വെൽഫെയർ ബന്ധത്തിൽ ഭിന്നത രൂക്ഷം; മുരളീധരനെ തള്ളി മുല്ലപ്പള്ളി

സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ തന്റേതാണ് അവസാന വാക്കെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍
വെൽഫെയർ ബന്ധത്തിൽ ഭിന്നത രൂക്ഷം; മുരളീധരനെ തള്ളി മുല്ലപ്പള്ളി

കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസിലെ തർക്കം തെരഞ്ഞെടുപ്പ് അവസാനിച്ചിട്ടും തുടരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി മതേതര പാർട്ടിയെന്ന കെ മുരളീധരന്റെ വാദം തള്ളി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഖ്യമോ നീക്കുപോക്കാ ഉണ്ടാക്കിയിട്ടില്ല. അത്തരമൊരു നിര്‍ദേശം എവിടേയും നല്‍കിയിട്ടില്ല. സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ തന്റേതാണ് അവസാന വാക്കെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി മത നിരപേക്ഷ പാര്‍ട്ടിയാണെന്ന നിലപാട് എ ഐ സി സിക്കില്ല. മുക്കത്ത് പാര്‍ട്ടി നടപടി എടുത്തിട്ടുണ്ടെന്നോ എന്ന് പരിശോധിക്കട്ടെ. താന്‍ ഇതുവരെ എവിടേയും വിവാദം ഉണ്ടാക്കിയിട്ടില്ല. കെ മുരളീധരനെ പോലെ അനുഭവ സമ്പത്തുള്ള നേതാവിന് മറുപടി പറയാന്‍ താന്‍ ആളല്ല എന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ജമാ അത്തെ ഇസ്ലാമി മതേതര സംഘടനയാണെന്നും, വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം യുഡിഎഫിന് നേട്ടമുണ്ടാക്കിയെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടിരുന്നു. മതരാഷ്ട്രവാദമെന്ന നയം ജമാ അത്തെ ഇസ്ലാമി മാറ്റിയിട്ടുണ്ട്. പ്രാദേശിക തലത്തില്‍ നീക്കുപോക്കുണ്ടാക്കിയാല്‍ പ്രവര്‍ത്തകര്‍ അനുസരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്കിനെ അനുകൂലിച്ച് നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സനും രംഗത്തു വന്നിരുന്നു.

അതേസമയം, കോൺഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന രാഷ്ട്രീയ കാര്യ സമിതി ഈ മാസം 17 ന് ചേരും. 17 ന് കെപിസിസി നേതാക്കളും എംഎല്‍എമാരും രാജ്ഭവന്‍ മാര്‍ച്ച്‌ നടത്തും. കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചാണിത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com