‍ഡിംഗില്‍ തിളങ്ങുന്ന ശാരീരിക ക്ഷമത നിലവില്‍ ജഡേജയ്ക്കാണുള്ളതെന്ന് സ്മിത്ത് പറഞ്ഞു..

ഞായറാഴ്ച ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംസാരിക്കവെ ആണ് സ്മിത്ത് സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡറെ തെരഞ്ഞെടുത്തത്. ആരാണ് ഏറ്റവും മികച്ച ഫീല്‍ഡറെന്ന ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ ജഡേജയെന്ന് സ്മിത്ത് മറുപടി നല്‍കി. നിലവിലെ ഇന്ത്യന്‍ യുവതാരങ്ങളില്‍ ഏറ്റവും കൂടുതല്‍ മതിപ്പ് തോന്നിയ താരം കെ എല്‍ രാഹുലാണെന്നും ഒരു ചോദ്യത്തിന് മറുപടിയായി സ്മിത്ത് പറഞ്ഞു.

ലോകക്രിക്കറ്റില്‍ പ്രതിഭകള്‍ വളരാന്‍ ഏറ്റവും യോജിച്ച ടൂര്‍ണ്ണമെന്റ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗാണെന്നും സ്മിത്ത് പറഞ്ഞു. കാണികളുടെ വന്‍പിന്തുണകിട്ടുന്നത് ഇന്ത്യയില്‍ കളിനടക്കുന്നതിനാലാണ്. മിക്കവാറും എല്ലാ രാജ്യത്തെ താരങ്ങളും കളിക്കുന്ന പ്രീമിയര്‍ ലീഗിലൂടെ താരങ്ങള്‍ക്ക് നല്ല പരിശീലനമാണ് ലഭിക്കുകയെന്നും സ്മിത്ത് പറഞ്ഞു.

ആഷസില്‍ ഇംഗ്ലണ്ടിനെതിരെ ബര്‍മിംഗ്ഹാമില്‍ നേടിയ സെഞ്ചുറിയാണ്(144) ഏറ്റവും ഇഷ്ടപ്പെട്ട ടെസ്റ്റ് സെഞ്ചുറിയെന്നും സ്മിത്ത് വ്യക്തമാക്കി. ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ധോണി ഒരു ഇതിഹാസമാണെന്നും മിസ്റ്റര്‍ കൂളാണെന്നുമായിരുന്നു സ്മിത്തിന്റെ മറുപടി. ബാറ്റിംഗിന്റെ കാര്യമെടുത്താല്‍ നായകന്‍ വിരാട് കോലി 'ഫ്രീക്ക്' ആണെന്നും സ്മിത്ത് പറഞ്ഞു.

Anweshanam
www.anweshanam.com