ഹൈദരാബാദിന് എതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 20 റൺസ് ജയം

168 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടാനേ സാധിച്ചുള്ളൂ
 ഹൈദരാബാദിന് എതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 20 റൺസ് ജയം

ദുബായ്: സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 20 റൺസ് ജയം. 168 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടാനേ സാധിച്ചുള്ളൂ. 57 റൺസെടുത്ത കെയിൻ വില്ല്യംസൺ പൊരുതിയെങ്കിലും ടീമിനെ രക്ഷിക്കാനായില്ല.

ചെന്നൈക്കായി ഡ്വെയിൻ ബ്രാവോയും കരൺ ശർമ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ (9), മനീഷ് പാണ്ഡെ (4) എന്നിവരെ തുടക്കത്തിലേ നഷ്ടമായി. മൂന്നാം വിക്കറ്റിൽ ജോണി ബെയർസ്റ്റോ-കെയിൻ വില്ല്യംസൺ സഖ്യം 32 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ബെയർസ്റ്റോയെ (23) ക്ലീൻ ബൗൾഡാക്കിയ ജഡേജയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. നാലാം വിക്കറ്റിൽ വില്ല്യംസണും പ്രിയം ഗാർഗും ചേർന്ന് 40 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ, അതിഗംഭീരമായി പന്തെറിഞ്ഞ ചെന്നൈ ബൗളർമാർ സൺറൈസേഴ്സ് ബാറ്റ്സ്മാന്മാർക്ക് മേൽ സമ്മർദ്ദം സൃഷ്ടിച്ചു. 15ആം ഓവറിൽ ഗാർഗ് (16) മടങ്ങി. യുവതാരത്തെ കരൺ ശർമ്മയുടെ പന്തിൽ ജഡേജ പിടികൂടുകയായിരുന്നു.

വിജയ് ശങ്കർ (12) ബ്രാവോയുടെ പന്തിൽ ജഡേജയുടെ കൈകളിൽ അവസാനിച്ചു. ഇതിനിടെ 36 പന്തുകളിൽ വില്ല്യംസൺ ഫിഫ്റ്റി തികച്ചു. മറുപുറത്ത് പങ്കാളികളെ നഷ്ടമായിക്കൊണ്ടിരുന്ന വില്ല്യംസൺ കൂറ്റൻ ഷോട്ടിനു ശ്രമിച്ച് പുറത്തായി. കരൺ ശർമ്മയുടെ പന്തിൽ ശർദ്ദുൽ താക്കൂർ പിടിച്ച് പുറത്താകുമ്പോൾ 39 പന്തുകളിൽ 57 റൺസായിരുന്നു വില്ല്യംസണിൻ്റെ സമ്പാദ്യം. വില്ല്യംസണിൻ്റെ പുറത്താവലിനു ശേഷം റാഷിദ് ഖാനും ഷഹബാസ് നദീമും ചേർന്ന് ചില കൂറ്റൻ ഷോട്ടുകൾ ഉതിർത്ത് സൺറൈസേഴ്സിന് വീണ്ടും പ്രതീക്ഷ നൽകി. എന്നാൽ ശർദ്ദുൽ താക്കൂറിൻ്റെ പന്തിൽ റാഷിദ് ഖാൻ (14) ഹിറ്റ്‌വിക്കറ്റായതോടെ ഹൈദരാബാദ് പൂർണമായും പ്രതീക്ഷ കൈവിട്ടു. അവസാന ഓവറിൽ ഷഹബാസ് നദീമിനെ (5) ബ്രാവോ സ്വന്തം ബൗളിംഗിൽ പിടികൂടി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തിരുന്നു.

മൂന്നാം വിക്കറ്റില്‍ 81 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഷെയ്ന്‍ വാട്ട്‌സണ്‍ - അമ്പാട്ടി റായുഡു സഖ്യമാണ് ചെന്നൈയുടെ ഭേദപ്പെട്ട സ്‌കോറിനു പിന്നില്‍. 34 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 41 റണ്‍സെടുത്ത റായുഡുവിനെ പുറത്താക്കി ഖലീല്‍ അഹമ്മദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 38 പന്തുകള്‍ നേരിട്ട വാട്ട്‌സണ്‍ മൂന്നു സിക്‌സും ഒരു ഫോറുമടക്കം 42 റണ്‍സെടുത്തു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്കായി പതിവിന് വിപരീതമായി ഫാഫ് ഡുപ്ലെസിക്കൊപ്പം സാം കറനാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ഡുപ്ലെസി (0) മടങ്ങിയെങ്കിലും തകര്‍ത്തടിച്ച സാം കറന്‍ 21 പന്തില്‍ നിന്ന് രണ്ടു സിക്‌സും മൂന്നു ഫോറുമടക്കം 31 റണ്‍സെടുത്താണ് മടങ്ങിയത്. സന്ദീപ് ശര്‍മയാണ് കറനെയും ഡുപ്ലെസിയേയും മടക്കിയത്.

നാല് ഓവറില്‍ വെറും 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തിയ സന്ദീപ് ഹൈദരാബാദിനായി ബൗളിങ്ങില്‍ തിളങ്ങി. ഖലീല്‍ അഹമ്മദും രണ്ടു വിക്കറ്റ് വീഴ്ത്തി.

ക്യാപ്റ്റന്‍ ധോനി 13 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് പുറത്തായി. രവീന്ദ്ര ജഡേജ 10 പന്തില്‍ നിന്ന് 25 റണ്‍സോടെ പുറത്താകാതെ നിന്നു.

Related Stories

Anweshanam
www.anweshanam.com