2022 ലോകകപ്പ്​ മത്സര ക്രമം പുറത്തുവിട്ട് ഫിഫ; കിക്കോഫ്​ നവംബർ 21ന്​
Sports

2022 ലോകകപ്പ്​ മത്സര ക്രമം പുറത്തുവിട്ട് ഫിഫ; കിക്കോഫ്​ നവംബർ 21ന്​

By News Desk

Published on :

ദോഹ: കോവിഡ്​ ആശങ്കകൾ തുടരുന്നതിനിടെ ഫുട്ബോൾ ആരാധകർക്ക് പ്രതീക്ഷയുടെയും ആഹ്ലാദത്തിന്റെയും വാർത്തയുമായി ഫിഫ. 2022 ഖത്തർ ലോകകപ്പി​​​ന്റെ മത്സര ക്രമം പുറത്തുവിട്ടാണ് ഫിഫ ആരാധകർക്ക് സന്തോഷ വാർത്തയുമായി എത്തിയത്. ഉദ്​ഘാടന മൽസരം നവംബർ 21ന്​ ദോഹ സമയം ഉച്ചക്ക്​ ഒന്നിന്​ അൽബെയ്​ത്ത്​ സ്​റ്റേഡിയത്തിൽ​ നടക്കും. ഖത്തർ ദേശീയദിനമായ ഡിസംബർ 18ന് വൈകുന്നേരം ആറിന് ലുസൈൽ സ്​റ്റേഡിയത്തിലാണ്​ ഫൈനൽ പോരാട്ടം. ഇന്ത്യൻ സമയം ഉച്ചക്ക്​ 3.30, വൈകീട്ട്​ 6.30, രാത്രി 8.30, 10.30,​ 12.30 എന്നിങ്ങനെയാണ്​ മത്സരങ്ങളുടെ സമയ ക്രമം.

ഗ്രൂപ്പ് ഘട്ടത്തിൽ ദിവസം നാല്​ മൽസരങ്ങളാണുണ്ടാവുക. ഉച്ച തിരിഞ്ഞ് 1.00, 4.00 വൈകിട്ട് 7.00, രാത്രി 10.00 എന്നിങ്ങനെയാണ് ഗ്രൂപ്പ്​ മൽസരങ്ങളുടെ പ്രാദേശിക കിക്കോഫ്​ സമയം. ടീമുകൾക്ക്​ വിശ്രമിക്കാൻ ആവശ്യമായ സമയം കിട്ടുന്ന തരത്തിൽ 12 ദിവസമായാണ്​ ഗ്രൂപ്പ്​ ഘട്ടം നടക്കുക. ദിവസം നാല്​ മൽസരങ്ങൾ. നോക്കൗട്ട് റൗണ്ട് മത്സരങ്ങൾ വൈകിട്ട് 6.00നും 10.00നും നടക്കും. മൂന്നാം സ്​ഥാനക്കാരെ കണ്ടെത്തുന്നതിനായുള്ള പ്ലേ ഓഫ് മത്സരത്തിന് ഖലീഫ രാജ്യാന്തര സ്​റ്റേഡിയം വേദിയാകും. ഡിസംബർ 17നാണ് മത്സരം.

60,000 പേർക്കിരിക്കാവുന്ന അൽബെയ്​ത്​ സ്​റ്റേഡിയത്തിൻെറ വിസ്​മയക്കാഴ്​ചകളിലേക്ക്​ കൂടിയായിരിക്കും 2022 ലോകകപ്പിൻെറ ഉദ്​ഘാടന മത്സരം മിഴിതുറക്കുന്നത്​. ലോകത്തിലെ ഏറ്റവും വലിയ ടെന്റിന്റെ മാതൃകയിലാണ്​ അൽബെയ്​ത്​ സ്​റ്റേഡിയം. നിർമാണപ്രവൃത്തികൾ അവസാനഘട്ടത്തിലാണ്​. ലുസൈൽസ്​റ്റേഡിയത്തിൽ ദോഹ സമയം വൈകുന്നേരം ആറിനാണ്​ ഫൈനലിന്​ വിസിലുയരുക. 80,000 കാണികൾക്കിരിക്കാൻ ശേഷിയുള്ളതാണ്​ ലുസൈൽ സ്​റ്റേഡിയം.

ലോകകപ്പ് ഫൈനൽ റൗണ്ടിലേക്കുള്ള യോഗ്യതാ റൗണ്ട് അവസാനിക്കുന്ന 2022 മാർച്ച് അവസാനത്തോടെ പങ്കെടുക്കുന്ന ടീമുകളുടെ അവസാന ചിത്രം തെളിയും. മാർച്ചിന് ശേഷമായിരിക്കും ടീമുകളുടെ ഗ്രൂപ്പ് നറുക്കെടുപ്പ്. ലോകകപ്പ് ടിക്കറ്റുകൾ FIFA.com/tickets എന്ന വെബ്സൈറ്റ് വഴി മാത്രമായിരിക്കും വിൽപന നടത്തുക. മത്സരങ്ങളുടെ സമയം, ടിക്കറ്റ് നിരക്ക് തുടങ്ങിയ വിവരങ്ങൾ പിന്നീട് പുറത്തുവിടും.

Anweshanam
www.anweshanam.com