ബൗളിങ് മികവില്‍ സണ്‍റൈസേഴ്‌സിന് സീസണിലെ ആദ്യ ജയം

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ
 ബൗളിങ് മികവില്‍ സണ്‍റൈസേഴ്‌സിന് സീസണിലെ ആദ്യ ജയം

അബുദാബി: ഐ.പി.എല്‍ 13-ാം സീസണിലെ ഇന്നത്തെ കളിയില്‍ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിനു 15 റൺസിന്‍റെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മൂന്ന് മത്സരങ്ങളിൽ നിന്ന് ഡൽഹിയുടെ ആദ്യ പരാജയവും ഹൈദരാബാദിൻ്റെ ആദ്യ വിജയവുമാണ് ഇത്. സൺറൈസേഴ്സിനായി റാഷിദ് ഖാൻ 14 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റ് വീഴ്ത്തി.

ഡൽഹി ക്യാപിറ്റൽസിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ പൃഥ്വി ഷായെ (2) പുറത്താക്കിയ ഭുവനേശ്വർ കുമാർ സൺറൈസേഴ്സിനു മികച്ച തുടക്കം നൽകി. സൺറൈസേഴ്സിനു വേണ്ടി പേസർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞതോടെ റൺസ് വരണ്ടു. മൂന്നാം നമ്പറിൽ എത്തിയ ശ്രേയാസ് അയ്യരിനെയും ശിഖർ ധവാനെയും സൺറൈസേഴ്സ് ബൗളർമാർ പിടിച്ചു നിർത്തി. റാഷിദ് ഖാൻ്റെ വരവോടെ ഇരുവരും പുറത്താവുകയും ചെയ്തു. ശ്രേയാസ് അയ്യരിനെ (17) അബ്ദുൽ സമദ് പിടികൂടിയപ്പോൾ ശിഖർ ധവാൻ ജോണി ബെയർസ്റ്റോയ്ക്ക് പിടി നൽകിയാണ് മടങ്ങിയത്.

12 പന്തില്‍ 21 റണ്‍സടിച്ച ഷിംറോണ്‍ ഹെറ്റ്മയര്‍ 16-ാം ഓവറില്‍ പുറത്തായി. തൊട്ടടുത്ത ഓവറില്‍ ഋഷഭ് പന്തിനെയും റഷീദ് മടക്കി. 27 പന്തില്‍ നിന്ന് 28 റണ്‍സെടുത്താണ് പന്ത് മടങ്ങിയത്. അവസാന പ്രതീക്ഷയായിരുന്ന മാര്‍ക്കസ് സ്റ്റോയ്‌നിസിനെ 18-ാം ഓവറില്‍ നടരാജന്‍ മടക്കിയതോടെ ഡല്‍ഹിയുടെ പ്രതീക്ഷ അസ്തമിച്ചു. ഒമ്പത് പന്തില്‍ 11 റണ്‍സെടുത്താണ് സ്റ്റോയ്‌നിസ് പുറത്തായത്. കഗിസോ റബാദ 15 റണ്‍സോടെ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തിരുന്നു.

ജോണി ബെയര്‍സ്‌റ്റോ (53), ഡേവിഡ് വാര്‍ണര്‍ (45), കെയ്ന്‍ വില്യംസണ്‍ (41) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഹൈദരാബാദിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.

അരങ്ങേറ്റ മത്സരം കളിച്ച അബ്ദുല്‍ സമദ് ഏഴു പന്തില്‍ ഓരോ ഫോറും സിക്‌സും സഹിതം 12 റണ്‍സുമായി പുറത്താകാതെ നിന്നു.

മുന്‍ മത്സരങ്ങളിലെ പോലെ തന്നെ മികച്ച ബൗളിങ് പ്രകടനമാണ് ഡല്‍ഹി കാഴ്ചവെച്ചത്. നാല് ഓവര്‍ എറിഞ്ഞ റബാദ 21 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. അമിത് മിശ്രയും രണ്ടു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു

Related Stories

Anweshanam
www.anweshanam.com