ഡല്‍ഹി ക്യാപിറ്റൽസിനെ തകര്‍ത്ത് മുംബൈ ഇന്ത്യൻസ് ഫൈനലില്‍

മുംബൈ ഉയർത്തിയ 201 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് നേടാനേ സാധിച്ചുള്ളൂ
ഡല്‍ഹി ക്യാപിറ്റൽസിനെ തകര്‍ത്ത് മുംബൈ ഇന്ത്യൻസ് ഫൈനലില്‍

ഐപിഎൽ സീസണിലെ ആദ്യ ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് തകര്‍പ്പൻ ജയം. 57 റൺസിന് ഡൽഹിയെ കീഴടക്കിയ മുംബൈ ഇതോടെ ഫൈനൽ പ്രവേശനം നേടുകയും ചെയ്തു. മുംബൈ ഉയർത്തിയ 201 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് നേടാനേ സാധിച്ചുള്ളൂ. 65 റൺസെടുത്ത മാർക്കസ് സ്റ്റോയിനിസ് ആണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. അക്സർ പട്ടേൽ 42 റൺസെടുത്തു.

മികച്ച പ്രകടനം പുറത്തെടുത്ത ബൗളര്‍മാരും ബാറ്റ്‌സ്മാന്‍മാരും ഡല്‍ഹിയെ വരിഞ്ഞുമുറുക്കി. തോറ്റെങ്കിലും ഡല്‍ഹിയുടെ ഫൈനല്‍ സാധ്യതകള്‍ അവസാനിച്ചിട്ടില്ല. എലിമിനേറ്ററില്‍ ജയിക്കുന്ന ടീമിനോട് ഏറ്റുമുട്ടി വിജയം നേടിയാല്‍ ഡല്‍ഹിയ്ക്ക് ഫൈനലില്‍ മുംബൈയോട് ഏറ്റുമുട്ടാം.

നാലുവിക്കറ്റ് വീഴ്ത്തിയ ബുംറയും അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവുമാണ് മുംബൈയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റുചെയ്ത മുംബൈ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് നേടിയത്.

201 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയുടെ ആദ്യ മൂന്ന് താരങ്ങളും റൺ ഒന്നും എടുക്കാതെയാണ് പുറത്തായത്. ആദ്യ ഓവറിൽ ട്രെൻ്റ് ബോൾട്ട് പൃഥ്വി ഷായെയും അജിങ്ക്യ രഹാനെയെയും മടക്കി അയച്ചു. പൃഥ്വിയെ ഡികോക്ക് പിടികൂടിയപ്പോൾ രഹാനെ വിക്കറ്റിനു മുന്നിൽ കുരുങ്ങി. അടുത്ത ഓവറിൽ ബുംറ ധവാനെയും പുറത്താക്കി. ധവാൻ ക്ലീൻ ബൗൾഡാവുകയായിരുന്നു. നാലാം ഓവറിൽ ശ്രേയാസ് അയ്യരും (12) പുറത്ത്. അയ്യരെ ബുംറ രോഹിതിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. ഋഷഭ് പന്ത് (3) കൃണാൽ പാണ്ഡ്യയുടെ പന്തിൽ സൂര്യകുമാർ യാദവിൻ്റെ കൈകളിൽ അവസാനിച്ചു.

8ആം ഓവറിൽ 41/5 എന്ന നിലയിലാണ് അക്സർ പട്ടേൽ-മാർക്കസ് സ്റ്റോയിനിസ് സഖ്യം ക്രീസിൽ ഒത്തുചേർന്നത്. അഞ്ചാം നമ്പറിലെത്തിയ സ്റ്റോയിനിസ് ചില മികച്ച ഷോട്ടുകൾ കളിച്ച് മുന്നേറുന്നതിനിടെയാണ് അക്സർ എത്തുന്നത്. സ്റ്റോയിനിസിന് മികച്ച പിന്തുണ നൽകിയ അക്സർ മെല്ലെ ചില കൂറ്റൻ ഷോട്ടുകൾ കളിച്ച് സാവധാനം സ്കോറിംഗിൽ പങ്കാവാൻ തുടങ്ങി. ഇതിനിടെ 36 പന്തുകളിൽ സ്റ്റോയിനിസ് ഫിഫ്റ്റി തികച്ചു.

16ആം ഓവറിൽ ആദ്യ പന്തിൽ തന്നെ സ്റ്റോയിനിസിൻ്റെ കുറ്റി പിഴുത് ബുംറ മുംബൈ ഇന്ത്യൻസിന് വീണ്ടും മേൽക്കൈ നൽകി. 46 പന്തുകളിൽ നിന്ന് 65 റൺസെടുത്താണ് സ്റ്റോയിനിസ് മടങ്ങിയത്. ആറാം വിക്കറ്റിൽ അക്സർ പട്ടേലുമൊത്ത് 71 റൺസിൻ്റെ കൂട്ടുകെട്ടിലും താരം പങ്കാളിയായിരുന്നു. ആ ഓവറിൽ തന്നെ ഡാനിയൽ സാംസും (0) പുറത്തായി. സാംസിനെ ഡികോക്ക് പിടികൂടി. ചില മികച്ച ഷോട്ടുകൾ കളിച്ച അക്സർ പട്ടേൽ (42) കീറോൺ പൊള്ളാർ എറിഞ്ഞ അവസാന ഓവറിൽ രാഹുൽ ചഹാറിൻ്റെ കൈകളിൽ അവസാനിച്ചു. കഗീസോ റബാഡ (155) പുറത്താവാതെ നിന്നു.

മുംബൈയ്ക്ക് വേണ്ടി ബുംറ നാലോവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റുകള്‍ വീഴ്ത്തി. കരിയറിലെ ഏറ്റവും മികച്ച പ്രകടനവും ഐ.പി.എല്ലിലെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച പ്രകടനവുമാണ് ബുംറ ഇന്ന് പുറത്തെടുത്തത്. ട്രെന്റ് ബോള്‍ട്ട് രണ്ടുവിക്കറ്റ് നേടിയപ്പോള്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

അര്‍ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷന്റെയും സൂര്യകുമാര്‍ യാദവിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ മികവിലാണ് മുംബൈ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 40 റണ്‍സെടുത്ത ഡി കോക്കും 14 പന്തുകളില്‍ നിന്നും 37 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയും മികച്ച പിന്തുണ നല്‍കി.

ഡല്‍ഹിയ്ക്ക് വേണ്ടി അശ്വിന്‍ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ നോര്‍ക്കെ, സ്‌റ്റോയിനിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com