രാജസ്ഥാനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

192 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ

രാജസ്ഥാനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ദുബായ്: ഐ.പി.എല്ലില്‍ ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 60 റണ്‍സിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 192 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 4 വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസാണ് രാജസ്ഥാനെ തകർത്തെറിഞ്ഞത്.

35 റൺസ് നേടിയ ജോസ് ബട്‌ലർ ആണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. ബട്‌ലറെ കൂടാതെ രാഹുൽ തെവാട്ടിയ (31), ശ്രേയാസ് ഗോപാൽ (23), ബെൻ സ്റ്റോക്സ് (18) എന്നിവർ മാത്രമേ രാജസ്ഥാൻ നിരയിൽ ഇരട്ടയക്കം കടന്നുള്ളൂ. തോല്‍വിയോടെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന മൂന്നാമത്തെ ടീമായി. ജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് 14 പോയന്റുമായി കൊല്‍ക്കത്ത പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി.

192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റെ കൂട്ടത്തകര്‍ച്ചയാണ് ദുബായില്‍ കണ്ടത്. നേരിട്ട ആദ്യ പന്ത് തന്നെ സിക്സറടിച്ചാണ് റോബിൻ ഉത്തപ്പയും രാജസ്ഥാൻ റോയൽസും ഇന്നിംഗ്സ് ആരംഭിച്ചത്. 19 റൺസ് പിറന്ന ആദ്യ ഓവറിലെ അവസാന പന്തിൽ ഉത്തപ്പ വീണു. ഉത്തപ്പയെ (6) കമ്മിൻസ് നഗർകൊടിയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. മൂന്നാം ഓവറിൽ കമ്മിൻസ് വീണ്ടും ആഞ്ഞടിച്ചു. ആ ഓവറിലെ ആദ്യ പന്തിൽ സ്റ്റോക്സും (18) അവസാന പന്തിൽ സ്മിത്തും (4) മടങ്ങി. സ്റ്റോക്സിനെ ദിനേശ് കാർത്തിക് ഗംഭീരമായി പിടികൂടിയപ്പോൾ സ്മിത്ത് പ്ലെയ്ഡ് ഓൺ ആയി. അടുത്ത ഓവറിൽ സഞ്ജുവും (1) പുറത്തായി. മലയാളി താരത്തെ ശിവം മവി ദിനേശ് കാർത്തികിൻ്റെ കൈകളിൽ എത്തിച്ചു. അഞ്ചാം ഓവറിൽ അടുത്ത വിക്കറ്റ് വീണു. റിയാൻ പരഗ് (0) കമ്മിൻസിൻ്റെ പന്തിൽ ദിനേശ് കാർത്തികിനു പിടി നൽകി മടങ്ങി. പവർ പ്ലേ അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 41 എന്നായിരുന്നു രാജസ്ഥാൻ്റെ സ്കോർ.

ആറാം വിക്കറ്റിൽ ജോസ് ബട്‌ലർ-രാഹുൽ തെവാട്ടിയ സഖ്യം കൂട്ടിച്ചേർത്ത 43 റൺസാണ് രാജസ്ഥാനെ വലിയ നാണക്കേടിൽ നിന്ന് കര കയറ്റിയത്. 11ആം ഓവറിൽ ബട്‌ലറെ (35) പുറത്താക്കിയ വരുൺ ചക്രവർത്തി രാജസ്ഥാൻ്റെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി. ബട്‌ലറെ കമ്മിൻസ് പിടികൂടുകയായിരുന്നു. ഏഴാം വിക്കറ്റിൽ ശ്രേയാസ് ഗോപാലിനെ കൂട്ടുപിടിച്ച് തെവാട്ടിയ പൊരുതി നോക്കിയെങ്കിലും 15ആം ഓവറിൽ വരുൺ വീണ്ടും അവതരിച്ചു. തെവാട്ടിയയെ (31) ദിനേശ് കാർത്തികിൻ്റെ കൈയിലെത്തിച്ച വരുൺ 25 റൺസിൻ്റെ കൂട്ടുകെട്ടും തകർത്തു.

ജോഫ്ര ആർച്ചർ (6) കമലേഷ് നഗർകൊടിയുടെ പന്തിൽ ശിവം മവിക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. കാർത്തിക് ത്യാഗിയെ (2) സ്വന്തം ബൗളിംഗിൽ ശിവം മവി പിടികൂടി. ശ്രേയാസ് ഗോപാൽ (23) പുറത്താവാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 191 റണ്‍സെടുത്തത്.

ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ ഇന്നിങ്‌സാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലെത്തിച്ചത്. 35 പന്തുകള്‍ നേരിട്ട മോര്‍ഗന്‍ ആറു സിക്‌സും അഞ്ചു ഫോറുമടക്കം 68 റണ്‍സോടെ പുറത്താകാതെ നിന്നു.

ഫോമിലുള്ള നിതീഷാ റാണ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താകുന്നത് കണ്ടാണ് കൊല്‍ക്കത്ത ഇന്നിങ്‌സ് തുടങ്ങിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ശുഭ്മാന്‍ ഗില്‍ - രാഹുല്‍ ത്രിപാഠി സഖ്യം 72 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്.

24 പന്തുകള്‍ നേരിട്ട ഗില്‍ ആറു ഫോറുകളടക്കം 36 റണ്‍സെടുത്തു. രാഹുല്‍ ത്രിപാഠി 34 പന്തില്‍ നിന്ന് രണ്ടു സിക്‌സും നാലു ഫോറുമടക്കം 39 റണ്‍സെടുത്ത് പുറത്തായി.

സുനില്‍ നരെയ്‌നും (0) ദിനേഷ് കാര്‍ത്തിക്കും (0) അക്കൗണ്ട് തുറക്കും മുമ്പ് മടങ്ങി.

11 പന്തില്‍ നിന്ന് മൂന്നു സിക്‌സും ഒരു ഫോറുമടക്കം തകര്‍ത്തടിച്ച ആന്ദ്രേ റസ്സല്‍ ഭീഷണി ഉയര്‍ത്തിയെങ്കിലും 25 റണ്‍സില്‍ നില്‍ക്കെ കാര്‍ത്തിക് ത്യാഗി താരത്തെ ഡേവിഡ് മില്ലറുടെ കൈകളിലെത്തിച്ചു. പാറ്റ് കമ്മിന്‍സാണ് (15) പുറത്തായ മറ്റൊരു താരം.

നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ രാഹുല്‍ തെവാട്ടിയയാണ് രാജസ്ഥാന് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത്. കാര്‍ത്തിക് ത്യാഗി രണ്ടു വിക്കറ്റ് വീഴ്ത്തി.

Related Stories

Anweshanam
www.anweshanam.com