ഭീഷണി വര്‍ഷിച്ചു 'നന്മ മരങ്ങള്‍'; സങ്കടക്കടലില്‍ അകപ്പെട്ട് വര്‍ഷ
Top News

ഭീഷണി വര്‍ഷിച്ചു 'നന്മ മരങ്ങള്‍'; സങ്കടക്കടലില്‍ അകപ്പെട്ട് വര്‍ഷ

അമ്മയുടെ ജീവന് വേണ്ടി ചങ്ക് പിടഞ്ഞപ്പോള്‍ ഒരു കൈ തന്നവര്‍ ഇത്ര വലിയ തിന്മ മരങ്ങള്‍ ആവുമെന്ന് വര്‍ഷ നിനച്ചിരുന്നില്ല.

By News Desk

Published on :

കൊച്ചി: അമ്മയുടെ ജീവന് വേണ്ടി ചങ്ക് പിടഞ്ഞപ്പോള്‍ ഒരു കൈ തന്നവര്‍ ഇത്ര വലിയ തിന്മ മരങ്ങള്‍ ആവുമെന്ന് വര്‍ഷ നിനച്ചിരുന്നില്ല. ചികിത്സക്കായി പ്രവഹിച്ച പണത്തിന് പങ്കുപറ്റാന്‍ ഇറങ്ങിയ നന്മ മരങ്ങളുടെ ഭീഷണിക്ക് മുന്നില്‍ പൊതുസമൂഹത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞു ഒരു പെണ്‍കുട്ടി.....

ദിവസങ്ങള്‍ക്ക് മുന്‍പ് അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ പണം ചോദിച്ച വര്‍ഷയെ മലയാളികള്‍ വേണ്ടുവോളം സഹായിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് വര്‍ഷ മലയാളികള്‍ക്ക് മുന്‍പില്‍ വീണ്ടുമെത്തുകയാണ്. കാരണക്കാര്‍ അന്ന് സഹായിക്കാന്‍ ഒപ്പം നിന്ന ' നന്മ ' മരങ്ങള്‍ തന്നെ.. ലഭിച്ച പണത്തിന്റെ കാര്യം പറഞ്ഞാണ് ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നത്. ഫോണില്‍ വിളിച്ച് ഒട്ടേറെ പേര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ജീവനോടെ മടങ്ങിപോകാന്‍ കഴിയുന്ന കാര്യം ഉറപ്പില്ലെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് വര്‍ഷ പറയുന്നു. സമൂഹമാധ്യമങ്ങള്‍ വഴി ചാരിറ്റി നടത്തുന്ന സാജന്‍ കേച്ചേരി എന്ന വ്യക്തിയുടെ പേരെടുത്ത് പറഞ്ഞാണ് വര്‍ഷ ഫെയ്‌സ് ബുക്കില്‍ വീഡിയോ ചെയ്തിരിക്കുന്നത്. ചികില്‍സയ്ക്കായി ലഭിച്ച പണത്തില്‍ നിന്നും അവര്‍ ആവശ്യപ്പെടുന്നവര്‍ക്ക് പണം നല്‍കണം എന്നാണ് നന്മ മരങ്ങളുടെ ആവശ്യം.

അമ്മയുടെ ആദ്യ ചെക്കപ്പ് പോലും കഴിഞ്ഞിട്ടില്ല. അതു കഴിഞ്ഞ് ബാക്കി വരുന്ന പണം ആവശ്യക്കാര്‍ക്ക് നല്‍കാമെന്ന് പറഞ്ഞിട്ടും ഇവര്‍ സമ്മതിക്കുന്നില്ലെന്ന് വര്‍ഷ പറയുന്നു. പണം ഇപ്പോള്‍ നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ച വര്‍ഷയെ കുറിച്ച് സാജന്‍ കേച്ചേരിയും ഫെയ്‌സ്ബുക്കില്‍ വിഡിയോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒരുപാട് പേര്‍ വര്‍ഷയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നത്. ഇതേ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഗോപിക എന്ന കുട്ടിയുടെ ചികില്‍സയ്ക്ക് ആവശ്യമായ പണം, തനിക്ക് ലഭിച്ച പണത്തില്‍ നിന്നും വര്‍ഷ നല്‍കിയിരുന്നു. ആ കുട്ടി ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നെന്നും വര്‍ഷ പറയുന്നു.

Anweshanam
www.anweshanam.com