തകർന്നടിഞ്ഞ് ആർസിബി; ഡൽഹി ക്യാപിറ്റൽസിന് തകര്‍പ്പന്‍ ജയം

197 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനേ സാധിച്ചുള്ളൂ
തകർന്നടിഞ്ഞ് ആർസിബി; ഡൽഹി ക്യാപിറ്റൽസിന് തകര്‍പ്പന്‍ ജയം

ദുബായ്: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 59 റൺസിന്‍റെ തകര്‍പ്പന്‍ ജയം. ജയത്തോടെ ഡൽഹി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തി. 197 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനേ സാധിച്ചുള്ളൂ. 43 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോലിയാണ് ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ. ഡൽഹിക്ക് വേണ്ടി കഗീസോ റബാഡ നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. അക്ഷര്‍ പട്ടേല്‍ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തി.

197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് സ്‌കോര്‍ 20-ല്‍ നില്‍ക്കെ ഫോമിലുള്ള ദേവ്ദത്ത് പടിക്കലിനെ (4) നഷ്ടമായി. തൊട്ടടുത്ത ഓവറില്‍ ആരോണ്‍ ഫിഞ്ചിനെ മടക്കി അക്ഷര്‍ പട്ടേല്‍ ബാംഗ്ലൂരിനെ പ്രതിരോധത്തിലാക്കി. 14 പന്തില്‍ നിന്ന് 13 റണ്‍സ് മാത്രമാണ് ഫിഞ്ചിന് നേടാനായത്.

വൈകാതെ ആറു പന്തില്‍ നിന്ന് ഒമ്പത് റണ്‍സെടുത്ത ഡിവില്ലിയേഴ്‌സും മോയിന്‍ അലിയും (11) മടങ്ങിയതോടെ ഡല്‍ഹി കളിയില്‍ പിടിമുറുക്കി.

വാഷിങ്ടണ്‍ സുന്ദര്‍ (17), ശിവം ദുബെ (11), ഇസുരു ഉദാന (1), സിറാജ് (5) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് 196 റണ്‍സെടുത്തത്.

അര്‍ധ സെഞ്ചുറി നേടിയ മാര്‍ക്കസ് സ്റ്റോയ്‌നിസും തകര്‍ത്തടിച്ച പൃഥ്വി ഷായുമാണ് ഡല്‍ഹിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 26 പന്തുകള്‍ നേരിട്ട സ്റ്റോയ്‌നിസ് രണ്ടു സിക്‌സും ആറ് ഫോറുമടക്കം 53 റണ്‍സോടെ പുറത്താകാതെ നിന്നു.

ബാംഗ്ലൂര്‍ നിരയില്‍ നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങിയ വാഷിങ്ടണ്‍ സുന്ദര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. നവ്ദീപ് സെയ്‌നിയാണ് ബാംഗ്ലൂര്‍ നിരയില്‍ കൂടുതല്‍ അടി വാങ്ങിയ ബൗളര്‍. മൂന്ന് ഓവറില്‍ 48 റണ്‍സാണ് താരം വഴങ്ങിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com