വാളയാർ കേസ്; നീതി തേടി രക്ഷിതാക്കളുടെ സത്യാഗ്രഹം

ഇന്ന് മുതല്‍ ഒരാഴ്ചയാണ് സമരം.
വാളയാർ കേസ്; നീതി തേടി രക്ഷിതാക്കളുടെ സത്യാഗ്രഹം

പാലക്കാട്: വാളയാർ പെൺകുട്ടികൾക്ക് നീതി തേടി രക്ഷിതാക്കളുടെ സത്യാഗ്രഹം ഇന്ന് മുതൽ വീട്ടുമുറ്റത്ത് നടക്കും. പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതി വിധി വന്ന് 1 വ‍ർഷം പൂർത്തിയാകുന്ന ഇന്ന് മുതൽ ഒരാഴ്ചയാണ് സമരം. കോടതി മേൽനോട്ടത്തിലുളള പുനരന്വേഷണമാണ് മാതാപിതാക്കളുടെ ആവശ്യം.

വാളയാർ കേസിലെ മൂന്ന് പ്രതികളെ പാലക്കാട് പോക്സോ കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത് 2019 ഒക്ടോബർ 25നായിരുന്നു. ഇതിനും ഒരാഴ്ച മുമ്പ് ഒരു പ്രതിയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പ്രോസിക്യൂഷന്റെ പരാജയമെന്നാരോപിച്ച് നീതി തേടി ഒരുവർഷത്തിനകം വാളയാർ നിരവധി സമരങ്ങൾക്ക് കേന്ദ്രമായി.

പോക്സോ കോടതി വിധി റദ്ദാക്കണമെന്ന സർക്കാർ അപ്പീലിൽ അടുത്തയാഴ്ച ഹൈക്കോടതിയിൽ വാദം തുടങ്ങാനിരിക്കെയാണ് നീതി വൈകുന്നുവെന്ന് ആരോപിച്ച് മാതാപിതാക്കളുടെ സമരം. ഇതിനിടെ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ, പ്രോസിക്യൂഷന് വീഴ്ചപറ്റിയതായി റിപ്പോർട്ട് നൽകിയിരുന്നു.

കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ശുപാർശ ചെയ്യുന്ന റിപ്പോർട്ട് നിലനിൽക്കെ, അന്വേഷണ മേധാവിയായ ഡിവൈഎസ്പി സോജന് സ്ഥാനക്കയറ്റം നൽകിയത് അട്ടിമറിയായാണ് മാതാപിതാക്കൾ കാണുന്നത്. നടപടിക്രമങ്ങളുടെ സാങ്കേതികമായ കാലതാമസമെന്നാണ് സർക്കാർ വിശദീകരണം.

ആദ്യം പിന്തുണയറിച്ച പുന്നല ശ്രീകുമാറിനെതിരെ വരെ ആരോപണമുന്നയിച്ച് കുടുംബം നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിനിടെ, പെൺകുട്ടികളുടെ അച്ഛനും അമ്മയും മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു. ഏതന്വേഷണത്തിനും കൂടെയെന്ന് സർക്കാർ ഉറപ്പും നൽകി.

Related Stories

Anweshanam
www.anweshanam.com