അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് മോറിസ്; രാജസ്ഥാന് മൂന്നു വിക്കറ്റ് ജയം

ഡല്‍ഹി ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ 19.4 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി
അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് മോറിസ്; രാജസ്ഥാന് മൂന്നു വിക്കറ്റ് ജയം

മുംബൈ: ഇന്ന് നടന്ന ഐപിഎല്‍ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ മൂന്നു വിക്കറ്റിന് തകര്‍ത്ത് സീസണിലെ ആദ്യ വിജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച ഡേവിഡ് മില്ലറും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ക്രിസ് മോറിസുമാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്.

ഡല്‍ഹി ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ 19.4 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. ഒരു ഘട്ടത്തില്‍ വലിയ ബാറ്റിങ് തകര്‍ച്ച നേരിട്ട രാജസ്ഥാനെ മില്ലറും മോറിസും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. മില്ലര്‍ 62 റണ്‍സെടുത്തു. ക്രിസ് മോറിസ് 18 പന്തുകളില്‍ നിന്നും നാല് സിക്‌സിന്റെ അകമ്പടിയോടെ 36 റണ്‍സും ഉനദ്കട്ട് 11 റണ്‍സും നേടി പുറത്താവാതെ നിന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസന്‍ വെറും 4 റണ്‍സ് മാത്രമാണ് നേടിയത്. രാജസ്ഥാന്റെ ജയ്ദേവ് ഉനദ്കട്ട് മാൻ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.

ഡല്‍ഹിയ്ക്കായി ആവേശ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്രിസ് വോക്‌സും കഗിസോ റബാദയും രണ്ട് വിക്കറ്റുകള്‍ വീതം നേടി.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത രാജസ്ഥാന്‍ ബൗളര്‍മാരാണ് ഡല്‍ഹിയെ ചെറിയ സ്‌കോറിലൊതുക്കിയത്. അര്‍ധസെഞ്ചുറി നേടിയ നായകന്‍ ഋഷഭ് പന്ത് മാത്രമാണ് ഡല്‍ഹിയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്.

അവസാന ഓവറുകളില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ടോം കറനും ക്രിസ് വോക്‌സും ചേര്‍ന്നാണ് ഡല്‍ഹിയെ മാന്യമായ സ്‌കോറിലെത്തിച്ചത്. ടോം കറന്‍ 21 റണ്‍സും വോക്‌സ് 15 റണ്‍സുമെടുത്തു.

രാജസ്ഥാന് വേണ്ടി ജയ്‌ദേവ് ഉനദ്കട്ട് നാലോവറില്‍ വെറും 15 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നുവിക്കറ്റുകള്‍ വീഴ്ത്തി. മുസ്താഫിസുര്‍ റഹ്മാന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ക്രിസ് മോറിസ് ഒരു വിക്കറ്റ് സ്വന്തമാക്കി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com