പത്താം ക്ലാസുകാരിയെ ബലാത്സംഗം ചെയ്‌ത്‌ കൊന്നു: ബംഗാളിൽ പ്രതിഷേധം ശക്തം

പ്രതിഷേധക്കാരെ പിരിച്ചുവിടാനായി ​പൊലീസ്​ ലാത്തിവീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്​തു
പത്താം ക്ലാസുകാരിയെ ബലാത്സംഗം ചെയ്‌ത്‌ കൊന്നു: ബംഗാളിൽ പ്രതിഷേധം ശക്തം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്​കൂൾ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്​തു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പത്താംക്ലാസ്​ വിദ്യാർഥിനിയെ കാണാതായതിനെ തുടർന്ന്​ വീട്ടുകാർ ​തിരയുന്നതിനിടെ മരക്കൊമ്പിൽ കെട്ടിത്തൂക്കിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന്​ ശേഷം കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ചാണ് പ്രതിഷേധം ശക്തമാകുന്നത്.

കൊൽക്കത്തയെ സിലിഗുരിയുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 31ൽ ഗതാഗതം തടയുകയും വാഹനങ്ങൾക്ക്​ പ്രതിഷേധക്കാർ തീയിടുകയും ചെയ്​തു. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി ​പൊലീസ്​ ലാത്തിവീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്​തു. ഞായറാഴ്​ച ഉച്ചക്ക്​ ശേഷം ആരംഭിച്ച പ്രതിഷേധത്തിനിടെ മൂന്നു ബസുകളും ഒരു പൊലീസ്​ വാഹനവും പ്രദേശവാസികൾ അഗ്​നിക്കിരയാക്കി.

അതേസമയം പോസ്​റ്റ്​മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടിയുടെ മരണം വിഷം ഉള്ളിൽ ചെന്നത്​ മൂലമാണെന്നും ശരീരത്തിൽ മുറിവുകളോ മറ്റു പാടുകളോ ഇല്ലെന്നും​ ​പൊലീസ്​ പറയുന്നു. എന്നാൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ പ്രദേശത്തുനിന്ന്​ രണ്ടു സൈക്കിളും മൊബൈൽ ഫോണുകളും നാട്ടുകാർ കണ്ടെടുത്തു. ഇവ പൊലീസിന്​ കൈമാറിയിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com