വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; ഗൂഢാലോചനയിൽ അന്വേഷണം

പ്രതികള്‍ പാര്‍ട്ടി ഭാരവാഹികളോ അംഗങ്ങളോ അല്ലെന്ന് കെ മുരളീധരന്‍ എംപി.
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; ഗൂഢാലോചനയിൽ അന്വേഷണം

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതികള്‍ അറസ്റ്റിലായതിനു പിന്നാലെ കേസിലെ ഗൂഢാലോചനയെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇരട്ടക്കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത നാല് പ്രതികളും അറസ്റ്റിലായതോടെയാണ് ഗൂഡാലോചനയെ കുറിച്ചുളള അന്വേഷണം വെഞ്ഞാറമൂട് പൊലീസ് ആരംഭിച്ചത്.

പെട്ടെന്നുളള പ്രകോപനത്തില്‍ ഉണ്ടായ കൊലപാതകം എന്നാണ് പ്രതികളുടെ മൊഴി. എന്നാല്‍ അക്രമത്തിനു പിന്നില്‍ ആസൂത്രണമുണ്ടോ, പുറത്തു നിന്ന് ആരെങ്കിലും പ്രതികളെ സഹായിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളിലേക്കാണ് പൊലീസ് അന്വേഷണം കടക്കുന്നത്. മുമ്പ് ഏതെങ്കിലും ഘട്ടത്തില്‍ രാഷ്ട്രീയമായ സഹായം പ്രതികള്‍ക്ക് കിട്ടിയിട്ടുണ്ടോ എന്നും അന്വേഷിക്കും.

കൊലപാതകത്തിനു ശേഷം പ്രതികള്‍ അടൂര്‍ പ്രകാശ് എംപിയെ വിളിച്ചിരുന്നെന്ന മന്ത്രി ഇപി ജയരാജന്‍റെ പ്രസ്താവനയിലെ വസ്തുതയും അന്വേഷണ വിധേയമാകും. രാഷ്ട്രീയ കൊലപാതകമല്ലെന്ന നിലപാടുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നും രംഗത്തെത്തി. പ്രതികള്‍ കോണ്‍ഗ്രസുകാരായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി ഭാരവാഹികളോ അംഗങ്ങളോ അല്ലെന്നും കെ മുരളീധരന്‍ എംപി പറഞ്ഞു. അതേ സമയം മുഖ്യസാക്ഷിയെ മാറ്റിയെന്നതടക്കം കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയ മുഴുവന്‍ ആരോപണങ്ങളും പൊലീസ് തളളിക്കളഞ്ഞു.

Related Stories

Anweshanam
www.anweshanam.com