
കൊച്ചി: വാളയാർ കേസിൽ എസ്ഐക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ഹൈക്കോടതി. ഉത്തരവില്‍ എസ്ഐക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്. കേസ് കൈകാര്യം ചെയ്തതില്‍ രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ക്കും വീഴ്ച സംഭവിച്ചതായും കോടതി നിരീക്ഷിച്ചു. കേസിന്റെ വിചാരണയില്‍ പാലക്കാട് പോക്സോ കോടതിക്കും വീഴ്ച സംഭവിച്ചുവെന്ന് ഹൈക്കോടതി
വിചാരണ കോടതിയുടെ ആറ് വിധികള്‍ക്കെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. വിധി ദുര്‍ബലപ്പെടുത്തി പുതിയ വിചാരണ വേണമെന്നും, കേസില്‍ തുരന്വേഷണം വേണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്ന് പ്രേസിക്യൂട്ടര് അഡ്വ. നാസര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയും പോക്സോ കോടതി വിധി റദ്ദാക്കി, പുനര്‍ വിചാരണയ്ക്ക് കേസ് മടക്കി അയക്കുകയും ചെയ്തുവെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു.
പുനര്‍ വിചാരണയ്ക്ക് വേണ്ടി പ്രതികള്‍ ജനുവരി 20 ന് കോടതിയില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടാല്‍ തുടരന്വേഷണത്തിന് അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. ആവശ്യപ്പെട്ടാല്‍ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കാം. പുതിയ സാക്ഷികളെയും വിസ്തരിക്കാം.
കേസില്‍ തുടരന്വേഷണം വേണമെന്ന് അന്വേഷണ ഏജന്‍സി കോടതിയില്‍ ആവശ്യപ്പെട്ടാല്‍ അതും അനുവദിക്കാവുന്നതാണെന്ന് ഹൈക്കോടതി വിധിയില്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
വിചാരണക്കോടതി വിധി റദ്ദാക്കി തുടരന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു പെൺകുട്ടികളുടെ രക്ഷിതാക്കളും സർക്കാറും ആവശ്യപ്പെട്ടത്. പ്രതികൾക്കെതിരെ മാതാപിതാക്കൾ നൽകിയ രഹസ്യമൊഴി കോടതി പരിഗണിച്ചില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
സാക്ഷിമൊഴികളും തെളിവുകളും കൃത്യമായി വിചാരണകോടതിയിൽ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ വീഴ്ചവരുത്തിയതായി സർക്കാർ ചൂണ്ടിക്കാട്ടി. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥർ ശാസ്ത്രീയ അന്വേഷണം നടത്തിയില്ല. ഡി.എൻ.എ സാംപിൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടി.
2017 ജനുവരിയിലും മാർച്ചിലുമായാണ് പാലക്കാട് വാളയാറിൽ 13ഉം ഒമ്പതും വയസുള്ള സഹോദരിമാരെ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് പെൺകുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ അഞ്ച് പേരാണ് കേസിലെ പ്രതികൾ. വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് എന്നിവരാണ് പ്രധാന പ്രതികൾ. ഇതിൽ പ്രദീപ് കുമാർ കേസ് നടക്കുന്നതിനിടെ ആത്മഹത്യ ചെയ്തിരുന്നു.
വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി 2019 ഒക്ടോബറിലാണ് കീഴ്ക്കോടതി പ്രതികളെ വെറുതെവിട്ടത്. അന്വേഷണത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി സർക്കാർ അപ്പീലിൻമേലുള്ള വാദത്തിൽ സമ്മതിച്ചിരുന്നു.