സ്റ്റെറിലൈറ്റ് കോപ്പർ കമ്പനി: വേദാന്ത സുപ്രീം കോടതിയിൽ
Top News

സ്റ്റെറിലൈറ്റ് കോപ്പർ കമ്പനി: വേദാന്ത സുപ്രീം കോടതിയിൽ

കമ്പനിയുടെ പ്രവർനങ്ങൾ പുനഃരാരംഭിക്കുവാൻ അനുമതി തേടിയുള്ള ഹർജി മദ്രാസ് ഹൈക്കോടതി ആഗസ്ത് 18 ന് തള്ളിയിരുന്നു

News Desk

News Desk

ചെന്നൈ: തമിഴ്നാട് തൂത്തുക്കുടി സ്റ്റെറിലൈറ്റ് കോപ്പർ കമ്പനി തുറന്നു പ്രവർത്തിക്കുവാൻ അനുമതി ആവശ്യപ്പെട്ട് വേദാന്ത കമ്പനി സമർപ്പിച്ച അപ്പീൽ ഹർജിയിൽ പ്രതികരണമാരാഞ്ഞ് സുപ്രീംകോടതി തമിഴ്നാട് സർക്കാരിന് നോട്ടീസ് അയച്ചു - എഎൻഐ റിപ്പോർട്ട്.

കമ്പനിയുടെ പ്രവർനങ്ങൾ പുനഃരാരംഭിക്കുവാൻ അനുമതി തേടിയുള്ള ഹർജി മദ്രാസ് ഹൈക്കോടതി ആഗസ്ത് 18 ന് തള്ളിയിരുന്നു. ഇതേതുടർന്നാണ് വേദാന്ത ഗ്രൂപ്പ് അപ്പിലുമായി സുപ്രീം കോടതിയെ സമീപിച്ചത്. വൻകിട ഖനന കമ്പനിയായ വേദാന്തയുടേതാണ് തൂത്തുക്കുടി സ്റ്റെറിലൈറ്റ് കോപ്പർ കമ്പനി.

തമിഴ്നാട് സർക്കാർ ഉത്തരവ് പ്രകാരം 2018 മെയ് 28 മുതൽ കമ്പനി പ്രവർത്തിക്കുന്നില്ല. കമ്പനി രൂക്ഷമായ പരിസര മലിനീകരണം സൃഷ്ടിക്കുന്നുവെന്ന സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ റിപ്പോർട്ടിനെ മദ്രാസ് ഹൈകോടതി ശരിവച്ചു. സാമ്പത്തിക പരിഗണനകളെക്കാൾ പാരിസ്ഥിതി പരിഗണകൾക്കാണ് മുഖ്യമെന്നതിലൂന്നിയാണ് ഹൈക്കോടതി കമ്പനി തുറക്കുവാൻ അനുമതി തേടിയുള്ള വേദാന്തയുടെ ഹർജി തള്ളിയത്.

അറ്റകുറ്റപണികൾക്കായ് കമ്പനി തുറന്നു പ്രവർത്തിയ്ക്കാൻ അനുമതി തേടി കഴിഞ്ഞ ഏപ്രിലിൽ വേദാന്ത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹർജി നിരർത്ഥകമെന്ന് പറഞ്ഞ് നിരസിക്കപ്പെട്ടുവെങ്കിലും വേദാന്തക്ക് മദ്രാസ് ഹൈകോടതിയെ സമീപിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

ദേശീയ ഹരിത ട്രിബ്യൂണൽ കമ്പനി തുറന്നു പ്രവർത്തിയ്ക്കാനുള്ള അനുമതി വേദാന്തക്ക് നൽകിയിരുന്നു. എന്നാൽ അനുമതി നൽകിയുള്ള 2018 ഡിസംബർ 15 ലെ ട്രിബ്യൂണൽ വിധിയെ ഫെബ്രുവരി 18 ന് സുപ്രീം കോടതി അസാധുവാക്കി. തമിഴ്നാട് സർക്കാരിൻ്റെ അടച്ചുപൂട്ടൽ ഉത്തരവിനെ അസാധുവാക്കുവാൻ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്നായിരുന്നു സുപ്രീംകോടതി വിധി.

കമ്പനി സൃഷ്ടിക്കുന്ന പരിസര മലിനീകരണത്തിനെതിരെയുള്ള സമരത്തിൻ്റെ 100ാം ദിവസത്തിൽ - 2018 മെയ് 22 - പോലിസ് സമരക്കാർക്കെതിരെ നടത്തിയ വെടിവെയ്പ്പിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു.

100 ലധികം പേർക്ക് സാരമായി പരിക്കേറ്റു. ഇതേതുടർന്ന് മെയ് 28നാണ് കമ്പനി അടച്ചുപൂട്ടാൻ തമിഴ്നാട് സർക്കാർ ഉത്തരവിടുന്നത്. പോലിസ് വെടിവെയ്പ്പുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.

Anweshanam
www.anweshanam.com