30 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലിവർപൂളിന് പ്രീമിയർ ലീഗ് കിരീടം
Sports

30 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലിവർപൂളിന് പ്രീമിയർ ലീഗ് കിരീടം

മാഞ്ചസ്​റ്റർ സിറ്റി 2-1ന്​ ചെൽസിയോട്​ തോറ്റതോടെയാണ്​ ലിവർപൂൾ കന്നി പ്രീമിയർ ലീഗ്​ കിരീടം

News Desk

News Desk

ലണ്ടന്‍: 30 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടമുയർത്തി ലിവർപൂൾ. പുലര്‍ച്ചെ നടന്ന മത്സരത്തില്‍ മാഞ്ചസ്​റ്റർ സിറ്റി 2-1ന്​ ചെൽസിയോട്​ തോറ്റതോടെയാണ്​ ലിവർപൂൾ കന്നി പ്രീമിയർ ലീഗ്​ കിരീടം ഉറപ്പിച്ചത്. കഴിഞ്ഞ ദിവസം ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത ലിവര്‍പൂളിന് ചെല്‍സി- സിറ്റി മത്സരഫലം സമ്മാനിച്ചത് അവിസ്‌മരണീയ നിമിഷം.

ലീഗില്‍ ഏഴ് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 22 പോയന്റ് ലീഡുണ്ട് ലിവർപൂളിന്. 31 മത്സരങ്ങളില്‍ നിന്ന് 86 പോയിന്റാണ് ലിവര്‍പൂളിനുള്ളത്. റെക്കോഡ്​ ഇട്ടാണ്​​​ യൂർഗൻ ക്ലോപ്പ്​ ടീമിന്​ 19ാം ലീഗ്​ കിരീടം നേടിക്കൊടുത്തത്​. മുമ്പ്​ അഞ്ച്​ മത്സരങ്ങൾ ബാക്കി നിൽക്കേ കപ്പടിച്ച മാഞ്ചസ്​റ്റർ യുണൈറ്റഡിന്റേയും ​സിറ്റിയുടെയും റെക്കോഡ്​ യൂര്‍ഗര്‍ ക്ലോപ്പും സംഘവും പഴങ്കഥയാക്കി.

സിറ്റിക്കെതിരായ മത്സരത്തില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ച്‌, വില്ല്യന്‍ എന്നിവരാണ് ചെല്‍സിയുടെ ഗോള്‍ നേടിയത്. കെവിന്‍ ഡി ബ്രൂയ്‌നിന്റെ വകയായിരുന്നു സിറ്റിയുടെ ഏക ഗോള്‍. 77ാം മിനിറ്റില്‍ ഫെര്‍ണാണ്ടിഞ്ഞോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് സിറ്റിക്ക് തിരിച്ചടിയായി.

36ാം മിനിറ്റിൽ ക്രിസ്​റ്റ്യൻ പുലിസിചിലൂടെ ചെൽസിയാണ്​ സ്വന്തം മൈതാനത്ത്​ മുന്നിലെത്തിയത്​. രണ്ടാം പകുതി പിന്നിട്ട്​ 55ാം മിനിറ്റിൽ കെവിൻ ഡിബ്രൂയിനിലൂടെ സിറ്റി ഒപ്പമെത്തി. 77ാം മിനിറ്റിൽ ഫെർണാണ്ടിഞ്ഞോയുടെ ഹാൻഡ്​ബാൾ ആതിഥേയർക്ക്​ അനുഗ്രഹമായി. പെനാൽറ്റി കിക്കെടുത്ത വില്ല്യന്​ തെറ്റിയില്ല. ഇതോടെ കിരീടം ഉറപ്പിച്ചു ലിവർപൂൾ.

ക്രിസ്റ്റല്‍ പാലസിനെതിരായ മത്സരത്തില്‍ ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്, മുഹമ്മദ് സലാ, ഫാബീഞ്ഞോ, സാദിയോ മാനെ എന്നിവരാണു പാലസിനെതിരെ ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തത്.

ഈ സീസണില്‍ ഇതുവരെ ഒരു മത്സരത്തില്‍ മാത്രമാണ് ലിവര്‍പൂള്‍ പരാജയപ്പെട്ടത്. രണ്ട് മത്സരത്തില്‍ മാത്രം സമനില വഴങ്ങേണ്ടിവന്നു. 3-0ന് വാട്‌ഫോര്‍ഡിനോടാനായിരുന്നു ലിവര്‍പൂളിന്റെ തോല്‍വി. കഴിഞ്ഞ തവണ ലിവര്‍പൂളിന് ചാമ്പ്യൻസ് ലീഗ് നേടികൊടുത്ത ക്ലോപ്പിന് ഈ വര്‍ഷം പ്രീമിയര്‍ ലീഗ് നേടിക്കൊടുക്കാനായത് നേട്ടമായി.

സമീപകാലത്തു വരെ ചെൽസിയുടെയും സിറ്റിയുടെയും നിഴലിന്​ പിന്നിലായിരുന്ന ലിവർപൂളിനെ രക്ഷിച്ചത് യൂർഗൻ ക്ലോപ്പ് ആണെന്ന് പറയാം. 2014ൽ ബ്രെണ്ടൻ റോജേഴ്​സിന്​ കീഴിൽ കിരീടത്തിനടുത്ത്​ വരെ എത്തിയെങ്കിലും അവസാന നിമിഷം ചെൽസിക്ക്​ മുന്നിൽ കിരീടം കൈവിട്ടു. യൂർഗൻക്ലോപ്പി​ന്റെ വരവോടെ ടീം അടിമുടി മാറി.

കഴിഞ്ഞ സീസണിൽ കിരീടപ്പോരാട്ടത്തിൽ അവസാനം വരെ ഉണ്ടായിരുന്നെങ്കിലും ഫോ​ട്ടോഫിനിഷിൽ സിറ്റി കിരീടം കൊണ്ടുപോയി. ഈ വർഷം അർഹിക്കുന്ന വിജയമാണ്​ ക്ലോപ്പും സംഘവും സ്വന്തമാക്കിയിരിക്കുന്നത്.

Anweshanam
www.anweshanam.com