വൈഗയുടെ കൊലപാതകം: സനു മോഹന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

വൈഗയെ താനാണ് കൊലപ്പെടുത്തിയതെന്ന സനു മോഹന്റെ കുറ്റസമ്മതത്തിന് പിന്നാലെയാണ് നടപടി.
വൈഗയുടെ കൊലപാതകം: സനു മോഹന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

കൊച്ചി: എറണാകുളം മുട്ടാര്‍ പുഴയില്‍ പതിമൂന്ന് വയസുകാരിയായ വൈഗ ദുരൂഹ സാഹചര്യത്തില്‍ മുങ്ങി മരിച്ച സംഭവത്തില്‍ പിതാവ് സനുമോഹന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വൈഗയെ താനാണ് കൊലപ്പെടുത്തിയതെന്ന സനു മോഹന്റെ കുറ്റസമ്മതത്തിന് പിന്നാലെയാണ് നടപടി.

മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ മകളെ മുട്ടാര്‍ പുഴയില്‍ തള്ളിയെങ്കിലും തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നാണ് പ്രതിയുടെ വിശദീകരണം. അതേസമയം, പ്രതിയുടെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നും കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ ആവശ്യമാണെന്നും അന്വേഷണ സംഘം അറിയിച്ചു. തനിക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന മകളാണ് വൈഗയെന്നും താന്‍ മരിച്ചാല്‍ കുട്ടിയ്ക്ക് ആരും ഉണ്ടാകില്ലെന്ന ചിന്തയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും പ്രതിയുടെ മൊഴിയില്‍ പറയുന്നു. കൊച്ചിയിലെ ഫ്‌ളാറ്റിലെത്തി ഒരുമിച്ച് മരിക്കാന്‍ പോവുകയാണെന്ന് മകളോട് പറഞ്ഞു. അമ്മയെ അമ്മയുടെ വീട്ടുകാര്‍ നോക്കിക്കോളുമെന്ന് പറഞ്ഞു. പൊട്ടിക്കരഞ്ഞ് ഫ്‌ലാറ്റില്‍ നിന്ന് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച വൈഗയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതോടെ വൈഗയുടെ മൂക്കില്‍ നിന്ന് രക്തം ഒഴുകാന്‍ തുടങ്ങി.

ഇത് ബെഡ് ഷീറ്റ് ഉപയോഗിച്ച് തുടച്ചു. തുടര്‍ന്ന് മകളെ ബെഡ് ഷീറ്റില്‍ പൊതിഞ്ഞ് കാറില്‍ കിടത്തി. മകളുമായി മുട്ടാര്‍ പുഴയുടെ കല്‍ക്കെട്ടിലെത്തി. വൈഗയെ കൈയിലെടുത്ത് പുഴയിലേക്ക് താഴ്ത്തി. മരിച്ചെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. എന്നാല്‍ ഭയം കാരണം തനിക്ക് ആത്മഹത്യ ചെയ്യാനായില്ല. തുടര്‍ന്ന് ബാംഗ്ലൂരും ഗോവയിലും മൂകാംബികയിലും പോയി. കൈയ്യിലുണ്ടായിരുന്ന പണം പനാജിയില്‍ ചൂതുകളിച്ച് കളഞ്ഞു. ഒളിവില്‍ പോയതല്ല മരിക്കാന്‍ പോയതാണ്. യാത്രക്കിടെ പലതവണ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നടന്നില്ലെന്നും പൊലീസിനോട് സനു മോഹന്‍ പറഞ്ഞു.

അതേസമയം, പ്രതി കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മരിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ബോധ രഹിതയായ വൈഗ മരിച്ചെന്ന് കരുതിയാണ് സനു മോഹന്‍ വെള്ളത്തില്‍ എറിഞ്ഞത്. എന്നാല്‍ അബോധാവസ്ഥയിലായിരുന്ന കുട്ടി വെള്ളത്തില്‍ വീണ ശേഷമാണ് മുങ്ങി മരിച്ചത്. ആന്തരികാവയവങ്ങളില്‍ വെള്ളമെത്തിയത് ഇങ്ങിനെയാവാം. വൈഗയുടെ മരണം മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കേസിലെ ദുരൂഹതകള്‍ നീക്കാന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ രാവിലെ 11ഓടെ മാധ്യമങ്ങളെ കാണും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com