'മകളെ പുഴയിലേക്ക് തള്ളിയിട്ടു'; കുറ്റസമ്മതം നടത്തി സനുമോഹന്‍

വൈഗയെ കൊന്നത് താനാണെന്ന് കുട്ടിയുടെ പിതാവായ സനു മോഹന്‍ സമ്മതിച്ചു.
'മകളെ പുഴയിലേക്ക് തള്ളിയിട്ടു'; കുറ്റസമ്മതം നടത്തി സനുമോഹന്‍

കൊച്ചി: മുട്ടാര്‍ പുഴയില്‍ പതിമൂന്നുകാരിയായ മകളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറ്റസമ്മതം നടത്തി സനു മോഹന്‍. വൈഗയെ കൊന്നത് താനാണെന്ന് കുട്ടിയുടെ പിതാവായ സനു മോഹന്‍ സമ്മതിച്ചു.

സാമ്പത്തിക ബാധ്യത കാരണം കുട്ടിയുമായി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി എന്നാല്‍ കുട്ടിയെ പുഴയില്‍ എറിഞ്ഞ ശേഷം ആത്മഹത്യ ചെയ്യാന്‍ തനിക്ക് കഴിഞ്ഞില്ല. ഇതോടെ കാറുമെടുത്ത് കടന്നുകളയുകയായിരുന്നുവെന്നും പ്രതി മൊഴിയില്‍ പറയുന്നു. തനിക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന മകളാണ് വൈഗയെന്നും താന്‍ മരിച്ചാല്‍ കുട്ടിയ്ക്ക് ആരും ഉണ്ടാകില്ലെന്ന ചിന്തയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

പ്രതിയെ കൊച്ചി തൃക്കാക്കര സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയേക്കും. അതേസമയം, കഴിഞ്ഞ 21നാണ് ദുരൂഹസാഹചര്യത്തില്‍ സനു മോഹനെയും മകള്‍ വൈഗയേയും കാണാതായത്. പിന്നീട് പതിമൂന്നുകാരിയായ വൈഗയെ മുങ്ങിമരിച്ച നിലയില്‍ മുട്ടാര്‍ പുഴയില്‍ നിന്ന് കണ്ടെത്തി. പക്ഷേ സനു മോഹനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പിന്നീട്, 22ന് വെളുപ്പിന് രണ്ട് മണിക്ക് സനുമോഹന്റെ വാഹനം വാളയാര്‍ അതിര്‍ത്തി കടന്നതായി പൊലീസ് കണ്ടെത്തിയത്. ഇതിനു ശേഷം ഏറ്റവും ഒടുവില്‍ സാനു മോഹനെ മൂകാംബികയില്‍ എത്തിയതായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

മൂകാംബികയില്‍ ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജിലെ ജീവനക്കാര്‍ക്ക് സംശയമുണ്ടായതിനെ തുടര്‍ന്ന് ലോഡ്ജില്‍ നിന്ന് സനുമോഹന്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു. കഴിഞ്ഞ രണ്ട് മാസമായി സനുമോഹന്റെ പെരുമാറ്റത്തില്‍ ചില അസ്വഭാവികതകള്‍ കണ്ടിരുന്നുവെന്നും തന്നോട് കാര്യമായി സംസാരിക്കാറില്ലായിരുന്നുവെന്നും ഭാര്യ മൊഴി നല്‍കിയിരുന്നു. പൂനെയില്‍ ബിസിനസ് നടത്തുകയായിരുന്ന സനുമോഹനെതിരെ നിരവധി സാമ്പത്തിക തട്ടിപ്പുകള്‍ നിലവിലുണ്ട്. പൊലീസ് പിടിയിലാകുമെന്ന് വന്നതോടെ അഞ്ച് കൊല്ലം മുമ്പ് കുടുംബവുമൊത്ത് ഒളിവില്‍ പോയിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com