വെഞ്ഞാറമൂട് ഇരട്ട കൊലപാതകം; പ്രതികളെ രക്ഷപ്പെടുത്തിയത് ഐഎന്‍ടിയുസി നേതാക്കള്‍
Top News

വെഞ്ഞാറമൂട് ഇരട്ട കൊലപാതകം; പ്രതികളെ രക്ഷപ്പെടുത്തിയത് ഐഎന്‍ടിയുസി നേതാക്കള്‍

ഐഎന്‍ടിയുസി പ്രവര്‍ത്തകരായ ഉണ്ണിയും സഹോദരന്‍ സനലും ചേര്‍ന്നാണ് പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

News Desk

News Desk

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് ഐഎന്‍ടിയുസിയുടെ പ്രാദേശിക നേതാക്കളെന്ന് സൂചന. ഐഎന്‍ടിയുസി പ്രവര്‍ത്തകരായ ഉണ്ണിയും സഹോദരന്‍ സനലും ചേര്‍ന്നാണ് പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.അന്വേഷണം തങ്ങളിലേക്ക് എത്തും എന്നറിഞ്ഞതോടെ ഉണ്ണിയും സനലും ഒളിവില്‍ പോയിരിക്കുകയാണ്. ഇരുവരും നേരത്തെയും നിരവധി കേസുകളില്‍ പ്രതികളായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇന്നലെ ഇരട്ടക്കൊലപാതകത്തിന് ശേഷം പ്രതികളെ ഇവര്‍ ഒളിവില്‍ താമസിപ്പിക്കുകയായിരുന്നു. കൊലപാതകത്തിന്റെ ആസൂത്രണത്തിലും ഇരുവര്‍ക്കും പങ്കുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വെഞ്ഞാറമൂട് തേമ്ബാന്‍മൂട് ജംഗ്ഷനില്‍ രാത്രി 12 ഓടെയാണ് രണ്ട് ഡിവൈഎഫ്‌ഐ നേതാക്കളെ വെട്ടിക്കൊന്നത്. വെമ്പായം തേവലക്കാട് ഒഴിവുപാറ മിഥിലാജ് (32), തേമ്പാന്‍മൂട് കലുങ്കിന്‍മുഖം സ്വദേശി ഹക്ക് മുഹമ്മദ് (28) എന്നിവരാണ് മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷഹിന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹനം തടഞ്ഞുനിര്‍ത്തി ഇവരെ ആക്രമിക്കുകയായിരുന്നു.ബൈക്കില്‍ പോവുകയായിരുന്ന മൂവരെയും മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. മിഥിലാജും ഹക്കും വെട്ടേറ്റ് നിലത്തു വീണു. ഷഹിന്‍ ഓടി രക്ഷപ്പെട്ടു. ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരുക്കേറ്റ ഹക്കിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Anweshanam
www.anweshanam.com