വാളയാർ കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള അപ്പീലിൽ വിധി ഇന്ന്

പ്രതികളായ വി മധു, ഷിബു, എം മധു, പ്രദീപ്‌ എന്നിവരെ പാലക്കാട്‌ പോക്സോ കോടതിയാണ് വെറുതെ വിട്ടത്
വാളയാർ കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള അപ്പീലിൽ വിധി ഇന്ന്

കൊച്ചി: വാളയാറിൽ സഹോദരിമാരെ പീഡിപ്പിച്ച ശേഷം കൊല്ലപ്പെട്ട രീതിയിൽ കണ്ടെത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരായ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധിപറയും. സര്‍ക്കാരും, കുട്ടികളുടെ രക്ഷിതാക്കളും നല്‍കിയ അപ്പീലിലാണ് വിധി പറയുക. പ്രതികളായ വി മധു, ഷിബു, എം മധു, പ്രദീപ്‌ എന്നിവരെ പാലക്കാട്‌ പോക്സോ കോടതിയാണ് വെറുതെ വിട്ടത്.

പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി സംശയത്തിന്റെ അനുകൂല്യത്തില്‍ ആണ് ഇവരെ വെറുതെ വിട്ടിരുന്നത്. എന്നാല്‍ കേസ് അന്വേഷിച്ച പോലീസിന്റെയും കേസ് നടത്തിയ പ്രോസിക്യൂഷന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകള്‍ ആണ് പ്രതികളെ വെറുതെ വിടാന്‍ കാരണമായതെന്നാണ് സര്‍ക്കാര്‍ വാദം.

വേണ്ടിവന്നാല്‍ തുടര്‍ അന്വേഷണത്തിനോ പുനര്‍ അന്വേഷണത്തിനോ സര്‍ക്കാര്‍ ഒരുക്കമാണെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. തെളിവുകള്‍ പരിശോധിക്കുന്നതില്‍ വിചാരണ കോടതിയ്ക്കും വീഴ്ച സംഭവിച്ചെന്നു സര്‍ക്കാര്‍ വാദിച്ചു.

കേസില്‍ പോലീസ് തുടക്കം മുതല്‍ പ്രതികള്‍ക്ക് അനുകൂലമാക്കി കേസ് മാറ്റിയെന്നാണ് കുട്ടികളുടെ രക്ഷിതാക്കളുടെ വാദം.

2017 ജനുവരി 13നും , മാര്‍ച്ച്‌ 4നുമാണ് 13ഉം 9ഉം വയസ്സുള്ള കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളുടെ പീഢനം സഹിക്കാനാവാതെയാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തെന്നാണ് കേസ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com