ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയില്‍ തളച്ച് എഫ്.സി ഗോവ

നോര്‍ത്ത് ഈസ്റ്റിനായി ഇദ്രിസ സില്ലയും ഗോവയ്ക്കായി ഇഗോര്‍ അംഗുളോയും സ്‌കോര്‍ ചെയ്തു
ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയില്‍ തളച്ച് എഫ്.സി ഗോവ

മാര്‍ഗാവ്: ഐഎസ്എലില്‍ ഇന്ന് നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയില്‍ തളച്ച് എഫ്.സി ഗോവ. ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടി. നോര്‍ത്ത് ഈസ്റ്റിനായി ഇദ്രിസ സില്ലയും ഗോവയ്ക്കായി ഇഗോര്‍ അംഗുളോയും സ്‌കോര്‍ ചെയ്തു. നോര്‍ത്ത് ഈസ്റ്റിന്റെ നായകന്‍ ലാലെങ്മാവിയ കളിയിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

കളിയുടെ തുടകത്തില്‍ തന്നെ മികച്ച പ്രകടനമാണ് ഗോവ പുറത്തെടുത്തത്. നല്ല പാസിങ് ഗെയിം കളിച്ച ഗോവ നിരന്തരം നോര്‍ത്ത് ഈസ്റ്റ് പോസ്റ്റിലേക്ക് ഇരച്ചുകയറി. എന്നാല്‍ നോര്‍ത്ത് ഈസ്റ്റ് മികച്ച പ്രതിരോധം കാഴ്ചവെച്ചു.

കളിയുടെ 38-ാം മിനിട്ടില്‍ ഗോണ്‍സാല്‍വസിന്റെ ഫൗളില്‍ നിന്നും നോര്‍ത്ത് ഈസ്റ്റിന് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. നോര്‍ത്ത് ഈസ്റ്റിനായി കിക്കെടുത്ത ഇദ്രിസ സില്ല ആദ്യ ഷോട്ട് ഉതിര്‍ത്തപ്പോള്‍ റഫറി ഫൗള്‍ വിളിച്ചു. രണ്ടാം കിക്ക് അതിമനോഹരമായി പോസ്റ്റിലെത്തിച്ച് സില്ല ഹൈലാന്‍ഡേഴ്‌സിന് ആദ്യ ലീഡ് സമ്മാനിച്ചു.

എന്നാല്‍ ആ ആഹ്ലാദം അധികനേരം നീണ്ടുനിന്നില്ല. ഗോള്‍ വഴങ്ങിയ ശേഷം ഉണര്‍ന്നുകളിച്ച ഗോവ മൂന്നുമിനിറ്റുകള്‍ക്കുള്ളില്‍ സമനില ഗോള്‍ കണ്ടെത്തി. ബ്രാന്‍ഡണ്‍ ഫെര്‍ണാണ്ടസിന്റെ ക്രോസില്‍ നിന്നും ഇഗോര്‍ അംഗുളോ അതിവിദഗ്ധമായി പന്ത് വലയിലെത്തിച്ചു.

രണ്ടാം പകുതിയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ് മത്സരിച്ചത്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും കളം നിറഞ്ഞു. പിന്നീട് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല.

Related Stories

Anweshanam അന്വേഷണം
www.anweshanam.com