എറിഞ്ഞ് ഒതുക്കി ബൗളർമാര്‍; മുംബൈക്ക് ആദ്യ ജയം
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 49 റൺസിനു പരാജയപ്പെടുത്തിയാണ് മുംബൈ ഇന്ത്യൻസ് ആദ്യ ജയം സ്വന്തമാക്കിയത്
എറിഞ്ഞ് ഒതുക്കി ബൗളർമാര്‍; മുംബൈക്ക് ആദ്യ ജയം

ഐപിഎല്‍ പതിമൂന്നാം സീസണിൽ മുംബൈ ഇന്ത്യൻസിന് ആദ്യ ജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 49 റൺസിനു പരാജയപ്പെടുത്തിയാണ് മുംബൈ ഇന്ത്യൻസ് ആദ്യ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 5 വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റിൽ നഷ്ടത്തിൽ 146 റൺസെടുക്കാനേ സാധിച്ചുള്ളൂ. 33 റൺസെടുത്ത പാറ്റ് കമ്മിൻസാണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ടീം നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 195 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഇന്നിങ്‌സാണ് മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചത്. 39 പന്തില്‍ നിന്ന് 50 തികച്ച രോഹിത് 54 പന്തുകള്‍ നേരിട്ട് ആറു സിക്‌സും മൂന്ന് ഫോറുമടക്കം 80 റണ്‍സെടുത്താണ് പുറത്തായത്. ഐ.പി.എല്ലില്‍ 200 സിക്‌സറുകളെന്ന നേട്ടവും രോഹിത് സ്വന്തമാക്കി.

28 പന്തില്‍ നിന്ന് ഒരു സിക്‌സും നാലു ഫോറുമടക്കം 47 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ്, രോഹിത്തിനൊപ്പം രണ്ടാം വിക്കറ്റില്‍ 90 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് മടങ്ങിയത്. പിന്നീട് ക്രീസിലെത്തിയ സൗരഭ് തിവാരി 21 റണ്‍സുമായി മടങ്ങി. ഹാര്‍ദിക് പാണ്ഡ്യ 18 റണ്‍സെടുത്ത് പുറത്തായി. കിറോണ്‍ പൊള്ളാര്‍ഡ് (13*), ക്രുണാല്‍ പാണ്ഡ്യ (1*) എന്നിവര്‍ പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ നൈറ്റ് റൈഡേഴ്‌സിന് ആദ്യ അഞ്ച് ഓവറിനുള്ളില്‍ തന്നെ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ (7), സുനില്‍ നരെയ്ന്‍ (9) എന്നിവരെ നഷ്ടമായി. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് - നിതിഷ് റാണ സഖ്യത്തിനും ആവശ്യമായ റണ്‍റേറ്റില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.

വാലറ്റത്ത് 12 പന്തില്‍ നാലു സിക്‌സും ഒരു ഫോറുമടക്കം 33 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ബുംറയുടെ ഒരു ഓവറില്‍ നാലു സിക്‌സറുകളാണ് കമ്മിന്‍സ് പറത്തിയത്.

മുംബൈക്കായി ബുംറ, ബോള്‍ട്ട്, ജെയിംസ് പാറ്റിന്‍സണ്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Related Stories

Anweshanam
www.anweshanam.com