
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസുമായി മുന്നോട്ട് പോകില്ലെന്ന നിലപാട് മാറ്റി പരാതിക്കാരി വസത. ഭൂമി തന്റേതാണെന്ന് തെളിയിക്കുമെന്നും ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഭൂമി വിട്ട് നല്‍കില്ലെന്നും അവര്‍ പറഞ്ഞു.
ഇന്ന് രാവിലെയാണ് രാജന്റെ കുടുംബത്തിനെതിരായ കേസുമായി മുന്നോട്ട് പോകില്ലെന്ന് വസന്ത പ്രതികരിച്ചത്. നിയമപരമായി എല്ലാ രേഖകളും തന്റെ പക്കില്‍ ഉണ്ടെന്നും ഭൂമി 16 കൊല്ലം മുന്‍പ് വാങ്ങിയതാണെന്നും അവര്‍ പറഞ്ഞു.
അതേസമയം, അയല്‍വാസിയായ വസന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാന പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് വസന്തയുടെ കസ്റ്റഡിയെന്നാണ് പൊലീസ് പറയുന്നത്. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി കടകംപളളി സുരേന്ദ്രന് നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി ലോക്നാഥ് ബെഹ്റ. റൂറല്‍ എസ്പിയാണ് സംഭവം അന്വേഷിക്കുക. ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയോ എന്ന കാര്യമാണ് അന്വേഷിക്കുക.
സിവില്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണമല്ല, പകരം ദമ്പതികളുടെ മരണത്തില്‍ പൊലീസിന് വീഴ്ച പറ്റിയോ എന്ന കാര്യമാണ് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ദമ്പതികളോട് മോശമായി പൊലീസ് പെരുമാറിയോ എന്നതടക്കം അന്വേഷണപരിധിയിലുണ്ടാകും.
പൊലീസ് ഒഴിപ്പിക്കാനെത്തിയപ്പോള്‍ ദേഹത്ത് പെട്രോളൊഴിച്ച നെയ്യാറ്റിന്‍കര സ്വദേശി രാജനും ഭാര്യ അമ്പിളിയും ലൈറ്ററെടുത്ത് കയ്യില്‍ പിടിച്ച് കത്തിച്ചപ്പോള്‍ അത് മാറ്റാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു എന്ന് തന്നെയാണ് ഉദ്യോഗസ്ഥതലത്തില്‍ വരുന്ന പ്രതികരണം. നല്ല ഉദ്ദേശത്തോടെ, രാജന്റെ കയ്യില്‍ നിന്ന് ലൈറ്റര്‍ തട്ടിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ തീയാളിപ്പിടിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
എന്നാല്‍ മൂന്ന് സെന്റ് ഭൂമി ഒഴിപ്പിക്കുന്നത് പോലെയുള്ള ഇത്തരം ചെറിയ കേസുകള്‍ സംയമനത്തോടെയും സഹാനുഭൂതിയോടെയും പൊലീസ് കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, പൊലീസും വീട് ഒഴിപ്പിക്കാന്‍ ഹര്‍ജി നല്കിയ അയല്‍ക്കാരും തമ്മില്‍ ഒത്തുകളിച്ചുവെന്നാണ് രാജന്റെ മക്കള്‍ ആരോപിക്കുന്നത്. ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ ഓര്‍ഡര്‍ മണിക്കൂറുകള്‍ക്കകം വരുമെന്നറിഞ്ഞ്, പൊലീസ് ഒഴിപ്പിക്കാന്‍ നോക്കിയെന്ന ഗുരുതരമായ ആരോപണം രാജന്റെ മക്കള്‍ ഉന്നയിക്കുന്നു. ഈ സാഹചര്യത്തില്‍ക്കൂടിയാണ് ഡിജിപി എന്താണ് സംഭവിച്ചതെന്നതില്‍ വിശദമായ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.