ആര്യോഗ സേതു ആപ്പ് രൂപകല്പനയില്‍ കൈമലര്‍ത്തി കേന്ദ്രസര്‍ക്കാര്‍ എന്‍ഐസി

ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ആര് , എങ്ങനെ നിര്‍മ്മിച്ചുവെന്നറിയില്ലെന്ന് നാഷണല്‍ ഇന്‍ഫേര്‍മറ്റിക്ക് സെന്റര്‍
ആര്യോഗ സേതു ആപ്പ് രൂപകല്പനയില്‍ കൈമലര്‍ത്തി കേന്ദ്രസര്‍ക്കാര്‍ എന്‍ഐസി

ന്യൂഡെല്‍ഹി: ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ആര് , എങ്ങനെ നിര്‍മ്മിച്ചുവെന്നറിയില്ലെന്ന് നാഷണല്‍ ഇന്‍ഫേര്‍മറ്റിക്ക് സെന്റര്‍ (എന്‍ഐസി ) - ഹിന്ദു സ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്.

രാജ്യത്തിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റുകള്‍ രൂപകല്പന ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണ് ദേശീയ ഇ-ഗവേണന്‍സ് ഡിവിഷന്‍ എന്‍ഐസി. കൊറോണ വൈറസ് വ്യാപനം റിപ്പോര്‍ട്ടു ചെയ്യപ്പെടാന്‍ തുടങ്ങിയതിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ആരോഗ്യ സേതു ആപ്പ് എല്ലാവരും തങ്ങളുടെ മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് ഔദ്യോഗികമായി തന്നെ അറിയിപ്പ് നല്‍കിയിരുന്നു.

കോവിഡ് - 19 വ്യാപനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി മോദി രാഷ്ട്രത്തോട് നടത്തിയ ആദ്യ അഭിസംബോധനയില്‍ തന്നെ ആരോഗ്യ സേതു ആപ്പ് ഏവരും ഡൗണ്‍ലോഡ് ചെയ്യണമെന്ന് ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്ന് ദശലക്ഷകണക്കിന് പൗരന്മാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. വിദേശത്തു നിന്ന് മടങ്ങിവരുന്നവരുള്‍പ്പെടെ നിര്‍ബ്ബന്ധമായും ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന കര്‍ശന നിര്‍ദ്ദേശം എയര്‍പോര്‍ട്ടുകളിലുള്‍പ്പെടെ നടപ്പിലാക്കി. യാത്രക്കാരുടെ മൊബൈല്‍ ഫോണില്‍ ഈ ആപ്പുണ്ടെങ്കില്‍ മാത്രമെ വിമാനത്തില്‍/കപ്പലില്‍ കയറുവാന്‍ അനുവദിക്കപ്പെടുമായിരുന്നുള്ളൂ.

കോവിഡ് രോഗ മേഖലയില്‍ നിന്നെത്തുവരുടെയും കോവിഡു രോഗികള്ളടെയും സഞ്ചാരപഥം കൃത്യമായി നിരീ ക്ഷിക്കുന്നതിനും രോഗസംബന്ധിയായ വിവരങ്ങള്‍ നല്‍കുവാനുമാണ് ആരോഗ്യ സേതു ആപ്പെന്നായിരുന്നു വിശദീകരണം. ക്വാറന്റയ്ന്‍ ലംഘനമുണ്ടായാല്‍ അത് തിരിച്ചറിയപ്പെടുന്നതിനും ആപ്പ് ഉപയോഗിക്കപ്പെട്ടു.

കോവിഡിന്റെ മറവില്‍ രാജ്യത്തെ പൗരന്മാരുടെ സൈബര്‍ സ്വകാര്യതയില്‍ കടന്നു കയറുവാനുള്ള അപൂര്‍വ്വ അവസരമാണ് ആപ്ലിക്കേഷന്‍ തുറന്നിട്ടതെന്ന ആക്ഷേപങ്ങള്‍ ഉയര്‍ന്നുവെങ്കിലും അത് വകവെക്കപ്പെട്ടില്ല. എന്നാലിപ്പോള്‍ ഇതിന്റെ പിന്നില്‍ ആരെന്ന് വ്യക്തതയില്ലെന്നു കൂടി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം തന്നെ തുറന്നുസമ്മതിച്ചരിക്കുന്നു! രാജ്യത്തിന്റെ സൈബര്‍ സുരക്ഷ/ ഡാറ്റാ സംരക്ഷണം അതീവ ദുര്‍ബ്ബലാവസ്ഥയിലെന്നാണ് ഇവിടെ കൂടുതല്‍ വ്യക്തമാകുന്നത്.

വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിലാണ് തങ്ങള്‍ക്ക് ആപ്പിനെക്കുറിച്ച് അറിയില്ലെന്ന് എന്‍ഐസി വ്യക്തമാക്കിയിരിക്കുന്നത്. സൗരവ് ദാസ് എന്ന വ്യക്തി സമര്‍പ്പിച്ച വിവരാവകാശ അപേക്ഷക്കുളള മറുപടിയിലാണ് ആപ്പ് രൂപകല്പന ചെയ്യപ്പെട്ടതു സംബന്ധിച്ച വിവരങ്ങളില്‍ എന്‍ഐസികൈമലര്‍ത്തിയത്. എന്നാല്‍ ആരോഗ്യ സേതു ആപ്പിനൊപ്പം gov.in (https://aarogyasetu.gov.in/) എങ്ങനെ വന്നുവെന്നതിന് വിശദീകരണം നല്‍കണമെന്ന നിര്‍ദ്ദേശം എന്‍ഐസിക്ക് കേന്ദ്ര വിവരാവകാശ കമ്മിഷന്‍ നല്‍കിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

Related Stories

Anweshanam
www.anweshanam.com