ഐപിഎല്‍ 2020: നിലവിലെ ചാംപ്യൻമാരെ തകർത്ത് ചെന്നൈയ്ക്ക് തകര്‍പ്പന്‍ ജയം

മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ ചെന്നൈ മറികടന്നു
ഐപിഎല്‍ 2020: നിലവിലെ ചാംപ്യൻമാരെ തകർത്ത് ചെന്നൈയ്ക്ക് തകര്‍പ്പന്‍ ജയം

അബുദാബി: ഐ.പി.എല്‍ 13-ാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് അഞ്ചു വിക്കറ്റ് ജയം. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ ചെന്നൈ മറികടന്നു.

അര്‍ധ സെഞ്ചുറി നേടിയ അമ്പാട്ടി റായുഡു, ഫാഫ് ഡൂപ്ലെസിസ് എന്നിവരുടെ ഇന്നിങ്‌സുകളാണ് ചെന്നൈ വിജയത്തില്‍ നിര്‍ണായകമായത്. 48 പന്തുകള്‍ നേരിട്ട റായുഡു മൂന്നു സിക്‌സും ആറു ഫോറുമടക്കം 71 റണ്‍സെടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തിരുന്നു. മികച്ച തുടക്കം ലഭിച്ച മുംബൈയെ ചെന്നൈ ക്യാപ്റ്റന്‍ എം.എസ് ധോനി തന്റെ ബൗളിങ് മാറ്റങ്ങളിലൂടെ പിടിച്ചുകെട്ടുകയായിരുന്നു. 4.4 ഓവറില്‍ 46 റണ്‍സ് ചേര്‍ത്ത ശേഷമാണ് രോഹിത് ശര്‍മ - ക്വിന്റണ്‍ ഡിക്കോക്ക് ഓപ്പണിങ് സഖ്യം പിരിഞ്ഞത്. രോഹിത് ശര്‍മ 12 റണ്‍സും ക്വിന്റണ്‍ ഡിക്കോക്ക് 33 റണ്‍സും നേടി.

31 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത സൗരഭ് തിവാരിയാണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍.

ചെന്നൈക്കായി എന്‍ഗിഡി മൂന്നു വിക്കറ്റ് വീഴ്ത്തി. ദീപക് ചാഹറും ജഡേജയും രണ്ടു വിക്കറ്റ് വീതമെടുത്തു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com