ടി20: നിര്‍ണായക പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ

ടി20: നിര്‍ണായക പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ

ഇന്ത്യ ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു

അഹമ്മദാബാദ്: ടി20 പരമ്പരയിലെ നിര്‍ണായക പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ എട്ട് റണ്‍സിന് തകര്‍ത്ത് ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ ഒപ്പമെത്തി(2-2). ഇന്ത്യ ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളര്‍മാരാണ് കരുത്തരായ ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ 177 റണ്‍സില്‍ എറിഞ്ഞൊതുക്കിയത്. മൂന്ന് വിക്കറ്റെടുത്ത ഷര്‍ദ്ദുല്‍ ഠാക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഹര്‍ദ്ദിക് പാണ്ഡ്യയും രാഹുല്‍ ചാഹറും ഒരു വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറും ഇന്ത്യക്കായി തിളങ്ങി.

സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 185/8, ഇംഗ്ലണ്ട് 20 ഓവറില്‍ 177/8.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തിരുന്നു.

അരങ്ങേറ്റ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 31 പന്തുകള്‍ നേരിട്ട സൂര്യ മൂന്നു സിക്‌സും ആറു ഫോറുമടക്കം 57 റണ്‍സെടുത്തു.

18 പന്തില്‍ നിന്ന് 1 സിക്‌സും അഞ്ചു ഫോറുമടക്കം 37 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയെ 150 കടത്തിയത്.

ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ നാലു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് സ്‌കോര്‍ 15-ല്‍ എത്തിയപ്പോള്‍ തന്നെ ജോസ് ബട്ട്‌ലറുടെ (9) വിക്കറ്റ് നഷ്ടമായി. 14 റണ്‍സെടുത്ത മലാനെ മടക്കി രാഹുല്‍ ചാഹര്‍ പുറത്താക്കി. പിന്നീട് എത്തിയ ജേസണ്‍ റോയിയെ ഹാര്‍ദിക് മടക്കി. 27 പന്തില്‍ ഒരു സിക്‌സും ആറു ഫോറുമടക്കം 40 റണ്‍സെടുത്താണ് റോയ് പുറത്തായത്.

പിന്നീട് നാലാം വിക്കറ്റില്‍ ഒന്നിച്ച ജോണി ബെയര്‍സ്‌റ്റോ - ബെന്‍ സ്‌റ്റോക്ക്‌സ് സഖ്യം 65 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചിരുന്നു. 19 പന്തില്‍ 25 റണ്‍സെടുത്ത ബെയര്‍സ്‌റ്റോയെ പുറത്താക്കി രാഹുല്‍ ചാഹര്‍ തന്നെ ഈ കൂട്ടുകെട്ടും പൊളിച്ചു.

17-ാം ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ സ്റ്റോക്ക്‌സിനെയും ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനെയും മടക്കിയ ശാര്‍ദുല്‍ താക്കൂറാണ് പിന്നീട് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്.

23 പന്തില്‍ നിന്ന് മൂന്നു സിക്‌സും നാലു ഫോറുമടക്കം 46 റണ്‍സെടുത്താണ് സ്‌റ്റോക്ക്‌സ് മടങ്ങിയത്.

മോര്‍ഗന് ആറു പന്തില്‍ നിന്ന് നാലു റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സാം കറന്‍ മൂന്ന് റണ്‍സെടുത്ത് പുറത്തായി. എട്ടു പന്തില്‍ നിന്ന് 18 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചര്‍ അവസാനപ്രതീക്ഷ നല്‍കിയെങ്കിലും വിജയിപ്പിക്കാന്‍ ആയില്ല.

ഇന്ത്യയ്ക്കായി ശാര്‍ദുല്‍ താക്കൂര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യയും രാഹുല്‍ ചാഹറും രണ്ടു വിക്കറ്റെടുത്തു.

ഇതോടെ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (2-2). ശനിയാഴ്ച നടക്കുന്ന അവസാന മത്സരത്തിലെ വിജയി പരമ്പര സ്വന്തമാക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com