ചൈന കയ്യടക്കിയ ഇന്ത്യന്‍ പ്രദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചുപിടിക്കുമോ? രാഹുൽ ഗാന്ധി
Top News

ചൈന കയ്യടക്കിയ ഇന്ത്യന്‍ പ്രദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചുപിടിക്കുമോ? രാഹുൽ ഗാന്ധി

ചൈന കയ്യടക്കിയ ഇന്ത്യന്‍ പ്രദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എന്ന് തിരിച്ചുപിടിക്കും. അതല്ല അതും ദൈവത്തിന്റെ കളിയാണെന്ന് പറഞ്ഞൊഴിയുമോ എന്ന് രാഹുൽ ഗാന്ധി

News Desk

News Desk

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും. ചൈന കയ്യടക്കിയ ഇന്ത്യന്‍ പ്രദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എന്ന് തിരിച്ചുപിടിക്കുമെന്നാണ് രാഹുലിന്റെ ചോദ്യം. അതല്ല അതും ദൈവത്തിന്റെ കളിയാണെന്ന് പറഞ്ഞൊഴിയുമോ എന്നും അദ്ദേഹം ട്വീറ്റില്‍ ചോദിക്കുന്നു.

'ചൈനക്കാര്‍ നമ്മുടെ ഭൂമി കൈയേറിയിരിക്കുന്നു. ശരിക്കും അത് എന്ന് തിരിച്ചു പിടിക്കാനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. അതല്ല, ഇതും ഇനി ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് പറഞ്ഞ് കയ്യൊഴിയുമോ?'- രാഹുല്‍ കുറിച്ചു. നേരത്തെ കോവിഡ് കാരണം സാമ്പത്തിക നില തകര്‍ന്നത് ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചാണ് രാഹുലിന്റെ പരാമര്‍ശം.

നേരത്തെയും അതിര്‍ത്തി പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ പ്രദേശങ്ങളില്‍ ചൈനീസ് അധിനിവേശം ഉണ്ടായിട്ടുണ്ട്. അത് മറച്ചുവെച്ച്‌ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് ദേശദ്രോഹമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയില്‍ ചൈനീസ് സാന്നിദ്ധ്യമില്ലെന്ന് നുണ പറയുന്നവര്‍ ശരിക്കും രാജ്യദ്രോഹികളാണ്. എന്റെ രാഷ്ട്രീയ ജീവിതത്തിന് എന്ത് സംഭവിച്ചാലും ഇന്ത്യയെ സംബന്ധിച്ചുള്ള കാര്യത്തില്‍ ഞാന്‍ നുണ പറയില്ലന്നെും അദ്ദേഹം അന്ന് തുറന്നടിച്ചു.

അതേസമയം അതിര്‍ത്തിയിലെ പിരിമുറുക്കം ലഘൂകരിക്കാന്‍ അഞ്ച് കാര്യങ്ങളില്‍ ഇന്ത്യയും ചൈനയും സമവായത്തിലെത്തിയതായാണ് റിപ്പോര്‍ട്ട്. സൈനിക വിന്യാസം പിന്‍വലിക്കല്‍, അതിര്‍ത്തിയിലെ പിരിമുറുക്കം കുറയ്ക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് സമവായം. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

Anweshanam
www.anweshanam.com