
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ചോദ്യം ചെയ്യല്‍ തുടങ്ങി. ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുളള കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് വിജിലന്‍സിന്റെ ചോദ്യം ചെയ്യല്‍. തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ യൂണിറ്റ് ഡി വൈ എസ് പി ശ്യാം കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.
രാവിലെ 9 മുതല്‍ 12 വരെയും ഉച്ചകഴിഞ്ഞ് 3 മുതല്‍ 5 വരെയുമാണ് സമയം ചോദ്യം ചെയ്യലിനായി മൂവാറ്റുപുഴ വിജിലന്‍സ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഓരോ മണിക്കൂറിലും പതിനഞ്ച് മിനിറ്റ് വിശ്രമം അനുവദിക്കണമെന്നും ശാരീരികമോ മാനസികമോ ആയി ബുദ്ധിമുട്ടിക്കരുതെന്നും കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരുടെ കോവിഡ് പരിശോധന നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. വിശദമായ ചോദ്യാവലിയും വിജിലന്‍സ് സംഘം തയ്യാറാക്കിയിട്ടുണ്ട്. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയശേഷമാണ് ചോദ്യം ചെയ്യലിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അനുമതി നല്‍കിയത്. കേസില്‍ അഞ്ചാംപ്രതിയാണ് ഇബ്രാഹിംകുഞ്ഞ്.
18നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്.