ബട്‌ലറുടെ ഒറ്റയാൾ പോരാട്ടം വിഫലം; രാജസ്ഥാനെ തകര്‍ത്ത് മുംബൈ

മുംബൈ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 18.1 ഓവറില്‍ 136 റണ്‍സിന് ഓള്‍ഔട്ടായി
ബട്‌ലറുടെ ഒറ്റയാൾ പോരാട്ടം വിഫലം; രാജസ്ഥാനെ തകര്‍ത്ത് മുംബൈ

അബുദാബി: രാജസ്ഥാന്‍ റോയല്‍സിനെ 57 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. മുംബൈ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 18.1 ഓവറില്‍ 136 റണ്‍സിന് ഓള്‍ഔട്ടായി. മുംബൈയുടെ തുടർച്ചയായ മൂന്നാം ജയവും രാജസ്ഥാൻ്റെ തുടർച്ചയായ മൂന്നാം പരാജയവും ആണിത്. 70 റൺസെടുത്ത ജോസ് ബട്‌ലർ മാത്രമാണ് രാജസ്ഥാനു വേണ്ടി തിളങ്ങിയത്. മുംബൈക്കായി പന്തെറിഞ്ഞവരിൽ കൃണാൽ പാണ്ഡ്യ ഒഴികെ മറ്റെല്ലാ ബൗളർമാരും വിക്കറ്റ് കോളത്തിൽ ഇടം നേടി. ജസ്പ്രീത് ബുംറ 20 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.

194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ 17 പന്തുകള്‍ക്കുള്ളില്‍ യശസ്വി ജയ്‌സ്വാള്‍ (0), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (6), സഞ്ജു സാംസണ്‍ (0) എന്നിവരുടെ വിക്കറ്റുകള്‍ രാജസ്ഥാന് നഷ്ടമായി. വൈകാതെ 13 പന്തില്‍ നിന്ന് 11 റണ്‍സുമായി മഹിപാല്‍ ലോംറോറും മടങ്ങി.

തുടര്‍ന്ന് അഞ്ചാം വിക്കറ്റില്‍ ടോം കറനെ കൂട്ടുപിടിച്ച് ബട്ട്‌ലര്‍ 56 റണ്‍സ് രാജസ്ഥാന്‍ സ്‌കോറിലേക്ക് ചേര്‍ത്തു. 16 പന്തുകള്‍ നേരിട്ട കറന്‍ 15 റണ്‍സുമായി മടങ്ങുകയായിരുന്നു.

മുംബൈക്കായി ട്രെന്റ് ബോള്‍ട്ടും പാറ്റിന്‍സണും രണ്ടു വിക്കറ്റ് വീഴ്ത്തി. രാഹുല്‍ ചാഹര്‍, പൊള്ളാര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുബൈ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തിരുന്നു.

അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവാണ് മുംബൈക്കായി തിളങ്ങിയത്. 47 പന്തുകള്‍ നേരിട്ട താരം രണ്ടു സിക്‌സും 11 ഫോറുമടക്കം 79 റണ്‍സോടെ പുറത്താകാതെ നിന്നു.

സൂര്യകുമാറും ഹാര്‍ദിക് പാണ്ഡ്യയും അഞ്ചാം വിക്കറ്റില്‍ 76 റണ്‍സാണ് മുംബൈ സ്‌കോറിലേക്ക് ചേര്‍ത്തത്. 19 പന്തുകള്‍ നേരിട്ട ഹാര്‍ദിക് ഒരു സിക്‌സും രണ്ടു ഫോറുമടക്കം 30 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

രാജസ്ഥാനായി നാല് ഓവര്‍ എറിഞ്ഞ ശ്രേയസ് ഗോപാല്‍ 28 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.

Related Stories

Anweshanam
www.anweshanam.com