'സസ്‌പെന്‍ഷന്‍ മേടിച്ചുതരരുത്'; 
അന്ന് ഗാംഗുലി ഡ്രസിംഗ് റൂമിലെത്തി അഭ്യര്‍ത്ഥിച്ചു; സംഗക്കാര
Sports

'സസ്‌പെന്‍ഷന്‍ മേടിച്ചുതരരുത്'; അന്ന് ഗാംഗുലി ഡ്രസിംഗ് റൂമിലെത്തി അഭ്യര്‍ത്ഥിച്ചു; സംഗക്കാര

2002 ചാമ്പ്യൻസ് ട്രോഫി ഫൈനലിനിടെ സൗരവ് ഗാംഗുലിയും ശ്രീലങ്കൻ താരം റസ്സൽ അർനോൾഡും തമ്മിലുണ്ടായ വാക്കുതർക്കത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കിട്ട് ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര

News Desk

News Desk

കൊളംബോ: 2002 ചാമ്പ്യൻസ് ട്രോഫി ഫൈനലിനിടെ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും ശ്രീലങ്കൻ താരം റസ്സൽ അർനോൾഡും തമ്മിലുണ്ടായ വാക്കുതർക്കത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കിട്ട് ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര. പിച്ചിലെ 'അപകടമേഖലയിലൂടെ' റസ്സൽ തുടർച്ചയായി ഓടിയതാണ് പ്രശ്നത്തിന് കാരണം. ഇതിനെതിരേ ഗാംഗുലി പ്രതികരിച്ചതോടെ രംഗം വഷളായി. അമ്പയർ ഇടപെടുന്നതിന് മുമ്പ് ഇരുവരും തമ്മിൽ വാക്പോരുണ്ടാകുകയും ചെയ്തു.

അന്ന് പ്രശ്നമുണ്ടാക്കരുതെന്ന് അഭ്യർഥിച്ച് ഗാംഗുലി ശ്രീലങ്കയുടെ ഡ്രസ്സിങ് റൂമിലെത്തിയിരുന്നുവെന്ന് ലങ്കയുടെ മുൻ ക്യാപ്റ്റൻ കുമാർ സംഗക്കാര വെളിപ്പെടുത്തുന്നു. അന്ന് ലങ്കയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായിരുന്നു സംഗക്കാര. സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്റ്റഡ് എന്ന ചാറ്റ് ഷോയിലാണ് സംഗക്കാരയുടെ വെളിപ്പെടുത്തൽ.

‘അന്ന് ഏകദിന മത്സരത്തിനിടെ റസ്സൽ ആർണോൾഡും ദാദയും (ഗാംഗുലി) കോർത്ത സംഭവം എനിക്ക് ഓർമയുണ്ട്. അന്ന് മോശം പെരുമാറ്റത്തിന് അപംയർമാർ അദ്ദേഹത്തിന് അവസാന മുന്നറിയിപ്പും നൽകിയിരുന്നുവെന്നാണ് എന്റെ ഓർമ. അന്ന് എല്ലാറ്റിനുമൊടുവിൽ ദാദ ഞങ്ങളുടെ ഡ്രസിങ് റൂമിൽ വന്ന് എല്ലാവരുമായി സംസാരിച്ചു. ഈ സംഭവം ഇതേപടി തുടർന്നാൽ തനിക്ക് സസ്പെൻഷൻ ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പേടിക്കേണ്ട, ശ്രീലങ്കൻ ടീം ഇതത്ര വലിയ കാര്യമാക്കുന്നില്ലെന്ന് പറഞ്ഞ് ഞങ്ങൾ ആശ്വസിപ്പിച്ചു’ – സംഗക്കാര പറഞ്ഞു.

സൗരവ് ഗാംഗുലിയുമായുള്ള സൗഹൃദത്തെക്കുറിച്ചും സംഗക്കാര മനസ്സു തുറന്നു: ‘വർഷങ്ങളായുള്ള പരിചയം മൂലം എനിക്ക് ദാദയുമായി അടുത്ത ബന്ധമുണ്ട്. അദ്ദേഹത്തെ ദാദ എന്ന് വിളിക്കുന്നതുതന്നെ എനിക്കേറെ ഇഷ്ടമുള്ള കാര്യമാണ്. കളിയുടെ കാര്യത്തിലായാലും ക്യാപ്റ്റൻസിയുടെ കാര്യത്തിലായാലും അത് അങ്ങനെ തന്നെ. ദാദയെ അടുത്തറിയാൻ ഭാഗ്യം ലഭിച്ചിട്ടുള്ള ഒരാളാണ് ഞാൻ’ – സംഗക്കാര പറഞ്ഞു.

അന്നത്തെ ഇന്ത്യ-ശ്രീലങ്ക ഫൈനൽ മഴമൂലം തടസ്സപ്പെട്ടിരുന്നു. റിസർവ് ദിനത്തിലും മഴ പെയ്തതോടെ ഐ.സി.സി ഇരുടീമുകളേയും വിജയികളായി പ്രഖ്യാപിച്ചു.

Anweshanam
www.anweshanam.com