കര്‍ഷക സമരം: എട്ട് ഭേദഗതികൾ വാഗ്ദാനം ചെയ്ത് കേന്ദ്രം; നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷകർ

കേന്ദ്ര സർക്കാർ കോർപ്പറേറ്റ് ശക്തികളുടെ പിടിയിലെന്ന് യോഗത്തിൽ കർഷക സംഘടനകൾ ആരോപിച്ചു
കര്‍ഷക സമരം: എട്ട് ഭേദഗതികൾ വാഗ്ദാനം ചെയ്ത് കേന്ദ്രം; നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷകർ

ന്യൂഡല്‍ഹി: കാർഷിക നിയമം പിൻവലിക്കണമെന്ന നിലപാട് മയപ്പെടുത്തണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാർ. കർഷക സംഘടനാ നേതാക്കളുമായുള്ള യോഗത്തിലായിരുന്നു അഭ്യർത്ഥന. എട്ട് ഭേദഗതികൾ വരുത്താമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

നിയമത്തിൽ ഭേദഗതി വരുത്താമെന്ന നിലപാട് തങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമെന്ന് കർഷക സംഘടന നേതാക്കൾ പറഞ്ഞു. ഭേദഗതി കൊണ്ട് തങ്ങൾ മുന്നോട്ട് വെയ്ക്കുന്ന ആശങ്കകൾ പരിഹരിക്കപ്പെടില്ല. ഇങ്ങനെ ചർച്ച തുടരാനാണെങ്കിൽ ബഹിഷ്‌കരിക്കുമെന്ന് ക്രാന്തികാരി കിസാൻ യൂണിയൻ നേതാക്കൾ പറഞ്ഞു.

കര്‍ഷകര്‍ റോഡില്‍ തുടരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഒരു വര്‍ഷം വരെയും സമാധാനപരമായി റോഡിലിരുന്ന് സമരം ചെയ്യാന്‍ തയാറാണെന്ന് കര്‍ഷകര്‍ പറഞ്ഞു. ഒരു വര്‍ഷത്തേക്കുള്ള റേഷനും ഭക്ഷ്യവസ്തുക്കളും കരുതിയിട്ടുണ്ട്. ഒരിക്കലും അക്രമത്തിന്‍റെ പാതയിലേക്ക് തിരിയില്ലെന്നും കര്‍ഷകര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

കേന്ദ്ര സർക്കാർ കോർപ്പറേറ്റ് ശക്തികളുടെ പിടിയിലെന്ന് യോഗത്തിൽ കർഷക സംഘടനകൾ ആരോപിച്ചു. നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കേന്ദ്രസർക്കാർ പ്രതിനിധികൾ വാദിച്ചുവെങ്കിലും നിയമം പിൻവലിക്കുന്നില്ലെങ്കിൽ യോഗം മുന്നോട്ടുകൊണ്ടുപോകുന്നതിൽ അർത്ഥമില്ലെന്ന് കർഷക സംഘടനകൾ പറഞ്ഞു. ഇക്കാര്യത്തിൽ നിലപാട് പിന്നീട് അറിയിക്കാമെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. ഇതേ തുടർന്ന് ചർച്ച അൽപസമയത്തേക്ക് നിർത്തിവെച്ചു. പിന്നീട് വീണ്ടും യോഗം ആരംഭിച്ചപ്പോഴാണ് എട്ട് ഭേദഗതികളെന്ന നിലപാട് സർക്കാർ പറഞ്ഞത്.

കഴിഞ്ഞ ദിവസത്തെ ചര്‍ച്ചകളില്‍ തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമില്ലെന്നും പ്രശ്‌നത്തിന് പരിഹാരമാണ് വേണ്ടതെന്നും കര്‍ഷകര്‍ വ്യക്തമാക്കി. കഴിഞ്ഞ ചര്‍ച്ചകളുടെ അടക്കം മിനിട്‌സ് നല്‍കണമെന്നും അംഗീകരിച്ച കാര്യങ്ങള്‍ എഴുതി നല്‍കണമെന്നുമുള്ള കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലാണ്​ കര്‍ഷക സംഘടനാ നേതാക്കളും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ അടക്കമുള്ള ​കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടക്കുന്നത്​. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ തീരുമാനമാകാതെ അലസിപ്പിരിഞ്ഞിരുന്നു. കാര്‍ഷികോല്‍പന്നങ്ങള്‍ക്കുള്ള താങ്ങുവില (എം.എസ്​.പി) തുടരുമെന്നും പുതിയ നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി ചെയ്യാമെന്നുമാണ്​ കേന്ദ്രം ആവര്‍ത്തിക്കുന്നത്​. എന്നാല്‍, നിയമങ്ങളെല്ലാം പിന്‍വലിക്കാതെ പിന്‍മാറില്ലെന്ന ഉറച്ച നിലപാടിലാണ്​ കര്‍ഷകര്‍. ഇതിന്‍െറ ഭാഗമായി ഡിസംബര്‍ എട്ടിന്​ ഭാരത്​ ബന്ദിനും ആഹ്വാനം ചെയ്​തിട്ടുണ്ട്​.

കൃഷിമന്ത്രിക്ക്​ പുറ​മെ കേന്ദ്ര റെയില്‍വേ- വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്​. 35 ഓളം കര്‍ഷക സംഘടനകളെ പ്രതിനിധീകരിച്ച്‌​ 40 നേതാക്കളാണ്​ പ​ങ്കെടുക്കുന്നത്​. ചര്‍ച്ച നടക്കുന്ന വിജ്ഞാന്‍ ഭവനു മുന്നില്‍ നിരവധി കര്‍ഷകര്‍ തടിച്ചുകൂടിയിട്ടുണ്ട്. വന്‍ പൊലീസ് സന്നാഹവും സ്ഥലത്തുണ്ട്.

കഴിഞ്ഞ ചര്‍ച്ചകളിലേപ്പോലെതന്നെ ഇത്തവണയും ഇടവേള സമയത്ത് സര്‍ക്കാര്‍ നല്‍കിയ ഭക്ഷണം കഴിക്കാന്‍ കര്‍ഷകര്‍ തയ്യാറായില്ല. തങ്ങള്‍ക്കുള്ള ഭക്ഷണം കൊണ്ടുവന്നിട്ടുണ്ടെന്നും സര്‍ക്കാരിന്റെ ഭക്ഷണം വേണ്ടെന്നും അവര്‍ വ്യക്തമാക്കി. അവര്‍ തറയിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com