ലോകകപ്പ് ഫൈനല്‍ ഒത്തുകളി വിവാദം; മുന്‍ ശ്രീലങ്കന്‍ നായകന്‍ അരവിന്ദ ഡിസില്‍വയെ പോലീസ് ചോദ്യം ചെയ്തു
Sports

ലോകകപ്പ് ഫൈനല്‍ ഒത്തുകളി വിവാദം; മുന്‍ ശ്രീലങ്കന്‍ നായകന്‍ അരവിന്ദ ഡിസില്‍വയെ പോലീസ് ചോദ്യം ചെയ്തു

ലോകകപ്പിന്റെ സമയത്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്നു ഡിസില്‍വ. ഡിസില്‍വയുടെ മൊഴി പോലീസ് രേഖപ്പെടുത്തി

News Desk

News Desk

കൊളംബോ: 2011-ലെ ലോകകപ്പ് ഫൈനല്‍ ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മുന്‍ ശ്രീലങ്കന്‍ നായകന്‍ അരവിന്ദ ഡിസില്‍വയെ പൊലീസ് ചോദ്യം ചെയ്‌തു. ആറു മണിക്കൂറോളം പോലീസ് ഇദ്ദേഹത്തെ ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഡിസില്‍വയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ലോകകപ്പിന്റെ സമയത്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്നു ഡിസില്‍വ.

ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്ക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ഉപ്പുല്‍ തരംഗയെയാകും അടുത്തതായി ചോദ്യം ചെയ്യുകയെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

2011 ലോകകപ്പില്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് വില്‍ക്കുകയായിരുന്നുവെന്ന ആരോപണവുമായി ശ്രീലങ്കയുടെ മുന്‍ കായികമന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജ രംഗത്തെത്തിയതോടെയാണ് ഈ വിഷയം ചര്‍ച്ചയാകുന്നത്. 2010 മുതല്‍ 2015 വരെ ശ്രീലങ്കന്‍ കായിക മന്ത്രിയായിരുന്നു ഇദ്ദേഹം.

ദിവസങ്ങള്‍ക്കു മുമ്പ് ശ്രീലങ്കന്‍ മാധ്യമമായ സിരാസ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് 2011-ലെ ലോകകപ്പ് ഫൈനല്‍ മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് വില്‍ക്കുകയായിരുന്നുവെന്ന ആരോപണവുമായി മഹിന്ദാനന്ദ അലുത്ഗാമേജ രംഗത്തെത്തിയത്.

''ശ്രീലങ്ക ലോകകപ്പ് ഇന്ത്യക്ക് വില്‍ക്കുകയായിരുന്നു. ലങ്കയാണ് ജയിക്കേണ്ടിയിരുന്നത്. എന്നാല്‍ ഞങ്ങള്‍ ലോകകപ്പ് ഇന്ത്യക്ക് വിറ്റു. ഇതിപ്പോള്‍ എനിക്ക് പറയമമെന്ന് തോന്നി. ഒരു താരത്തെയും ഈ ഫിക്‌സിംഗുമായി ഞാന്‍ ബന്ധപ്പെടുത്തുന്നില്ല. എന്നാല്‍ ടീം തിരഞ്ഞെടുപ്പിന് ഇതില്‍ പങ്കുണ്ട്. ഈ കോഴയില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എനിക്ക് ഇപ്പോള്‍ പറയാനാവില്ല.'' അദ്ദേഹം പറഞ്ഞു.

നേരത്തെ 1996-ല്‍ ലങ്കക്ക് ലോക കിരീടം നേടിക്കൊടുത്ത നായകന്‍ അര്‍ജുന രണതുംഗയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ഫൈനല്‍ നടക്കുമ്പോള്‍ കമന്റേറ്ററായി രംണതുംഗ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ക്യാച്ചുകള്‍ കൈവിടുന്നത് അടക്കമുള്ള ഫീല്‍ഡിങ് പിഴവുകള്‍ നോക്കുമ്പോള്‍ ശ്രീലങ്കന്‍ താരങ്ങളുടെ പ്രകടനം സംശയാസ്പദമായിരുന്നുവെന്നും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

മഹിന്ദാനന്ദ അലുത്ഗാമേജയുടെ ആരോപണത്തില്‍ ക്രിമിനല്‍ അന്വേഷണം ആരംഭിച്ചതായി ശ്രീലങ്കന്‍ കായികമന്ത്രാലയ സെക്രട്ടറി കെ.ഡി.എസ് റുവാന്‍ചന്ദ്ര അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ അരവിന്ദ ഡിസില്‍വയെ ചോദ്യം ചെയ്തത്.

ഇതിനിടെ മഹിന്ദാനന്ദ അലുത്ഗാമേജയുടെ ആരോപണത്തിന് മറുപടിയുമായി 2011 ലോകകപ്പിലെ ലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര രംഗത്തെത്തിയിരുന്നു. ഒത്തുകളി സംബന്ധിച്ച തെളിവുകളുണ്ടെങ്കില്‍ ഐ.സി.സിക്കും അഴിമതി വിരുദ്ധ വിഭാഗത്തിനും സുരക്ഷാ യൂണിറ്റിനും കൈമാറണമെന്ന് സംഗക്കാര ആവശ്യപ്പെട്ടു.

2011 ഏപ്രിൽ രണ്ടിന്​ നടന്ന ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ ആറ്​ വിക്കറ്റിന്​ തകർത്തിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സാണ് നേടിയത്. എന്നാല്‍ 49-ാം ഓവറില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു.

അഴിമതി വിവാദങ്ങളിൽ പതിവായി ഉൾപ്പെടാറുള്ള ടീമാണ് ശ്രീലങ്ക. 2018 ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ മാച്ച് ഫിക്സിംഗ് വിവാദത്തില്‍ ശ്രീലങ്ക ഉള്‍പ്പെട്ടിട്ടുണ്ട്. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട്, പേര് വെളിപ്പെടുത്താത്ത മൂന്ന് മുൻ കളിക്കാര്‍ക്കെതിരെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അന്വേഷണം നടത്തുന്നുണ്ട്. മാച്ച് ഫിക്സിംഗിനായി ശ്രീലങ്ക കടുത്ത ശിക്ഷാനടപടികൾ അവതരിപ്പിക്കുകയും സ്പോർട്സ് വാതുവയ്പ്പ് നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്തിട്ടുണ്ട്.

ലിമിറ്റഡ് ഓവർ ലീഗുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ മുൻ ശ്രീലങ്കൻ ഫാസ്റ്റ് ബോളർ ദിൽഹാര ലോകുഹെറ്റിഗെയെ 2018 ൽ സസ്പെൻഡ് ചെയ്തിരുന്നു. ശ്രീലങ്കൻ മുൻ നായകൻ സനത് ജയസൂര്യ, മുൻ പേസർ നുവാൻ ജൊയ്സ എന്നിവര്‍ക്ക് എതിരെ നേരത്തെ ഐസിസി അഴിമതി വിരുദ്ധ കോഡ് പ്രകാരം കേസെടുത്തിരുന്നു

മാച്ച് ഫിക്സിംഗ് അന്വേഷണവുമായി സഹകരിക്കാത്തതിനെ തുടര്‍ന്ന്‍ ജയസൂര്യ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും രണ്ട് വർഷത്തേക്ക് വിലക്കുകയും ചെയ്തു. മാച്ച് ഫിക്സിംഗുമയി ബന്ധപ്പെട്ട് സോയ്‌സയെ സസ്‌പെൻഡും ചെയ്തിരുന്നു.

Anweshanam
www.anweshanam.com