ശശികല ഇന്ന് ചെന്നൈയിലെത്തും; തമിഴ്‌നാട്ടിൽ കനത്ത സുരക്ഷ

ശശികല ഇന്ന് ചെന്നൈയിലെത്തും; തമിഴ്‌നാട്ടിൽ കനത്ത സുരക്ഷ

ചെന്നൈ: ജയില്‍ മോചിതയായ വി കെ ശശികല ഇന്ന് ചെന്നൈയിലെത്തും. ടി നഗറിലുള്ള എംജിആറിന്‍റെ വസതിയിലെത്തി പ്രാര്‍ത്ഥിച്ച ശേഷം ശശികല പ്രവര്‍ത്തകരെ കാണും. ശശികലയുടെ തിരിച്ചുവരവ് ശക്തിപ്രകടനമാക്കാനുള്ള തയ്യാറെടുപ്പിലാണ് അണികൾ.

ദേവനഹള്ളിയിലെ റിസോര്‍ട്ടില്‍ നിന്ന് രാവിലെ 9 മണിക്ക് ശശികല ഹൊസൂറിലേക്കെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് തമിഴ്നാട് അതിര്‍ത്തിയാണ്. ഇവിടേക്ക് നിരവധി ശശികല അനുകൂലികളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

ബെംഗളൂരു മുതല്‍ ചെന്നൈ വരെ 32 ഇടങ്ങളിലാണ് സ്വീകരണ പരിപാടികള്‍. ശശികലയ്ക്കൊപ്പം ഇളവരശിയും ചെന്നൈയിലേക്ക് എത്തും. ശശികലയുടെ വരവിനോടനുബന്ധിച്ച്‌ അണ്ണാ ഡിഎംകെ ആസ്ഥാനത്തും പൊയസ് ഗാര്‍ഡനിലെ ജയ സ്മാരകത്തിലും സുരക്ഷ കൂട്ടിയിട്ടുണ്ട്. തമിഴ്നാട് കര്‍ണാടക അതിര്‍ത്തിയില്‍ 1500 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ജയ സമാധിയിലേക്കുള്ള റാലിക്ക് അനുമതിയുണ്ടെന്നാണ് ദിനകര പക്ഷം പറയുന്നത്. എന്നാല്‍, അനുമതി നല്‍കിയിട്ടില്ലെന്ന് പൊലീസും പറയുന്നു.5000 പ്രവര്‍ത്തകര്‍ ശശികലയുടെ സ്വീകരണപരിപാടികളില്‍ പങ്കെടുക്കുമെന്നാണ് വിവരം. അണ്ണാ ഡിഎംകെയുടെ ഇപ്പോഴത്തെ നേതാവ് താന്‍ തന്നെയാണ് എന്ന നിലപാട് പ്രഖ്യാപിക്കാനാണ് ശശികലയുടെ ഇന്നത്തെ നീക്കങ്ങളെന്നാണ് സൂചന.

ഇപിഎസ്-ഒപിഎസ് പക്ഷം ശശികലയെനേരത്തെ അണ്ണാഡിഎംകെയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ജയലളിതയെ ചതിച്ചവര്‍ക്കൊപ്പം പോകാനില്ലെന്ന നിലപാടാണ് ശശികല സ്വീകരിച്ചത്. അതുകൊണ്ടുതന്നെ തമിഴ്നാട് രാഷ്ട്രീയത്തില്‍ ഇനിയെന്തൊക്കെ സംഭവിക്കുമെന്ന ആകാംക്ഷയാണ് ബാക്കിയാകുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com