കരിപ്പൂരിൽ മഴക്കാലത്ത് വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡിജിസിഎ
Top News

കരിപ്പൂരിൽ മഴക്കാലത്ത് വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡിജിസിഎ

ആഗസ്റ്റ് ഏഴിന് ദുബൈയിൽ നിന്നെത്തിയ ഐഎക്സ് 1344 വിമാനം അപകടത്തിൽപെട്ട് യാത്രക്കാരും ജീവനക്കാരും അടക്കം 18 പേർ മരിച്ച സാഹചര്യത്തിലാണ് ഡിജിസിഎ ഉത്തരവ്

News Desk

News Desk

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിലക്കേര്‍പ്പെടുത്തി. മണ്‍സൂണ്‍ കാലയളവിലാണ് വിലക്കുള്ളത്. ആഗസ്റ്റ് ഏഴിന് ദുബൈയിൽ നിന്നെത്തിയ ഐഎക്സ് 1344 വിമാനം അപകടത്തിൽപെട്ട് യാത്രക്കാരും ജീവനക്കാരും അടക്കം 18 പേർ മരിച്ച സാഹചര്യത്തിലാണ് ഡിജിസിഎ ഉത്തരവ്.

കരിപ്പൂർ വിമാനപകടത്തില്‍ 18 പേര്‍ മരിച്ചിരുന്നു. പരിക്കേറ്റവരിൽ 86 പേരാണ് ഇനി ചികിത്സയിലുള്ളത് രണ്ട് പേരാണ് കോഴിക്കോട്ടെ രണ്ട് സ്വകാര്യ ആശുപത്രികളിൽ വെന്‍റിേലേറ്ററിലുള്ളത്. 24 പേർക്ക് കാര്യമായ പരിക്കുണ്ട്. 60 പേരുടെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അപകടത്തിന് പിന്നാലെ വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

കരിപ്പൂർ വിമാനാപകടം അന്വേഷിക്കുന്ന എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും കോക്ക് പിറ്റ് വോയിസ് റെക്കോർഡറും വിശദമായി പരിശോധിച്ച് വരികയാണ്. അമേരിക്കയിലെ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡുമായും ബോയിംഗിൻ്റെ സംഘവുമായും സഹകരിച്ചാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.

ഇതിനിടെ കരിപ്പൂരിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അരുണ്‍കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പൈലറ്റുമാരെ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

Anweshanam
www.anweshanam.com