സംസ്ഥാനത്ത് വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ പരിഗണിക്കേണ്ടി വരും: മുഖ്യമന്ത്രി

സര്‍വകക്ഷി യോഗത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന
സംസ്ഥാനത്ത് വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ പരിഗണിക്കേണ്ടി വരും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആലോചിക്കേണ്ടി വരും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗികളുടെ എണ്ണം ആയിരം കടന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

സമ്ബൂര്‍ണ ലോക്ക്‌ഡൗണ്‍ നിര്‍ദേശം പല ഭാഗത്ത് നിന്നും ഉയര്‍ന്നുവരുന്നുണ്ട്. വിദഗ്ധരടക്കം ഇക്കാര്യം പറയുന്നുണ്ട്. ഗൗരവമായി സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പരിഗണിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍വകക്ഷി യോഗത്തില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സര്‍വകക്ഷി യോഗം സര്‍ക്കാര്‍ വിളിച്ച്‌ ചേര്‍ത്തിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഈ ആഴ്ച അവസാനത്തോടെയോ അടുത്ത ആഴ്ച ആദ്യമോ സംസ്ഥാനം സമ്ബൂര്‍ണ ലോക്ക്ഡൗണിലേയ്ക്ക് നീങ്ങും.

സംസ്ഥാനത്ത് ആദ്യമായി ആയിരം കടന്ന് രോഗികളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് ഇന്ന്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 120 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 92 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 43 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് നേരത്തെ മാര്‍ച്ച്‌ 23ന് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്ബായിരുന്നു ഇത്. സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. അടിയന്തര ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമേ ഇപ്പോള്‍ ആളുകള്‍ക്ക് അതിര്‍ത്തി കടന്ന് വരാനാകൂ. അതും ജാഗ്രത പോര്‍ട്ടലില്‍ നിന്ന് പാസ് ഉറപ്പായി ലഭിച്ചതിന് ശേഷം മാത്രമാണ് കടത്തിവിടുന്നത്. കര്‍ശനപരിശോധനകള്‍ക്ക് ശേഷം മാത്രമേ അതിര്‍ത്തി കടത്തി വിടൂ എന്ന് സര്‍ക്കാര്‍ അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com