
വാഷിങ്ടണ്‍: വാഷിങ്ടണ്‍ കാലാപത്തില്‍ മരണം അഞ്ചായി. അമേരിക്കന്‍ പാര്‍ലമെന്റില്‍ ഡോണാള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ അതിക്രമിച്ച് കടന്നതോടെയാണ് അമേരിക്കന്‍ കോണ്‍ഗ്രസ് കലാപ ഭൂമിയായത്. പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഒരു പൊലീസുകാരനാണ് ഒടുവില്‍ മരിച്ചത്. കഴിഞ്ഞ ദിവസം ഒരു സ്ത്രീ അടക്കം നാലു പേര് കൊല്ലപ്പെട്ടിരുന്നു.
നിയുക്ത പ്രസിഡന്റ് ജോബൈഡന്റെ വിജയം ഇരു സഭകളും അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസ് സമ്മേളിക്കുന്നതിനിടെയാണ് സംഭവം. പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് അക്രമികളെ പൂര്‍ണമായി ഒഴിപ്പിച്ച ശേഷം സഭ വീണ്ടും ചേര്‍ന്നു. സംഭവത്തെ തുടര്‍ന്ന് ഡോണാള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. യൂട്യൂബില്‍ നിന്ന് ട്രംപിന്റെ വീഡിയോകള്‍ നീക്കം ചെയ്തു. 12 മണിക്കൂര്‍ നേരത്തേക്കാണ് നടപടി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുളള ലോക നേതാക്കള്‍ സംഭവത്തെ അപലപിച്ചു. ജനാധിപത്യം അട്ടിമറിക്കപ്പെടരുതെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
അതിനിടെ ക്യാപിറ്റോള്‍ അക്രമത്തെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അപലപിച്ചു. ക്യാപിറ്റോള്‍ അക്രമം അതിഹീനമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. അക്രമം ഉണ്ടായ ഉടനെ അക്രമികളെ പുറത്താക്കാന്‍ ദേശീയ സുരക്ഷാ സേനയെ വിന്യസിച്ചു. അക്രമം നടത്തിയവര്‍ അമേരിക്കയെ പ്രതിനിധീകരിക്കുന്നവര്‍ അല്ല. നിയമപരമായാണ് താന്‍ മുന്നോട്ടുപോയത്. അമേരിക്ക എപ്പോഴും നിയമവാഴ്ചയ്ക്ക് പ്രാധാന്യം നല്കുന്ന രാജ്യമാണെന്നും ട്രംപ് പറഞ്ഞു.