ഡല്‍ഹി ക്യാപിറ്റല്‍സിന് 13 റണ്‍സ് ജയം

162 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സില്‍ ഒതുങ്ങി
 ഡല്‍ഹി ക്യാപിറ്റല്‍സിന് 13 റണ്‍സ് ജയം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 13 റണ്‍സ് ജയം. 162 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സില്‍ ഒതുങ്ങി. 35 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികള്‍ സഹിതം 41 റണ്‍സെടുത്ത ബെന്‍ സ്റ്റോക്ക്‌സാണ് റോയല്‍സിന്റെ ടോപ് സ്‌കോറര്‍.

അവസാന അഞ്ചോറിലെ കൃത്യതയാര്‍ന്ന ബോളിങ്ങാണ് ഡല്‍ഹിക്ക് ജയമൊരുക്കിയത്. ഡല്‍ഹിക്കായി ശിഖര്‍ ധവാന്‍ 57 റണ്‍സും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 53 റണ്‍സുമെടുത്തു. ജോഫ്ര ആര്‍ച്ചര്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തി.

162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ റോയല്‍സിനായി ഓപ്പണര്‍മാരായ ബെന്‍ സ്റ്റോക്ക്‌സും ജോസ് ബട്ട്‌ലറും ചേര്‍ന്ന് 3 ഓവറില്‍ 37 റണ്‍സ് അടിച്ചുകൂട്ടി. ഒമ്പത് പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്നു ഫേറുമടക്കം 22 റണ്‍സെടുത്ത ബട്ട്‌ലറെ പുറത്താക്കി ആന്റിച്ച് നോര്‍ക്കിയയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. നേര്‍ക്കിയയുടെ 155 കി.മീ വേഗത്തിലെത്തിയ പന്തിലാണ് ബട്ട്‌ലര്‍ പുറത്തായത്.

പിന്നാലെയെത്തിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് നാലു പന്തുകള്‍ മാത്രം നേരിട്ട് ഒരു റണ്ണുമായി മടങ്ങി.

തുടര്‍ന്ന് സ്റ്റോക്ക്‌സ് - സഞ്ജു സാംസണ്‍ കൂട്ടുകെട്ട് റോയല്‍സ് സ്‌കോര്‍ 86 വരെയെത്തിച്ചു. 11-ാം ഓവറില്‍ സ്റ്റോക്ക്‌സ് പുറത്തായ ശേഷം തൊട്ടടുത്ത ഓവറില്‍ സഞ്ജുവും മടങ്ങി. 18 പന്തുകള്‍ നേരിട്ട സഞ്ജു രണ്ട് സിക്‌സറുകളടക്കം 25 റണ്‍സെടുത്തു.

റോബിന്‍ ഉത്തപ്പ 27 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും മൂന്നു ഫോറുമടക്കം 32 റണ്‍സെടുത്തു. ഡല്‍ഹിക്കായി ആന്റിച്ച് നോര്‍ക്കിയ, അരങ്ങേറ്റക്കാരന്‍ തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡൽഹി വൻ തകർച്ചയോടെയാണ് ബാറ്റിങ് തുടങ്ങിയത്. ഇന്നിങ്സിലെ ആദ്യ പന്തിൽത്തന്നെ യുവ ഓപ്പണർ പൃഥ്വി ഷാ ക്ലീൻ ബൗൾഡായി. സ്കോർ 10 റൺസ് തികച്ചപ്പോഴേക്കും അജിൻക്യ രഹാനെയും (രണ്ട് റൺസ്) പുറത്തായി. ജോഫ്ര ആർച്ചറിന്റെ രണ്ടാം വരവിൽ റോബിൻ ഉത്തപ്പയ്ക്ക് ക്യാച്ച്. തുടർന്ന് ഒത്തുചേർന്ന ശിഖർ ധവാൻ – ശ്രേയസ് അയ്യർ സഖ്യമാണ് ഡൽഹി ഇന്നിങ്സിന് അടിത്തറയിട്ടത്. രാജസ്ഥാൻ ബോളിങ്ങിനെ ക്ഷമയോടെ നേരിട്ട ഇരുവരും മൂന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തു. 55 പന്തിൽനിന്ന് ഇരുവരും ഡൽഹി സ്കോർ ബോർഡിലെത്തിച്ചത് 85 റൺസ്.

ഇതിനിടെ, തുടർച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണർ ശിഖർ ധവാൻ അർധസെഞ്ചുറി തികച്ചു. 30 പന്തിൽനിന്നായിരുന്നു ധവാന്റെ അർധസെഞ്ചുറി. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തുതന്നെ സിക്സർ പറത്തിയാണ് ധവാൻ അർധസെഞ്ചുറി നേട്ടം ആഘോഷിച്ചത്. എന്നാൽ, ഇതേ ഓവറിൽത്തന്നെ ധവാൻ മടങ്ങി. ശ്രേയസ് അയ്യരുടെ പന്തിൽ സ്വിച്ച് ഹിറ്റിനു ശ്രമിച്ച ധവാൻ കാർത്തിക് ത്യാഗിയുടെ കൈകളിലൊതുങ്ങി. സമ്പാദ്യം 33 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതം 57 റൺസ്.

മാർക്കസ് സ്റ്റോയ്നിസിനെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഡൽഹി സ്കോർ 100 കടത്തി. അധികം വൈകാതെ അയ്യരും അർധസെഞ്ചുറി പൂർത്തിയാക്കി. ഉനദ്കട് എറിഞ്ഞ 15–ാം ഓവറിലെ നാലാം പന്ത് സിക്സർ പറത്തി അർധസെഞ്ചുറിയോട് അടുത്ത അയ്യർ, അവസാന പന്തിൽ മറ്റൊരു സിക്സിലൂടെ അർധസെഞ്ചുറി പിന്നിട്ടു. 40 പന്തിൽനിന്നാണ് അയ്യരുടെ അർധസെഞ്ചുറി. തൊട്ടടുത്ത ഓവറിൽ അയ്യരും പുറത്തായി. കാർത്തിക് ത്യാഗിയുടെ പന്തിൽ ജോഫ്ര ആർച്ചർ ക്യാച്ചെടുത്തു. സമ്പാദ്യം 43 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 53 റൺസ്.

ഇതിനുശേഷം പിടിമുറുക്കിയ രാജസ്ഥാൻ റോയൽസ് ബോളർമാർ കൂറ്റൻ സ്കോറിലേക്കുള്ള ഡല്‍ഹിയുടെ കുതിപ്പിന് കടിഞ്ഞാണിട്ടു. വമ്പനടികൾക്കു കെൽപ്പുള്ള മാർക്കസ് സ്റ്റോയ്നിസ്, അലക്സ് കാരി തുടങ്ങിയവർ ക്രീസിൽനിന്ന അവസാന ഓവറുകളിൽ ജോഫ്ര ആർച്ചറും സംഘവും മുറുക്കമാർന്ന ബോളിങ്ങിലൂടെ ഡൽഹിയെ പിടിച്ചുകെട്ടി. അവസാന മൂന്ന് ഓവറിൽ ആറു വിക്കറ്റ് കയ്യിലിരിക്കെ ഡൽഹിക്ക് നേടാനായത് വെറും 18 റൺസാണ്.

കാർത്തിക് ത്യാഗിയെറിഞ്ഞ 18–ാം ഓവറിൽ അഞ്ച്, ആർച്ചറിന്റെ 19–ാം ഓവറിൽ അഞ്ച്, ജയ്ദേവ് ഉനദ്കടിന്റെ 20–ാം ഓവറിൽ എട്ട് എന്നിങ്ങനെയാണ് ഡൽഹി സ്കോർ ചെയ്തത്. ഇതിനിടെ സ്റ്റോയ്നിസ് (19 പന്തിൽ 18), അലക്സ് കാരി (13 പന്തിൽ 14), അക്സർ പട്ടേൽ (നാലു പന്തിൽ ഏഴ്) എന്നിവർ പുറത്താവുകയും ചെയ്തു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com