ധോണിക്ക് ആശംസ അറിയിച്ച് നരേന്ദ്ര മോദി; നന്ദി പറഞ്ഞ് ധോണി
Sports

ധോണിക്ക് ആശംസ അറിയിച്ച് നരേന്ദ്ര മോദി; നന്ദി പറഞ്ഞ് ധോണി

രണ്ട് പേജുള്ള കത്തിലൂടെയാണ് ധോണി ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ എടുത്തുപറഞ്ഞ് മോദി ആശംസ നേര്‍ന്നത്.

News Desk

News Desk

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എം എസ് ധോണിക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് പേജുള്ള കത്തിലൂടെയാണ് ധോണി ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ എടുത്തുപറഞ്ഞ് മോദി ആശംസ നേര്‍ന്നത്. 'ആഗസ്റ്റ് 15ന് നിങ്ങള്‍ പതിവ് ശൈലിയില്‍ പുറത്തുവിട്ട ഒരു ചെറിയ വീഡിയോ മതിയായിരുന്നു രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുവാന്‍. 130 കോടി ഇന്ത്യക്കാര്‍ നിരാശപ്പെട്ട ദിവസമായിരുന്നു അത്. എന്നാല്‍ ഒന്നരപതിറ്റാണ്ടായി ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ എല്ലാ സംഭാവനകളെയും അവര്‍ നന്ദിയോടെയേ ഓര്‍ക്കുകയുള്ളു. നരേന്ദ്ര മോദി ക്യാപ്റ്റന്‍ കൂളിന് അയച്ച കത്തില്‍ പറയുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ധോണി. മൂന്ന് പ്രധാന ഐ.സി.സി ട്രോഫികളും നേടിയ ഏക ക്യാപ്റ്റനാണ് അദ്ദേഹം. 2007 ലെ ടി 20 ലോകകപ്പ്, 2011 ല്‍ ഏകദിന ലോകകപ്പ്, 2013 ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി എന്നിവ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ ജയിച്ചിട്ടുണ്ട്.

ധോണിയുടെ കരിയറും ജീവിതവും കോടിക്കണക്കിന് യുവാക്കള്‍ക്ക് പ്രചോദനമാണ്. ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ചില്ലെങ്കിലും തന്റെ കഴിവില്‍ വിശ്വസിച്ച് മുന്നേറിയ ഉന്നത നിലയിലെത്തിയ ആളാണ് ധോണിയെന്നും മോദി പ്രശംസിച്ചു. ഏത് സാഹചര്യത്തില്‍ നിന്ന് വന്നുവെന്നതിലല്ല, എവിടെയാണ് എത്തിയതെന്നതിലാണ് കാര്യം, ധോണിയുടെ ഈ നേട്ടമാണ് യുവാക്കള്‍ക്ക് പ്രചോദനമാകുന്നതെന്നും മോദി കുറിച്ചു. സാക്ഷിക്കും സിവയ്ക്കും നിങ്ങളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നു. അവര്‍ക്കും ആശംസ നേരുന്നു. കാരണം അവരുടെ പിന്തുണയും ത്യാഗവും ഇല്ലായിരുന്നെങ്കില്‍ ഒന്നും തന്നെ നേടാന്‍ സാധിക്കില്ലായിരുന്നു. ഒരു ചെറിയ പട്ടണത്തില്‍ നിന്ന് തുടങ്ങി താങ്കള്‍ ദേശീയ കായിക രംഗത്തേക്കും പിന്നീട് അന്താരാഷ്ട്ര തലത്തിലും കടന്നുവന്നു. നിങ്ങള്‍ക്കായി ഒരു പേര് ഉണ്ടാക്കി. രാജ്യം ഇതെല്ലാം ഓര്‍ത്ത് അഭിമാനിക്കുന്നു'-പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ പ്രശംസക്ക് ട്വിറ്ററിലൂടെ ധോണി മറുപടിയും നല്‍കിയിട്ടുണ്ട്. 'കലാകാരന്‍,സൈനികര്‍,കായിക താരങ്ങള്‍ ഇവരെല്ലാം ആഗ്രഹിക്കുന്നത് അഭിനന്ദനമാണ്. അവരുടെ കഠിനാധ്വാനവും ത്യാഗവുമെല്ലാം എല്ലാവരുടേയും ശ്രദ്ധയില്‍ പെടുമ്പോള്‍ അഭിനന്ദനം ലഭിക്കും. നിങ്ങളുടെ അഭിനന്ദനങ്ങള്‍ക്കും ആശംസകള്‍ക്കും നന്ദി'-ട്വിറ്ററില്‍ ധോണി കുറിച്ചു.

Anweshanam
www.anweshanam.com