71-ാം ജന്മദിനം; 35 കുട്ടികളുടെ ഹൃദയശസ്ത്രക്രിയ ഏറ്റെടുത്ത് സുനിൽ ഗാവസ്കർ
Sports

71-ാം ജന്മദിനം; 35 കുട്ടികളുടെ ഹൃദയശസ്ത്രക്രിയ ഏറ്റെടുത്ത് സുനിൽ ഗാവസ്കർ

ലോകം കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാന്മാരിൽ ഒരാളാണ് സുനിൽ ഗാവസ്കർ.

By Ruhasina J R

Published on :

71-ാം ജന്മദിനത്തിൽ 35 കുട്ടികളുടെ ഹൃദയശസ്ത്രക്രിയ സ്പോൺസർ ചെയ്ത് മുൻ ഇന്ത്യൻ ഇതിഹാസം സുനിൽ ഗാവസ്കർ. ബീഹാറിലെ കാർഘറിലുള്ള ശ്രീ സത്യ സായി സഞ്ജീവനി ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള കുട്ടികള്‍ക്കാണ് ഗാവസ്‌കര്‍ സഹായം നൽകുക. ഇന്ത്യക്കായി നേടിയ 35 സെഞ്ചുറികളുടെ ഓർമക്കായാണ് 35 കുട്ടികൾക്ക് സഹായം നൽകുമെന്ന് അദ്ദേഹം അറിയിച്ചത്.

“ഒരുപാട് കാര്യങ്ങളിൽ നമ്മുടെ കരുതൽ എത്തേണ്ടതുണ്ട്. കുഞ്ഞുങ്ങൾക്ക് ഇതിൽ പ്രത്യേക സ്ഥാനമുണ്ട്. ഓരോ കുടുംബത്തിൻ്റെയും സന്തോഷവും ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷയും കുഞ്ഞുങ്ങളിലാണ്. ദുഖകരമായ കാര്യം എന്തെന്നാൽ, നമ്മുടെ രാജ്യത്ത് കുഞ്ഞുങ്ങള്‍ക്ക് ജന്മനാ ഹൃദ്രോഗമുണ്ടാവുന്നത് കൂടുതലാണ്. ഞാന്‍ ഭാഗമായ ഹേര്‍ട്ട് ടു ഹേര്‍ട്ട് ഫൗണ്ടേഷന്‍ ശ്രീ സത്യ സായി സഞ്ജീവനി ആശുപത്രികളിലൂടെ നൂറുകണക്കിന് കുട്ടികള്‍ക്കാണ് ജീവന്‍ തിരികെ കൊടുക്കുന്നത്. ഒരു ലക്ഷ്യം മാത്രമേ ഇതിലുള്ളൂ. ഹൃദയം മാത്രമേയുള്ളു, ബില്‍ ഇല്ല.”- ഗാവസ്കർ പറയുന്നു.

ലോകം കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാന്മാരിൽ ഒരാളാണ് സുനിൽ ഗാവസ്കർ. നിരവധി റെക്കോർഡുകളാണ് അദ്ദേഹം കുറിച്ചത്. പിന്നീട് സച്ചിൻ തെണ്ടുൽക്കറാണ് ഈ റെക്കോർഡുകൾ തകർത്തത്. പദ്മശ്രീ, പദ്മഭൂഷൺ പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. 125 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് 51.12 ശരാശരിയിൽ 10122 റൺസാണ് ഗാവസ്കറുടെ സമ്പാദ്യം. 108 ഏകദിനങ്ങളിൽ നിന്നായി 35.13 ശരാശരിയിൽ 3092 റൺസുകളും അദ്ദേഹം നേടി.

Anweshanam
www.anweshanam.com