ചെന്നൈയെ തകര്‍ത്ത് ഡൽഹി ക്യാപിറ്റൽസ്; 44 റണ്‍സ് ജയം

176 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുക്കാനേ സാധിച്ചുള്ളൂ
 ചെന്നൈയെ  തകര്‍ത്ത് ഡൽഹി ക്യാപിറ്റൽസ്; 44 റണ്‍സ് ജയം

ഐപിഎല്‍ പതിമൂന്നാം സീസണിലെ ഏഴാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിനു ജയം. 44 റൺസിനാണ് ഡല്‍ഹി സിഎസ്കെയെ പരാജയപ്പെടുത്തിയത്.

176 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുക്കാനേ സാധിച്ചുള്ളൂ. 43 റൺസെടുത്ത ഫാഫ് ഡുപ്ലെസി ആണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. ഡൽഹിക്കായി കഗീസോ റബാഡ മൂന്നും ആൻറിച് നോർജെ രണ്ടും വിക്കറ്റുകൾ വീതം വീഴ്ത്തി. ജയത്തോടെ രണ്ട് മത്സരങ്ങളിൽ രണ്ട് ജയവുമായി ഡൽഹി പോയിൻ്റ് ടേബിളിൽ ഒന്നാമതെത്തി.

ടോസ് ലഭിച്ച ചെന്നൈ ഡൽഹിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ചെന്നൈ നിരയിൽ ഫാഫ് ഡുപ്ലെസി (35 പന്തിൽ 43) മാത്രമാണ് പൊരുതിയത്. ഓപ്പണർമാരായ മുരളി വിജയ് (15 റൺസിൽ 10), ഷെയ്ൻ വാട്സൻ (16 പന്തിൽ 14) എന്നിവർ ഒന്നാം വിക്കറ്റിൽ 23 റൺസ് മാത്രമാണ് കൂട്ടിച്ചേർത്തത്. അഞ്ചാം ഓവറിൽ അക്സർ പട്ടേൽ വാട്സനെ ഹെറ്റ്മയറിന്റെ കൈകളിൽ എത്തിച്ചു.

ആറാം ഓവറിൽ മുരളി വിജയിയെ ആൻറിച്ച് നോർജെയും പുറത്താക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ നിറംമങ്ങിയ ഋതുരാജ് ഗെയ്ക്ക്‌വാദിന് രണ്ടാമത്തെ അവസരവും മുതലാക്കാനായില്ല. 10–ാം ഓവറിൽ കീപ്പർ ഋഷഭ് പന്തിന്റെ ത്രോയിൽ അക്സർ പട്ടേൽ ഗെയ്ക്ക്‌വാദിനെ റണ്ണൗട്ട് ആക്കുകയായിരുന്നു. പിന്നീട് എത്തിയ, കേദാർ യാദവ് (21 പന്തിൽ 26), എം.എസ്.ധോണി ( 12 പന്തിൽ 15), രവീന്ദ്ര ജഡേജ (9 പന്തിൽ 12) എന്നിവർക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. രണ്ടു പന്തിൽ ഒരു റൺസെടുത്ത് സാം കറൻ പുറത്താകാതെ നിന്നു.

ഓപ്പണിങ് ബാറ്റ്സ്മാൻ പൃഥ്വി ഷായുടെ അർധസെഞ്ചുറിയുടെ കരുത്തിലാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരെ നിശ്ചിത 20 ഓവറിൽ ഡൽഹി 3 വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തത്. ഒന്നാം വിക്കറ്റിൽ പൃഥ്വി ഷായും (43 പന്തിൽ 64) ശിഖർ ധവാനും (27 പന്തിൽ 35) ചേർന്ന് 94 റൺസാണ് കൂട്ടിച്ചേർത്തത്.

ചെന്നൈ: ഷെയ്ൻ വാട്സൻ, മുരളി വിജയ്, ഫാഫ് ഡുപ്ലെസി, ഋതുരാജ് ഗെയ്ക്ക്‌വാദ്, എം‌.എസ്.ധോണി (ക്യാപ്റ്റൻ/കീപ്പർ), സാം കറൻ, കേദാർ ജാദവ്, രവീന്ദ്ര ജഡേജ, പിയൂഷ് ചൗള, ദീപക് ചാഹർ, ജോഷ് ഹെയ്സൽവുഡ്

ഡൽഹി: ശിഖർ ധവാൻ, പൃഥ്വി ഷാ, ഷിംറോൺ ഹെറ്റ്മെയർ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, മാർക്കസ് സ്റ്റോയ്നിസ്, അക്സർ പട്ടേൽ, അമിത് മിശ്ര, കഗിസോ റബാഡ, ആൻറിച്ച് നോർജെ, ആവേശ് ഖാൻ

Related Stories

Anweshanam
www.anweshanam.com