വൈറ്റില പാലത്തിന് 6.73 കോടി രൂപ ലാഭം; ടോൾ നൽകാതെ സഞ്ചരിക്കാം; അഭിമാനമായി പാലം

വൈറ്റില പാലത്തിന് 6.73 കോടി രൂപ ലാഭം; ടോൾ നൽകാതെ സഞ്ചരിക്കാം; അഭിമാനമായി പാലം

കൊച്ചി: വൈറ്റില, കുണ്ടന്നൂർ പാലങ്ങൾ യാഥാർഥ്യമായതോടെ സംസ്ഥാന സർക്കാരിന് അഭിമാനിക്കാം. പറഞ്ഞതിലും കുറഞ്ഞ തുകയ്ക്ക് പാലം നിർമിക്കാനായി എന്ന നേട്ടത്തോടൊപ്പം എഞ്ചിനീയറിങ് മികവും എടുത്ത് പറയേണ്ടതാണ്. നിശ്ചിത തുകയേക്കാള്‍ 6.73 കോടി രൂപ ലാഭമുണ്ടാക്കി നിർമാണം പൂര്‍ത്തീകരിക്കുന്നുവെന്നതും ദേശീയപാതയില്‍ പൂർണാമായും സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന ആദ്യ പാലമെന്നതും എടുത്തുപറയേണ്ട സവിശേഷതകളാണ്. പൊതുജനങ്ങൾക്ക് ടോൾ നൽകാതെ യാത്ര ചെയ്യാം എന്നതും നേട്ടമാണ്.

വൈറ്റില മേൽപ്പാലത്തിന് 440 മീറ്റര്‍ നീളമാണ് ഉള്ളത്. അപ്രോച്ച് റോഡ് ഉള്‍പ്പടെ മേല്‍പ്പാലത്തിന്‍റെ ആകെ നീളം 720 മീറ്ററാണ്​. ഓരോ പാലത്തിലും മൂന്നുവരി വീതം ആറുവരിപ്പാതയായാണ് നിർമാണം. ഫ്ലൈഓവറിന് മെട്രോ റെയിലുമായി 5.5 മീറ്റര്‍ ഉയര വ്യത്യാസമുണ്ട്. കേന്ദ്ര റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം, ദേശീയപാത അതോറിറ്റി ഉള്‍പ്പടെ എല്ലാവരും അംഗീകരിച്ചതാണിത്. നിയമ വിധേയമായി ഒരു വാഹനത്തിന് അനുവദിച്ച പരമാവധി ഉയരം 4.7 മീറ്ററാണ്. അതിനാല്‍ തന്നെ ഉയരം കൂടിയ ലോറി, ട്രക്കുകള്‍, മറ്റ് ഭാരവാഹനങ്ങള്‍ എന്നിവക്ക്​ യാതൊരു ബുദ്ധിമുട്ടുമില്ലാതെ മേല്‍പ്പാലത്തിലൂടെ കടന്നുപോകാം.

പാലത്തിന് ഏഴര മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലുമായി രണ്ട് സർവിസ് റോഡുകളാണുള്ളത്​. ആലുവ ഭാഗത്തുനിന്നും മൊബിലിറ്റി ഹബ്ബ്, തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് വേണ്ടിയാണ് ഇടതുഭാഗത്തെ സർവിസ് റോഡ്. കടവന്ത്ര, പൊന്നുരുന്നി ഭാഗങ്ങളില്‍നിന്നും ആലുവ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് വേണ്ടിയാണ് വലതുഭാഗത്തെ സർവിസ് റോഡ്.

പൊന്നുരുന്നി ഭാഗത്തുനിന്നും ഹബ്ബിലേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ക്ക് വേണ്ടി ഈ സർവിസ് റോഡിന് താഴെയായി സ്ലിപ്പ് റോഡ് നിർമിച്ചിട്ടുണ്ട്. മേല്‍പ്പാലത്തിന് താഴെ കടവന്ത്ര തൃപ്പൂണിത്തുറ, ആലപ്പുഴ തൃപ്പൂണിത്തുറ, ആലപ്പുഴ ഹബ്ബ് എന്നീ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ സിഗ്‌നല്‍ സംവിധാനം വഴി നിയന്ത്രിക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

2017 ഡിസംബറില്‍ പദ്ധതിയുടെ നിർമാണോദ്ഘാടനം നിര്‍വഹിച്ചു. 18 മാസം കൊണ്ട് നിർമാണം പൂര്‍ത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍, ഇതിനിടയിലുണ്ടായ പ്രതിസന്ധികള്‍ മൂലം ചെറിയ കാലതാമസമുണ്ടായി. 2020 നവംബര്‍ 30നാണ് വൈറ്റില പാലത്തിന്‍റെ നിർമാണം പൂര്‍ത്തിയായത്. ഓരോ ഘട്ടത്തിലും നിരവധി പരിശോധനകള്‍ നടത്തി. 25 ലക്ഷം രൂപ മുടക്കി ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ധരെ കൊണ്ടുവന്ന് രണ്ട് തവണ പരിശോധന നടത്തി. 2020 ഡിസംബര്‍ 27 മുതല്‍ 29 വരെ ഭാരപരിശോധന നടത്തി. 126.4 മെട്രിക് ടണ്‍ ഭാരം കയറ്റിയാണ് പരിശോധന നടത്തിയത്. യോഗ്യതക്കാവശ്യമായ 85ന്​ പകരം 100 ശതമാനം ആണ് വൈറ്റില പാലത്തിന്​ ലഭിച്ചത്.

വെല്ലുവിളികൾ മറികടന്ന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പാലം ഉദ്ഘാടനം ചെയ്തതോടെ കൊച്ചിയുടെ ഗതാഗത കുരുക്കിന് പരിഹാരവും സംസ്ഥാനത്തിന് തന്നെ അഭിമാനമാവുകയും ചെയ്തു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com