വിവാദ ട്വീറ്റിന് പിന്നാലെ സി.എസ്.കെ ടീം ഡോക്ടര്‍ പുറത്ത്
Sports

വിവാദ ട്വീറ്റിന് പിന്നാലെ സി.എസ്.കെ ടീം ഡോക്ടര്‍ പുറത്ത്

'ശവപ്പെട്ടികളില്‍ പിഎം കെയേഴ്‌സ് സ്റ്റിക്കറുണ്ടോ?' ട്വീറ്റിന് പിന്നാലെ ടീം ഡോക്ടര്‍ പുറത്താക്കി സി.എസ്.കെ

Sreehari

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തെക്കുറിച്ച് ട്വീറ്റു ചെയ്ത ടീം ഡോക്ടറെ ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മാറ്റി. ഐ.പി.എല്ലിന്റെ ആദ്യ സീസണ്‍ തൊട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പമുള്ള ഡോ. മധു തോട്ടപ്പിള്ളിലിനെയാണ് ടീം മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഔദ്യോഗിക ട്വിറ്ററിലൂടെയായിരുന്നു ഇക്കാര്യം സി.എസ്.കെ അറിയിച്ചിരിക്കുന്നത്.

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സൈനികര്‍ക്ക് ജീവത്യാഗമുണ്ടായ സംഭവത്തെ പരാമര്‍ശിച്ചായിരുന്നു ഡോ. മധു തോട്ടപ്പിള്ളിലിന്റെ ട്വീറ്റ്. കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖയോട് ചേർന്നുള്ള ഗൽവാൻ താഴ്വരയിൽ ചൈനയുമായുള്ള സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ഇന്ത്യയുടെ തിരിച്ചടിയിൽ നാൽപതിലേറെ ചൈനീസ് സൈനികർ മരിച്ചതായി കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച വാർത്താ ഏജൻസി എ.എൻ.ഐ. റിപ്പോർട്ട് ചെയ്തിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ടാണ് മധു ട്വീറ്റ് ചെയ്തത്.

'ആ ശവപ്പെട്ടികൾ പി.എം കെയേഴ്സ് സ്റ്റിക്കർ പതിപ്പിച്ചിട്ടാണോ തിരിച്ചുവരിക? വെറുതേ ഒരു ആകാംക്ഷ'- ഇതായിരുന്നു മധുവിന്റെ ട്വീറ്റ്. ഇതിന് പിന്നാലെ മധുവിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. ഇതോടെ ഡോക്ടർ ട്വീറ്റ് പിൻവലിക്കുകയും ചെയ്തു.

ഇന്ന് ഉച്ചയോടെയാണ് ടീം ഡോക്ടറുടെ ട്വീറ്റിനെ തള്ളിപ്പറഞ്ഞുകൊണ്ടും അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്ത വിവരം അറിയിച്ചും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ട്വീറ്റു ചെയ്തത്. മോശമായ ഭാഷയിലുള്ള ആ ട്വീറ്റിനെക്കുറിച്ച് ടീം മാനേജ്‌മെന്റിന് അറിവില്ലായിരുന്നുവെന്നും ട്വീറ്റില്‍ പറയുന്നുണ്ട്. ഐ.പി.എല്‍ ആരംഭിച്ച 2008 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഔദ്യോഗിക ടീം ഡോക്ടറാണ് മധു തോട്ടപ്പിള്ളില്‍.

Anweshanam
www.anweshanam.com